പയ്യന്നൂർ സ്റ്റീൽബോംബ് പ്രതികളെ ഹൊസ്ദുർഗ്ഗ് പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും

ലേറ്റസ്റ്റ് പത്രാധിപരുടെ വീടിന് സ്റ്റീൽബോംബെറിഞ്ഞ കേസുമായി ബന്ധമുണ്ടോയെന്ന് സംശയം

കാഞ്ഞങ്ങാട് : പയ്യന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് സ്റ്റീൽ ബോംബെറിഞ്ഞ കേസ്സിൽ അറസ്റ്റിലായ രണ്ട് പ്രതികളെ ഹൊസ്ദുർഗ്ഗ് പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. വെള്ളൂർ കാറമ്മേൽ ചുണ്ണാമ്പി വീട്ടിൽ കശ്യപ് 23, കരിവെള്ളൂർ പെരളം കൊഴുമ്മൽ പ്രാന്തൻ ചാലിൽ അങ്ങാടി വീട്ടിൽ ഗനിൽ 25, എന്നിവരെയാണ് പയ്യന്നൂരിൽ സ്റ്റീൽ ബോംബെറിഞ്ഞ കേസ്സിൽ പയ്യന്നൂർ പോലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായർ  കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

രണ്ടാം പ്രതി ഗനിൽ കരിവെള്ളൂരിലെ എസ്എഫ്ഐ പ്രവർത്തകനും, മറ്റൊരു പ്രതി വെള്ളൂരിലെ ചുണ്ണാമ്പി കശ്യപ് 23, പയ്യന്നൂരിൽ നിരവധി ക്രിമിനൽ കേസ്സുകളിലും പ്രതിയാണ്. ഇരുവരും സജീവ സിപിഎം പ്രവർത്തകരാണ്. ആർഎസ്എസ് കാര്യാലയത്തിന് സ്റ്റീൽ ബോംബെറിഞ്ഞതിനെത്തുടർന്ന് കെട്ടിടത്തിന്റെ ജാലകത്തിന് ഘടിപ്പിച്ചിട്ടുള്ള കട്ടിയുള്ള ഇരുമ്പ് ഗ്രിൽസുകൾ പാടെ വളഞ്ഞ വളഞ്ഞുപോയിരുന്നു.

തികച്ചും ശാസ്ത്രീയ രീതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ ഇരുവരെയും തിരിച്ചറിഞ്ഞത്. ഒരു വാഹനത്തിലാണ് ബോംബുമായി പ്രതികൾ സംഭവ ദിവസം രാത്രി ആർ.എസ്.എസ് കാര്യാലയത്തിന് മുന്നിലെത്തിയത്. പ്രതികൾ നടന്നുപോയ വഴിയിലുള്ള സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ ചിത്രങ്ങളും പോലീസ് ശേഖരിച്ചിരുന്നു. ടവർ ഡംപിൽ വീണുകിടന്ന ഒരു ലക്ഷത്തോളം സെൽ ഫോൺ നമ്പറുകൾ അന്വേഷണ സംഘം ഇഴ തിരിച്ച് പരിശോധിച്ചിരുന്നു.

ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻ മാണിക്കോത്തും കുടുംബവും താമസിച്ചുവരുന്ന കൊവ്വൽപ്പള്ളി മന്തേത്താവിയിലുള്ള വീടിന് 2021 ആഗസ്റ്റ് 27-ന് രാത്രി 11.20 മണിക്ക് സ്റ്റീൽ ബോംബെറിഞ്ഞ കേസ്സുമായി പയ്യന്നൂർ ബോംബേറ് കേസ്സിന് ബന്ധമുണ്ടോയെന്ന് പരിശോധിക്കാനാണ് പയ്യന്നൂർ കേസ്സിൽ റിമാന്റിലുള്ള പ്രതികളെ ഹൊസ്ദുർഗ്ഗ് പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.

കണ്ണൂർ ജയിലിൽ റിമാന്റിൽ കഴിയുന്ന പ്രതികളായ കശ്യപിനേയും ഗനിലിനേയും കൂടുതൽ ചോദ്യം ചെയ്യുന്നതിന് പയ്യന്നൂർ കോടതി ഇന്ന് പോലീസിന് വിട്ടുകൊടുത്തിട്ടുണ്ട്. കാസർകോട് ഡിസിസി പ്രസിഡണ്ട് പടന്ന എടച്ചാക്കൈയിൽ താമസിക്കുന്ന പി.കെ. ഫൈസലിന്റെ വീടിന് 2 വർഷം മുമ്പ് രാത്രിയിൽ സ്റ്റീൽ ബോംബെറിഞ്ഞിരുന്നു.

LatestDaily

Read Previous

പരിശീലനപറക്കലിനിടെ വിമാനം പാടത്ത് ഇടിച്ചിറങ്ങി

Read Next

യുഡിഎഫ് വിപുലീകരണ മോഹത്തിന് കേരള കോൺഗ്രസിന്റെ ചുവപ്പുകൊടി