2 കോടി ബ്ലേഡ് പണവുമായി അജാനൂർ യുവാവ് മുങ്ങി

കാഞ്ഞങ്ങാട് : വൻ തുക മാസത്തിൽ ബ്ലേഡ് പലിശ വാഗ്ദാനം നൽകി രണ്ടുകോടി രൂപയുമായി അജാനൂർ കടപ്പുറത്തെ കുട്ടാപ്പി എന്ന പ്രതീഷ് 33, നാട്ടിൽ നിന്ന് മുങ്ങി. അജാനൂരിന്റെ തീരപ്രദേശത്ത് താമസിക്കുന്ന  നിരവധി ആളുകളോടാണ് പ്രതീഷ് വൻതുക പലിശ വാഗ്ദാനം നൽകി പണം വാങ്ങി മുങ്ങിയത്. കുട്ടാപ്പിക്ക് പണം നൽകിയവരിൽ മത്സ്യത്തൊഴിലാളി സ്ത്രീകളും  പുരുഷന്മാരും മത്സ്യക്കച്ചവടക്കാരും ഉൾപ്പെടും.

കാഞ്ഞങ്ങാട്ടെ മാരുതി ഡീലറായ ഇൻഡസ് മോട്ടോർ കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവായി സേവനമനുഷ്ഠിച്ചുവരുന്നതിനിടയിലാണ് ജുലായ് 15-ന് വെള്ളിയാഴ്ച പ്രതീഷ് അതിനാടകീയമായി മുങ്ങിയത്. വൻതുക ബ്ലേഡ് പലിശ നൽകാമെന്ന് വാഗ്ദാനം  ചെയ്താണ് പ്രതീഷ് തീരപ്രദേശത്തെ ഇടപാടുകാരെ മൊത്തം കൈയ്യിലെടുത്ത് പണം വാങ്ങി വഞ്ചിച്ചത്.

പ്രതീഷ് മുങ്ങിയ കാര്യം ഉറപ്പാക്കിയതോടെ പണം നഷ്ടപ്പെട്ട വീടുകളിൽ കൂട്ട നിലവിളിയുയർന്നു കഴിഞ്ഞു. പ്രതീഷ് താമസം അജാനൂർ കടപ്പുറത്താണ്. സ്ത്രീകളിൽ നിന്ന് പ്രതീഷ് സ്വർണ്ണാഭരണങ്ങളും ഡിപ്പോസിറ്റായി  സ്വീകരിച്ചിട്ടുണ്ട്. നാലുവർഷം മുമ്പ് ഇതേ രീതിയിൽ തീരദേശത്ത് നിന്ന് ബ്ലേഡ് പലിശ നൽകാമെന്ന് പറഞ്ഞു മോഹിപ്പിച്ച് വാങ്ങിയ 80 ലക്ഷം രൂപയുമായി പ്രതീഷ് ഗൾഫിലേക്ക് കടന്നിരുന്നു.

രണ്ടുവർഷക്കാലത്തിന് ശേഷം ഗൾഫിൽ നിന്ന് നാട്ടിലെത്തിയ പ്രതീഷ് പിന്നീട് മാരുതിക്കാർ കമ്പനിയായ ഇൻഡസിൽ ജോലിക്ക് ചേരുകയായിരുന്നു. പിന്നീടാണ് വീണ്ടും ബ്ലേഡ് പലിശ വാഗ്ദാനത്തിൽ രണ്ടുകോടിയോളം രൂപ പിരിച്ച് ഇപ്പോൾ വീണ്ടും മുങ്ങിയത്. തീരത്ത് താമസിക്കുന്ന രണ്ടുപേർ പ്രതിമാസം ലഭിക്കുന്ന പലിശപ്പണം മോഹിച്ച് പ്രതീഷിന് പത്തുലക്ഷം രൂപ വീതം നൽകിയിട്ടുണ്ട്.

പ്രതീഷ് ഇത്തവണ എങ്ങോട്ട് പോയി എന്ന് ആർക്കും ഒരു പിടിയുമില്ല. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. എക്സിക്യൂട്ടീവ് ലുക്കിലുള്ള വസ്ത്രധാരണത്തിലല്ലാതെ പ്രതീഷിനെ ഒരാളും ഇന്നുവരെ പുറത്തു കണ്ടിട്ടില്ല. ഇൻഡസ് കമ്പനിയിൽ കാർ ബുക്ക് ചെയ്യാൻ ഇടപാടുകാരിൽ നിന്ന് പ്രതീഷ് കൈപ്പറ്റിയ ആറുലക്ഷം രൂപ പണം മുൻകൂർ നൽകിയവർക്ക് തിരിച്ചു കൊടുത്ത ശേഷമാണ് ഇൗ യുവാവ് മുങ്ങിയത്.

Read Previous

ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ ഭിന്നത

Read Next

രാജപുരം സ്വദേശിയുടെ കൊലപാതകം: മോഷ്ടാക്കൾ അറസ്റ്റില്‍