അധ്യക്ഷയുടെ പിഎ പരിഗണനയിൽ എം. രാഘവൻ 

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്  നഗരസഭ അധ്യക്ഷയുടെ പേഴ്സണൽ അസിസ്റ്റന്റായി സിപിഎം ഏരിയാ കമ്മിറ്റിയംഗം എം. രാഘവനെ നിയമിക്കാൻ പാർട്ടിതലത്തിൽ ആലോചന. കേരളത്തിൽ 86- ൽ 85 നഗരസഭകളിലും അധ്യക്ഷനും അധ്യക്ഷയ്ക്കും മുകളിൽ നഗരഭരണത്തിലുള്ള നിയന്ത്രണത്തിന് സർക്കാർ ഉത്തരവനുസരിച്ച് പി. എമാരെ നിയമിച്ചുകഴിഞ്ഞപ്പോൾ, കാഞ്ഞങ്ങാട് നഗരസഭയിൽ മാത്രം ഒന്നര വർഷമായി പേഴ്സണൽ അസിസ്റ്റൻഡിനെ നിയമിക്കാൻ കാഞ്ഞങ്ങാട്ടെ സിപിഎം ഏരിയാ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.

പാർട്ടി നേതൃത്വം നഗര ഭരണത്തിൽ പിഏയെ നിയമിച്ചാൽ പിഎ ആയിരിക്കും പിന്നീട് നഗരഭരണകാര്യങ്ങൾ മുന്നോട്ടു നയിക്കുക. അഴിമതിക്ക് തടയിടാനും ജനങ്ങൾക്ക് മുന്നിൽ സുതാര്യമായ ഭരണം കാഴ്ച വെക്കാനും നിയമിക്കപ്പെടുന്ന പിഎയ്ക്ക് കഴിയും. ഇതുവഴി പാർട്ടി താൽപ്പര്യ സംരക്ഷണവും നേരാം വിധം മുന്നോട്ടുകൊണ്ടുപോകാനും കഴിയുമെന്ന കണക്ക് കൂട്ടൽ പാർട്ടിക്കുണ്ട്.

അഴിമതിക്കാരുടെ നോമിനികളായി ആരെയും പേഴ്സണൽ അസിസ്റ്റൻഡായി നിയമിക്കരുതെന്ന ആവശ്യം പാർട്ടി അണികൾ ഉയർത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മുൻ നഗരസഭ കൗൺസിലർ മെഹമൂദ് മുറിയനാവിയെ കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷയുടെ പിഎ ആയി നിയമിക്കാനിടയില്ല. മെഹമൂദിനെ പി. എ ആയി നിയമിക്കണമെന്ന് ചിലപ്പോൾ ഇടതുമുന്നണി കൺവീനർ ഇ. പി. ജയരാജൻ വിളിച്ചു പറയാനിടവന്നില്ലെങ്കിൽ,  പാർട്ടി ജില്ലാകമ്മിറ്റിയംഗം അപ്പുക്കുട്ടൻ വക്കീലിന്റെ ക്ലാർക്ക് കുറുന്തൂരിലെ വി. സുകുമാരനെ നഗരസഭ അധ്യക്ഷയുടെ പിഎ ആയി നിയമിച്ചേക്കും.

വി. സുകുമാരൻ പിഎ ആകുന്നതിനോടും പാർട്ടിയിലെ ഒരു വിഭാഗം എതിർപ്പ് ഉയർത്തിയിട്ടുണ്ട്. മെഹമൂദ് പിഎ ആയാൽ നഗരഭരണം മുൻ ചെയർമാൻ വി. വി.രമേശന്റെ കൈയ്യിലും വി. സുകുമാരൻ പിഎ ആയാൽ നഗരഭരണം പി. അപ്പുക്കുട്ടന്റെ കൈകളിലും എത്തിച്ചേരുമെന്ന ആശങ്കയും പാർട്ടിയിൽ ഉയർന്നുവന്നിട്ടുണ്ട്.

ആനിലയ്ക്ക് അധ്യക്ഷയുെട പിഎ പദവിയിൽ എം. രാഘവനെ നിയമിക്കണമെന്ന ആവശ്യം രാഘവനെ അനുകൂലിക്കുന്ന പാർട്ടി വിഭാഗവും ഉന്നയിച്ചിട്ടുണ്ട്. പാർട്ടി സിക്രട്ടറി ആയിരുന്നപ്പോഴും, ആഭ്യന്തര മന്ത്രി ആയിരുന്നപ്പോഴും കോടിയേരി ബാലകൃഷ്ണന്റെ പിഎയും മന്ത്രി കെ.ടി. ജലീലിന്റെ തദ്ദേശ സ്വയം ഭരണവകുപ്പിൽ അഞ്ചുവർഷക്കാലം പിഎയുമായ എം. രാഘവൻ നഗരസഭ അധ്യക്ഷയുടെ പിഎ ആകാൻ താൽപ്പര്യപ്പെടില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

LatestDaily

Read Previous

കല്ല്യോട്ടെ കോൺഗ്രസ് പ്രവർത്തകരുടെ തമ്മിലടി ഒതുക്കി

Read Next

കാഞ്ഞങ്ങാട്ട് കെട്ടിട നിയമം കടലാസിൽ അനധികൃത നിർമ്മാണം തകൃതിയിൽ