നാടും നഗരവും തെരുവ് നായ്ക്കളുടെ പിടിയില്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരവും സമീപ പഞ്ചായത്തുകളായ അജാനൂര്‍, മടിക്കൈ, പുല്ലുര്‍ പെരിയ എന്നിവയെയും കീഴടക്കി തെരുവ് നായകളുടെ വിളയാട്ടം. കഴിഞ്ഞ ദിവസം രാത്രി ഹോസ്ദുര്‍ഗ് കടപ്പുറത്തെ മല്‍സ്യത്തൊഴിലാളി  സ്ത്രീ ഓട്ടോയില്‍ സഞ്ചരിക്കവെ നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് മരണപ്പെട്ടിരുന്നു. മടിക്കൈ സ്വദേശി ഗോവിന്ദന്‍ നായ കുറുകെ ചാടി ബൈക്കില്‍ നിന്ന് വീണ് കിടപ്പിലാണ്.

ദിനംപ്രതി നായ്ക്കളുടെ അഴിഞ്ഞാട്ടത്തിന് ഇരയാകുന്നവരുടെ എണ്ണം കൂടി വരുന്നു. നഗരത്തിലെ മാധ്യമ പ്രവര്‍ത്തകനായ ബാബു കോട്ടപ്പാറയ്ക്ക് കഴിഞ്ഞ ദിവസം നായയുടെ കടിയേറ്റിരുന്നു. അതി രാവിലെ മദ്രസകളിലും സ്‌കൂളുകളിലും പോകുന്ന വിദ്യാര്‍ഥികള്‍ നായ്ക്കളെ ഭയപ്പെടുകയാണ്.

രാവിലെ പ്രഭാത സവാരിക്കിറങ്ങുന്നവരും നായ്ക്കളുടെ ഭീഷണി വലയത്തില്‍ തന്നെ. പുലര്‍ച്ചെ പത്ര വിതരണം നടത്തുന്നവരും നായക്കൂട്ടങ്ങളുടെ ആക്രമണത്തിനിരയാകുന്നു. കാഞ്ഞങ്ങാട്, അജാനൂര്‍ തീരദേശ മേഖല പൂര്‍ണ്ണമായും നായകളുടെ വിളയാട്ടത്തിലാണ്. വളര്‍ത്തു നായകള്‍ പ്രായമായാല്‍ ഉടമസ്ഥര്‍ ഒഴിവാക്കുന്നത് നായകളുടെ എണ്ണം കൂടാനിടയാക്കുന്നു. 

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍, കോട്ടച്ചേരി ബസ് സ്റ്റാന്റ്, മിനി സിവില്‍ സ്റ്റഷന്‍, മല്‍സ്യ മാര്‍ക്കറ്റ്, പൊലീസ് സ്റ്റേഷന്‍ പരിസരങ്ങള്‍ എന്നിവിടങ്ങളിലും വിദ്യാലയമുറ്റത്തും നായ ശല്യം രൂക്ഷമാണ്. നായ കടിച്ചാല്‍ കുത്തിവെപ്പിന് വലിയ ചെലവ് വേണ്ടി വരുന്നു. പേ വാക്‌സിന് ഒരു ബോട്ടിലിന് രണ്ടായിരം രൂപയാണ് ജില്ലാ ആശുപത്രിയില്‍ ഇടാക്കുന്നത്. ഇപ്രകാരം നായ കടിക്കുന്നവര്‍ക്ക് മൂന്ന് ബോട്ടില്‍ വാക്‌സിനുകള്‍ വരെ കുത്തി വെക്കേണ്ട സാഹചര്യമുണ്ട്. ഇതിന് ആറായിരത്തോളം രൂപ ചെലവ് വരും.

LatestDaily

Read Previous

നീലേശ്വരത്തെ വികസന മുരടിപ്പിന് കാരണം ഭരണ സമിതിയുടെ അനാസ്ഥ

Read Next

കർണ്ണാടക യുവതിയെ ഭർതൃഗൃഹത്തിൽ  കാണാതായി