ആർഎസ്എസ് പ്രവർത്തകൻ കുഴഞ്ഞു വീണ് മരിച്ചു

തലശ്ശേരി:  പിണറായി പാനുണ്ടയിൽ ഇന്നലെ വൈകീട്ടുണ്ടായ രാഷ്ട്രീയ സംഘർഷത്തിൽ പരിക്കേറ്റ ആർ.എസ്.എസ്. പ്രവർത്തകനൊപ്പം തലശ്ശേരി മഞ്ഞോടിയിലെ ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ ജ്യേഷ്ഠൻ ഇന്ന് പുലർച്ചെ മൂന്നരയോടെ അത്യാഹിത വിഭാഗത്തിൽ തളർന്ന് വീണ് മരിച്ചു.

പിണറായി പാനുണ്ടയിലെ സജീവ ആർ.എസ്.എസ്. പ്രവർത്തകൻ ചക്യത്ത് മുക്ക് പുതിയ വീട്ടിൽ ജിംനേഷാണ് 32, മരണപ്പെട്ടത്. പുലർച്ചെ രണ്ട് മണിയോടെ ഒന്നാം നിലയിലെ വാർഡിൽ നിന്നും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവ് കൂട്ടുകാർക്കൊപ്പം താഴെ കാഷ്വാലിറ്റിയിൽ എത്തി ദേഹപരിശോധനക്ക് വിധേയമായി.

ഇ.സി.ജി യിൽ വ്യതിയാനം കണ്ടതോടെ ഡോക്ടർ അടിയന്തിര ശസ്ത്രക്രിയ നിർദ്ദേശിച്ചിരുന്നു. ഇതിനായി വീട്ടുകാരെ ബന്ധപ്പെട്ടു വരുന്നതിനിടയിലാണ് അസ്വാസ്ഥ്യം മൂർഛിച്ച് തളർന്ന് മരിച്ചതെന്നാണ് പോലീസിന് ആശുപത്രിയിൽ നിന്നും ലഭിച്ച വിവരം.  ബാലസംഘത്തിന്റെ പിണറായി ഏരിയാ സമ്മേളനം നടക്കുന്ന പാനുണ്ട സ്കൂളിന് സമീപം ഇന്നലെ വൈകീട്ട് സി.പി.എം, ബി.ജെ.പി.പ്രവർത്തകർ തമ്മിൽ കൈയ്യാങ്കളിയുണ്ടായിരുന്നു. സ്കൂൾ കവാടത്തിൽ സി.പി.എം. സ്ഥാപിച്ച കൊടിതോരണങ്ങളും ഗേയ്റ്റും തകർക്കപ്പെട്ടതാണ് പ്രശ്നമുണ്ടാക്കിയത്.

സംഘർഷത്തിൽ പരിക്കേറ്റ രണ്ട് സി.പി.എം. പ്രാദേശിക നേതാക്കൾ തലശ്ശേരി കൊടുവള്ളി വീനസിലെ സഹകരണ ആശുപത്രിയിലും 4 ബി.ജെ.പി. ആർ.എസ്.എസ്. പ്രവർത്തകർ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും ഉണ്ട്. പിണറായി പോലീസെത്തിയാണ് സംഘർഷം ഒഴിവാക്കിയത്.

കുട്ടികളുടെ കലാ സാംസ്കാരിക പരിപാടി നടക്കുന്ന സ്കൂളിൽ സംഘടിച്ചെത്തി കുഴപ്പങ്ങൾ ഉണ്ടാക്കിയ ആർ.എസ്.എസ്. പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.എം. എരുവട്ടി ഈസ്റ്റ് ലോക്കൽ സിക്രട്ടറി കുറ്റ്യൻ രാജൻ പിണറായി പോലീസിൽ നൽകിയ പരാതിയിൽ കേസെടുത്തിട്ടുണ്ട് പാനുണ്ടയിലെ പി.വി.മോഹനൻ, ഒ.പി. അജിത എന്നിവരാണ് ജിംനേഷിന്റെ മാതാപിതാക്കൾ. ജിഷ്ണു, ജിംന സഹോദരങ്ങളാണ്. ആശാരി പണിക്കാരനാണ് ജിംനേഷ്.

LatestDaily

Read Previous

യുവാവിനെ കാണാനില്ല

Read Next

തിരുവള്ളൂരിലെ വിദ്യാര്‍ഥിനിയുടെ മരണം ആത്മഹത്യ; പ്രത്യേകസംഘം അന്വേഷിക്കും