ബസ് യാത്രയ്ക്കിടെ അധ്യാപികയുടെ സ്വർണ്ണമാല കാണാതായി

ചെറുവത്തൂർ: ബസ് യാത്രയ്ക്കിടെ അധ്യാപികയുടെ സ്വർണ്ണമാല കാണാതായി. ഇന്നലെ വൈകുന്നേരം 4.30 ന് നീലേശ്വരത്ത് നിന്നും പയ്യന്നൂർ ഭാഗത്തേയ്ക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത അധ്യാപികയുടെ അഞ്ചരപ്പവൻ തൂക്കമുള്ള സ്വർണ്ണമാലയാണ് യാത്രയ്ക്കിടെ കാണാതായത്. നീലേശ്വരം ബങ്കളം കക്കാട്ട് ഗവൺമെൻ് ഹയർസെക്കന്ററി സ്ക്കൂൾ അധ്യാപികയും കാലിക്കടവ് മുന്തിക്കോട്ടെ ചന്ദ്രന്റെ ഭാര്യയുമായ കെ. രതിയുടെ സ്വർണ്ണമാലയാണ് ബസിലെ തിരക്കിനിടയിൽ നഷ്ടപ്പെട്ടത്. ഇന്നലെ വൈകുന്നേരം നീലേശ്വരം ബസ് സ്റ്റാന്റിൽ നിന്നാണ് രതി പയ്യന്നൂരേക്കുള്ള കെഎസ്ആർടിസി ലിമിറ്റഡ് സ്റ്റോപ്പ് ബസിൽ കയറിയത്.

കാലിക്കടവിൽ ബസിറങ്ങേണ്ട സ്ത്രീ ചെറുവത്തൂരിലെത്തിയപ്പോഴാണ് കഴുത്തിലെ സ്വർണ്ണമാല കാണാതായ വിവരമറിഞ്ഞത്. ഇതേ തുടർന്ന് അധ്യാപിക ചന്തേര പോലീസിൽ പരാതി നൽകുകയായിരുന്നു. പയ്യന്നൂർ കെഎസ്ആർടിസി ഡിപ്പോ അധികൃതരെ വിവരമറിയിച്ചിരുന്നെങ്കിലും ബസിനകത്ത് നിന്നും സ്വർണ്ണമാല കിട്ടിയില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ബസിലെ തിരക്കിനിടയിൽ സ്വർണ്ണമാല ആരെങ്കിലും  അപഹരിച്ചതാണോയെന്നും സംശയമുണ്ട്. അധ്യാപികയുടെ പരാതിയിൽ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Read Previous

വൈകിയെത്തിയത്  ചോദ്യം ചെയ്ത ഭാര്യക്ക് ഭർത്താവിന്റെ മർദ്ദനം

Read Next

വെസ്റ്റ് ഇൻഡീസ് താരം ലെൻഡൽ സിമ്മൻസ് വിരമിച്ചു