അനധികൃത ഹോട്ടൽ; വിജിലൻസിന് പരാതി

കാഞ്ഞങ്ങാട്: നഗരസഭാ കാര്യാലയത്തിന് ഒരു വിളിപ്പാടകലെ ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ ചുറ്റുമതിലിനോട് ചേർന്നു കിടക്കുന്ന സ്നേഹ തീരം കുടുംബശ്രീയുടെ അധികൃത ഹോട്ടലിന് എതിരെ വിജിലൻസിന് പരാതി. കാഞ്ഞങ്ങാട്ടെ പൊതുപ്രവർത്തകനാണ് പരാതി അയച്ചത്. 2019 മുതൽ നഗരസഭ അനുമതിയില്ലാതെ ഈ ഹോട്ടൽ പുതിയകോട്ടയിൽ പ്രവർത്തിക്കുന്നുണ്ട്.

മിനി സിവിൽ സ്റ്റേഷനിലേയും, കോടതി ജീവനക്കാരും, പോലീസുകാരും ഉച്ചഭക്ഷണത്തിന് ആശ്രയിക്കുന്ന ഈ അനധികൃത ഹോട്ടലിന് എതിരെ  പത്രവാർത്തകൾ പുറത്തു വന്നിട്ടും സിപിഎം നഗരഭരണ കർത്താക്കൾ ഹോട്ടലിന് എതിരെ യാതൊരു നടപടിയും നാളിതുവരെ സ്വീകരിച്ചിട്ടില്ല. 2019-ൽ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം  ചെയ്ത ഹോട്ടൽ 3 വർഷക്കാലം  പട്ടണ മധ്യത്തിൽ  അനധികൃതമായി നടത്താൻ അനുവദിച്ചത് നഗരസഭയുടെ  തികഞ്ഞ അനാസ്ഥയും സ്വജന താൽപ്പര്യവുമാണ്.

അനധികൃത ഹോട്ടൽ ഉദ്ഘാടനം ചെയ്ത് പ്രവർത്തിച്ച ആദ്യ രണ്ടു വർഷം നഗരസഭ ചെയർമാൻ വി.വി. രമേശനായിരുന്നു. പിന്നീട് ഒന്നര വർഷമായി നഗരസഭ അധ്യക്ഷ കെ. വി. സുജാതയാണ്. സുജാത ഭരണത്തിലും അനധികൃത ഹോട്ടൽ വിഷയം ആരുമറിയാതെ മൂടിവെക്കുകയായിരുന്നു. ഇനി ഈ ഹോട്ടലിന് പുതിയ അനുമതി പത്രം നൽകാൻ നഗരസഭ ആരോഗ്യ വിഭാഗത്തിന് കഴിയില്ല. കാരണം, മൂന്ന് വർഷക്കാലം അനുമതിയില്ലാതെ  പ്രവർത്തിച്ച ഹോട്ടലിന് പിഴ ചുമത്തിയാൽ തന്നെ അതു വലിയൊരു തുക വരും.

ഹോട്ടലിനെക്കുറിച്ച്  വിജിലൻസിന്  പരാതി ലഭിച്ച സാഹചര്യത്തിൽ ഇനി ധൃതിപ്പെട്ട് നഗരസഭ ആരോഗ്യവിഭാഗം ഈ സ്നേഹ തീരം ഹോട്ടലിന്  അനുമതി നൽകിയാൽ അതും,  തെളിവായിത്തീരും. ഇക്കാര്യം നഗരസഭ ആരോഗ്യ വിഭാഗം രേഖകളിൽ വന്നാൽ അതു തന്നെ വിജിലൻസിന് നഗരസഭ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനുള്ള തുറുപ്പു ചീട്ടായി മാറുകയും ചെയ്യും. 2019-ൽ ഈ ഹോട്ടൽ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം  ചെയ്തതിനുള്ള തെളിവുകളുണ്ട്. അതിനാൽ ഹോട്ടൽ പ്രവർത്തിച്ച 3 വർഷക്കാലം  ഒഴിവാക്കി പുതിയൊരു അനുമതി പത്രം ഹോട്ടലിന് നൽകാൻ നഗരസഭയ്ക്ക് കഴിയില്ല. അങ്ങനെ പുതുലൈസൻസ് അനുവദിച്ചാൽ, അതും നഗരസഭയ്ക്ക് കുരുക്കാവും.

LatestDaily

Read Previous

മേൽപ്പറമ്പിൽ കാണാതായ പെൺകുട്ടി പയ്യന്നൂരിൽ  

Read Next

പത്താംതരം വിദ്യാർത്ഥി ഉറക്കത്തിൽ മരിച്ചു