എംഡിഎംഏയുമായി നാല് യുവാക്കൾ പിടിയിൽ

കാസർകോട് : വാഹന പരിശോധനയ്ക്കിടെ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച മയക്കുമരുന്ന് സംഘത്തെ കാസർകോട് പോലീസ് പിന്തുടർന്ന് പിടികൂടി. കറന്തക്കാട് ജംഗ്ഷനിൽ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് മയക്കുമരുന്ന് മാഫിയാ സംഘം പോലീസ് വലയിലായത്. കെ.എൽ. 60.ജെ. 4403 നമ്പറിലുള്ള സ്വിഫ്റ്റ് കാറിലെത്തിയ നാലംഗ സംഘമാണ് പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. പോലീസ് കൈ കാണിച്ച് നിർത്താത്ത വാഹനം അമിത വേഗതയിൽ ഒാടിച്ചു  പോയതിനെത്തുടർന്ന് പോലീസ് പിന്തുടരുകയായിരുന്നു.

മധൂർ റോഡ് ജംഗ്ഷനിൽ അതി സാഹസികമായാണ് പോലീസ് കാർ തടഞ്ഞുനിർത്തിയത്. തുടർന്ന് കാറിനുള്ളിൽ നടത്തിയ പരിശോധനയിൽ 5 ഗ്രാം എംഡിഎംഏ ലഹരിമരുന്ന് കണ്ടെത്തി. കാറോടിച്ചിരുന്ന കീഴൂരിലെ സി.എം. മാഹിൻ ഇജാസിന് 20, ഡ്രൈവിംഗ് ലൈസൻസുമുണ്ടായിരുന്നില്ല.

ദേളി അലീമ മൻസിലിലെ അബ്ദുള്ള ഹനീം 21, പാക്യാരയിലെ അബ്ദുൾ ഗഫൂറിന്റെ മകൻ ഷംസീർ അഹമ്മദ് 20, കളനാട്ടെ ബഷീറിന്റെ മകൻ ബി. മുസമ്മിൽ 20, എന്നിവരാണ് കാറിനകത്തുണ്ടായിരുന്നത്. നാല് പേർക്കുമെതിരെ എൻ.ഡി.പി.എസ്. മോട്ടോർ വെഹിക്കിൾ ആക്ട് മുതലായ നിയമങ്ങൾ ചുമത്തി കാസർകോട് പോലീസ് കേസെടുത്തു. മയക്കുമരുന്ന് കടത്താനുപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

LatestDaily

Read Previous

മലഞ്ചരക്ക് വ്യാപാരി മഞ്ജുനാഥപൈ അന്തരിച്ചു

Read Next

ഹോട്ടൽ ജീവനക്കാരൻ കുളത്തിൽ മുങ്ങി മരിച്ചു