മാലിന്യ കൂമ്പാരം ഹോട്ടലിന് പിറകിലേക്ക് തള്ളുന്നു; വ്യാപാരികള്‍ കൊതുകു വലയത്തില്‍

കാഞ്ഞങ്ങാട്:  കോട്ടച്ചേരി നഗരമധ്യത്തിൽ ഹോട്ടലില്‍ നിന്നും സമീപത്തെ ബേക്കറിയില്‍ നിന്നും കെട്ടിടത്തിന് പിറകിലേക്ക് ഭക്ഷ്യാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തള്ളുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കി. നയാ ബസാറിലെ വ്യാപാരികളും ജീവനക്കാരുമാണ് ഇതിന്റെ പ്രയാസങ്ങള്‍ അനുഭവിക്കുന്നത്.

ഹോട്ടല്‍ – ബേക്കറി കെട്ടിടത്തിന് പിറകില്‍ കൂട്ടിയിരിക്കുന്ന മാലിന്യങ്ങളില്‍ നിന്നുള്ള അസഹ്യമായ ദുര്‍ഗന്ധവും രാപ്പകല്‍ ഭേദമില്ലാതെ ഊളിയിട്ട് ജനങ്ങളെ വലയിത്തിലാക്കുന്ന കൊതുകുകള്‍ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും ചെറുതല്ല. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി തൊഴിലാളികള്‍ പണിയെടുക്കുന്ന സ്ഥാപനങ്ങളാണ് നയാ ബസാറിലുള്ളത്.

ഹോട്ടലില്‍ നിന്നും പുറംതള്ളുന്ന മാലിന്യങ്ങള്‍ നിറഞ്ഞു കവിഞ്ഞ് അടുത്തുള്ള നയാബസാറിന്റെ കെട്ടിടത്തിന്റെ മതിലുകള്‍ തുളച്ച് അകത്ത് കയറിയിട്ട് പോലും അധികൃതരുടെ ആരുടെയും ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞിട്ടില്ല. കടയുടമകളും തൊഴിലാളികളും വ്യാപാര സ്ഥാപനങ്ങളിലെത്തുന്ന ഇടപാടുകാരും കൊതുക് ശല്യവും ദുര്‍ഗന്ധവും കാരണം സദാസമയവും മൂക്ക് പൊത്തേണ്ടി വരുന്ന സാഹചര്യമാണുള്ളത്.

ഹോട്ടലുകളില്‍ നിന്നും തള്ളുന്ന മാലിന്യങ്ങള്‍ മറ്റ് കെട്ടിടങ്ങള്‍ക്കടുത്തും പൊതുസ്ഥലത്തും തള്ളുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനെതിരെ നടപടികളെടുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.

ഇതിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും എല്ലാ ദിവസങ്ങളിലും പതിവ് പോലെ ഒന്നുമറിയാത്ത മട്ടില്‍ ഹോട്ടലില്‍ നിന്നും ബേക്കറിയില്‍ നിന്നും മാലിന്യ കൂമ്പാരങ്ങള്‍ കെട്ടിടത്തിന് പിറകിലേക്ക് തള്ളിക്കൊണ്ടേയിരിക്കുന്നു. ഇതിന് പരിഹാരമില്ലേ എന്ന സമീപവാസികളുടെയും വ്യാപാരികളുടെയും ചോദ്യങ്ങള്‍ക്ക് ഉത്തരം കാണാതെ പോകുന്നു.

LatestDaily

Read Previous

അന്താരാഷ്ട്ര ടി20യിൽ സെഞ്ച്വറി നേടുന്ന, ഏറ്റവും പ്രായംകുറഞ്ഞ താരമായി 18കാരന്‍

Read Next

മാണിക്കോത്ത് കവർച്ച