ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പാർലമെന്ററി മര്യാദകൾക്ക് നിരക്കുന്നതല്ലെന്ന ന്യായത്തിൽ ഇന്ത്യൻ പാർലിമെന്റിൽ നൂറ്റമ്പതോളം വാക്കുകൾക്ക് നിരോധനമേർപ്പെടുത്തിയ സംഭവം അടിയന്തിരാവസ്ഥക്കാലത്ത് നടപ്പാക്കിയ സെൻസർഷിപ്പിന് സമാനമാണെന്ന് പറയാതെ വയ്യ. ലോക്സഭാ സിക്രട്ടറിയേറ്റാണ് വാക്കുകൾക്ക് വിലങ്ങിടുന്ന വിചിത്ര ഉത്തരവുമായി രംഗത്തെത്തിയത്. ലോക്സഭാ സിക്രട്ടറിയേറ്റിന്റെ കൈപ്പുസ്തകത്തിലാണ് ലോക്സഭയിലും രാജ്യസഭയിലും സഭ്യമല്ലാത്ത പദങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.
പാർലിമെന്റിന്റെ ഇരുസഭകളിലുമാണ് വാക്കുകൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തിൽ വരുന്നത്. പാർലിമെന്റിന്റെ വർഷകാല സമ്മേളനം തുടങ്ങാനിരിക്കെയാണ് പാർലിമെന്റംഗങ്ങളും രാജ്യസഭാംഗങ്ങളും എന്ത് സംസാരിക്കണമെന്ന് ലോക്സഭാ സിക്രട്ടറിയേറ്റ് തിട്ടൂരമിറക്കിയത്. വാക്കുകൾക്ക് നിരോധനമില്ലെന്നും രേഖകളിലുണ്ടാകില്ലെന്നുമാണ് ലോക്സഭാ സിക്രട്ടറിയേറ്റിന്റെ വിചിത്ര വാദം.
അഴിമതിയെന്ന വാക്ക് പാർലിമെന്ററി മര്യാദകൾക്ക് നിരക്കാത്തതാണെന്നാണ് പാർലിമെന്റ് സിക്രട്ടറിയേറ്റ് ഗോസായിമാരുെട പുത്തൻ കണ്ടുപിടുത്തം. അഴിമതിയെക്കുറിച്ച് പാർലിമെന്റിനകത്ത് മിണ്ടരുതെന്ന് വാറോല പുറത്തിറക്കിയ ലോക്സഭാ സിക്രട്ടറിയേറ്റ് രാജ്യത്ത് അഴിമതി നടന്നാൽ മിണ്ടാതെ വാ പൂട്ടിയിരിക്കണമെന്നാണ് ജനപ്രതിനിധികളോടാവശ്യപ്പെടുന്നത്. ഇത്തരം വിലക്കുകൾ ജനാധിപത്യത്തിന് ഭൂഷണമല്ല തന്നെ. അഴിമതിയെക്കുറിച്ച് പാർലിമെന്റിൽ വാ തുറന്നാൽത്തന്നെ അത് രേഖകളിലുണ്ടാകുകയുമില്ലെന്ന് ലോക്സഭാ സിക്രട്ടറിയേറ്റ് വിശദീകരിച്ച് കഴിഞ്ഞു.
അഴിമതിക്ക് കുഴലൂത്ത് നടത്താനാണ് പുതിയ ഉത്തരവിലൂടെ ലോക്സഭാ സിക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നത്. രാജ്യത്ത് അഴിമതി നിലനിൽക്കുന്ന സാഹചര്യത്തിൽ അതിനെക്കുറിച്ച് മിണ്ടരുതെന്ന് ഉത്തരവിടുന്നത് തീർത്തും അസംബന്ധമാണ്. ജനപ്രതിനിധി സഭകളിലെ അംഗങ്ങൾ നടത്തുന്ന പ്രസംഗങ്ങളിൽ അഴിമതിയെന്ന വാക്ക് അശ്ലീലമായിത്തോന്നുന്നുവെങ്കിൽ രാജ്യത്തെ അഴിമതിയില്ലാതാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
കാപട്യം, വഞ്ചന, തെറ്റിദ്ധരിപ്പിക്കൽ തുടങ്ങി അനേകം വാക്കുകളാണ് പാർലിമെന്ററി മര്യാദയ്ക്ക് നിരക്കാത്തതായി കണ്ടെത്തിയ പുതിയ വാക്കുകൾ. അഴിമതി, കാപട്യം, വഞ്ചന, ഏകാധിപത്യം എന്നിവയെക്കുറിച്ച് മിണ്ടരുതെന്നാജ്ഞാപിക്കുന്ന ഭരണകൂടം പ്രതിഷേധങ്ങളുടെ മുനയൊടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് തിരിച്ചറിയാൻ സാമാന്യബുദ്ധി മാത്രം മതിയാകും. ചില വാക്കുകൾ ഭരണകൂടത്തെ എത്രമാത്രം അസഹിഷ്ണുക്കളാക്കുന്നുവെന്നതിന്റെ ദൃഷ്ടാന്തമാണ് പുതിയ വിലക്ക്.
പ്രതിഷേധ സൂചകങ്ങളായ വാക്കുകൾ പോലും ഭരണകൂടത്തെ എത്രമാത്രം അസ്വസ്ഥരാക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് ലോക്സഭാംഗങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണം. ഒന്നും കാണുകയും കേൾക്കുകയും പ്രതികരിക്കുകയും ചെയ്യാത്ത യന്ത്രങ്ങളാകാനാണ് ഭരണയന്ത്രം ജനപ്രതിനിധികളോടാവശ്യപ്പെടുന്നത്. പത്രങ്ങൾക്ക് സെൻസർഷിപ്പേർപ്പെടുത്തുകയും അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്ത അടിയന്തിരാവസ്ഥയുടെ പ്രച്ഛന്നവേഷം തന്നെയാണ് ലോക്സഭാ സിക്രട്ടറിയേറ്റിന്റെ വിലക്കെന്നതിൽ യാതൊരു സംശയവുമില്ല.
പ്രതിഷേധ ശബ്ദങ്ങളുടെ വായ മൂടിക്കെട്ടാനുള്ള ഏത് ശ്രമങ്ങളും ചെറുക്കപ്പെടേണ്ടത് തന്നെയാണ്. ഭരണഘടനയിൽ എഴുതിച്ചേർക്കപ്പെട്ട അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാൻ ഭരണഘടനാ സ്ഥാപനമായ പാർലിമെന്റിലെ ഉദ്യോഗസ്ഥർ തന്നെ ശ്രമിക്കുന്നുവെന്നത് ലജ്ജാകരമാണ്. ഭരണകൂടം ആരെയാണ് ഭയക്കുന്നതെന്നെതെങ്കിലും വെളിപ്പെടുത്തണം.