ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം: നിലവിലുണ്ടായിരുന്ന ബസ് സ്റ്റാന്റ് കാലപ്പഴക്കത്തിന്റെ പേരിൽ പൊളിച്ചു മാറ്റി, പകരം കോഴിക്കൂട് പോലൊരു ബസ് സ്റ്റാന്റ് നിർമ്മിച്ച നീലേശ്വരം നഗരസഭ പുതിയ ബസ് സ്റ്റാന്റ് നിർമ്മാണത്തെക്കുറിച്ച് മിണ്ടുന്നില്ല. രണ്ട് വർഷം മുമ്പാണ് നീലേശ്വരം നഗരസഭാ ബസ് സ്റ്റാന്റ് പൊളിച്ചു മാറ്റപ്പെട്ടത്. ബസ് സ്റ്റാന്റിനകത്ത് കച്ചവടം നടത്തിയിരുന്നവരെയടക്കം വഴിയാധാരമാക്കി തിടുക്കത്തിൽ ബസ് സ്റ്റാന്റ് പൊളിച്ച് മാറ്റിയെങ്കിലും പുതിയ നഗരസഭാ ബസ് സ്റ്റാന്റ് ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്.
മലയോരത്ത് നിന്നുള്ള പ്രവേശന കവാടമാണ് നീലേശ്വരം ടൗൺ. ദിനംപ്രതി നൂറ് കണക്കിനാളുകളാണ് നീലേശ്വരത്തെത്തി വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. നീലേശ്വരം ടൗണിലെത്തുന്ന യാത്രക്കാർക്ക് വേണ്ടി തകരപ്പാട്ട കൊണ്ടുള്ള കോഴിക്കൂട് ബസ് സ്റ്റാന്റൊരുക്കി നഗരസഭാ ഭരണ സമിതി കണ്ണും പൂട്ടിയിരിപ്പാണ്.
പത്ത് കോടി ചെലവിൽ അണ്ടർഗ്രൗണ്ട് സംവിധാനമടക്കമുള്ള ഷോപ്പിംഗ് കോംപ്ലക്സ് കം ബസ് സ്റ്റാന്റ് നിർമ്മിക്കാനാണ് നഗരസഭ പദ്ധതി തയ്യാറാക്കിയിരുന്നത്. ബസ് സ്റ്റാന്റ് നിർമ്മാണത്തിന്റെ ഭാഗമായുള്ള മണ്ണ് പരിശോധന നടന്നിട്ട് കാലമേറെയായെങ്കിലും, പദ്ധതി ഇതുവരെ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
2015-ലെ നഗരസഭാ ഭരണ സമിതി രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച ബസ് സ്റ്റാന്റ് 6 വർഷം കഴിഞ്ഞിട്ടും പൂർത്തിയായിട്ടില്ല. ആവശ്യമായ ഫണ്ടില്ലാത്തതാണ് ബസ് സ്റ്റാന്റ് നിർമ്മാണം വൈകുന്നതിന് കാരണമെന്നാണ് സൂചനയെങ്കിലും കയ്യിൽ കാശില്ലാതെ പഴയ ബസ് സ്റ്റാന്റ് പൊളിച്ചുമാറ്റിയത് എന്തിനെന്ന നീലേശ്വരം നിവാസികളുടെ ചോദ്യത്തിന് നഗരസഭ ഉത്തരം നൽകിയട്ടില്ല.
കെ.പി. ജയരാജൻ അധ്യക്ഷനായിരുന്ന നഗരസഭാ ഭരണസമിതിയുടെ കാലത്താണ് പുതിയ നഗരസഭാ ബസ് സ്റ്റാന്റെന്ന ആശയമുയർന്നത്. അതിന് ശേഷം ടി.വി. ശാന്ത അധ്യക്ഷയായി പുതിയ ഭരണ സമിതി നിലവിൽ വന്നെങ്കിലും യാതൊരു ഫലവുമുണ്ടായില്ല.
സമീപ നഗരസഭകളായ കാഞ്ഞങ്ങാട്, പയ്യന്നൂർ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ നീലേശ്വരം നഗരസഭ അമ്പേ പരാജയമാണെന്നാണ് നഗരസഭാ നിവാസികളുടെ അനുഭവ സാക്ഷ്യം. മുൻ നഗരസഭാധ്യക്ഷൻ കെ.പി. ജയരാജന് ഉദ്ഘാടനങ്ങൾ നടത്താൻ മാത്രമായിരുന്നു താൽപ്പര്യമെന്നും പൊതുജനം പരിഹസിക്കുന്നു. പഞ്ചായത്ത് നിലവാരത്തിൽ നിന്നും നീലേശ്വരം നഗരസഭ ഉയരാത്തതിന് കാരണം അധ്യക്ഷ പദവി അലങ്കരിച്ചവരുടെ കഴിവുകേടാണെന്നാണ് ജനസംസാരം.