യുവാക്കളിൽ തീവ്രവാദ ജ്വരമുണ്ടാക്കിയത് തലശ്ശേരിയിലെ ബിരിയാണി ഹംസ 

രവി പാലയാട്

തലശ്ശേരി: അഭ്യസ്തവിദ്യരും തൊഴിൽ രഹിതരും’ തീവ്രമത ചിന്തക്കാരുമായ യുവാക്കളെ രാജ്യാന്തര ഭീകര സംഘടനയായ ഐ.എസിലേക്ക് ആനയിക്കാനുള്ള പാലമായി വർത്തിച്ചതിൽ മുഖ്യൻ ഒരു തലശ്ശേരിക്കാരനായതിന്റെ ഞെട്ടലിലാണിപ്പോഴും നാട്ടുകാർ   5 വർഷം മുൻപാണ് ചിറക്കര സീതി സാഹിബ് റോഡിലെ യു.കെ.ഹംസ അറസ്റ്റിലായത്.

ഐബി, റോ, എസ്.ഐ.ടി, എൻ.ഐ.എ. തുടങ്ങിയ ദേശിയ ഭീകരവിരുദ്ധ സേനാoഗങ്ങൾ വേഷവും രൂപവും മാറ്റി തലശ്ശേരി തെരുവുകളിലൂടെ പിറകെ നടന്ന് നിരന്തര നിരീക്ഷണം നടത്തിയാണ് മുഴപ്പിലങ്ങാട്ടുകാരനായ യു.കെ.ഹംസയെ നിയമത്തിന്റെ കൈകളിലേൽപ്പിച്ചത്.  ഇക്കാര്യത്തിൽ അന്ന് കണ്ണൂർ ഡി.വൈ.എസ്.പി.യായിരുന്ന പി.പി.സദാനന്ദന്റെ കുറ്റാന്വേഷണ പാടവം ഒട്ടൊന്നുമല്ല തുണച്ചത്.

കുഴിമന്തി, മട്ടൻ മജ്ബൂസ്, ചിക്കൻ ഗുസി,മസ്ലി, ഹരിസ്, കബ്സഅഫ്ഗാനി, ലാഹോർ ബിരിയാണി, ലഹം മസ്സങ്ക , നാഷ് ലഹം, ബഷ്മൽ മക് റോണി, ഖുബ്ബൂസ്, തുടങ്ങി മണലാരണ്യത്തിലെ കൊതിയൂറുന്ന രുചി വിഭവങ്ങൾ മലബാറുകാരുടെ നാവിൻതുമ്പിൽ എത്തിച്ച മാന്ത്രിക പാചകക്കാരനായാണ് ബിരിയാണി ഹംസയെന്നും താലിബാൻ ഹംസയെന്നും തലശ്ശേരിയിൽ ഇരട്ടപ്പേരുള്ള ചിറക്കര കുഴിപ്പങ്ങാട്ടെ തൗഫീഖിൽ താമസിച്ചിരുന്ന യു.കെ.ഹംസ 62 അറിയപ്പെട്ടിരുന്നത്.

അറേബ്യൻ ഭക്ഷണപ്രിയരായ യുവാക്കളുടെ മനസിൽ കുടിയേറിയ ഹംസ പതിയെ അവരുടെ മസ്തിഷ്കത്തിൽ തീവ്രവാദ ജ്വരം നിറക്കുകയായിരുന്നു. നിശ്ശബ്ദവും അതിരഹസ്യവുമായിരുന്നു ഇടപാടുകൾ   ഐ.എസിന്റെ ബുദ്ധികേന്ദ്രമാണിയാളെന്ന് 5 വർഷം മുമ്പെ ഹംസയെ അറസ്റ്റ് ചെയ്യുമ്പോൾ ഇന്നത്തെ കണ്ണൂർ എ.സി.പി. പി.പി.സദാനന്ദൻ തിരിച്ചറിഞ്ഞിരുന്നു. ബഹ്റൈനിലെ മുഹറയിൽ ഒരു കാറ്ററിംഗ് സ്ഥാപനത്തിൽ 20 വർഷത്തോളം പാചകക്കാരനായിരുന്നു ഇയാൾ നല്ല മതപാണ്ഡിത്യം.

അറബി, ഉറുദു, ഭാഷകളിൽ അവഗാഹം: ബഹ്റൈനിലെ ഒരു മത തീവ്രവാദ ഗ്രൂപ്പിന്റെ അമീറായി നിയമിതനായ പശ്ചാത്തലമുണ്ട്. ബംഗ്ലാദേശ്, യൂറോപ്പ്, അറബ് രാഷ്ട്രങ്ങളും സന്ദർശിച്ചിട്ടുണ്ട്   നിലവിൽ ശിക്ഷിക്കപ്പെട്ടവരെയും മാപ്പുസാക്ഷികളായവരെയും ഭീകര സംഘടനയുമായി ബന്ധപ്പെടുത്തിയത് രാജ്യാന്തര തീവ്രവാദികളുമായി ബന്ധമുള്ള ഹംസയാണെന്നതിന് പോലീസിന്റെ കൈയ്യിൽ തെളിവുണ്ട്.

15 ഓളം പേരെ ഹംസ സിറിയയിലേക്ക് അയച്ചിട്ടുണ്ട്. ഇതിൽ പലരും കൊല്ലപ്പെട്ടു. ഹംസയുടെ ചൂണ്ടയിൽ കുരുങ്ങി കുടുംബസമേതം സിറിയൻ തീരത്തേക്ക് പറക്കാനുള്ള ശ്രമത്തിൽ ബംഗളൂരു വിമാനത്താവളം വരെ എത്തിയ മറ്റൊരു തലശ്ശേരിക്കാരനുമുണ്ടായിരുന്നു. തലശ്ശേരി ജില്ലാ കോടതിക്കടുത്ത സൈനാസിൽ മനാഫ് റഹ്മാൻ. 2017 ഒക്ടോബറിൽ അറസ്റ്റിലായ മനാഫ് അപകടം തിരിച്ചറിഞ്ഞ് പിന്നീട് മാപ്പുസാക്ഷിയായി.  തലശ്ശേരിയിൽ ക്രോക്കറി വ്യാപാരിയായിരുന്ന മനാഫും ഹംസയും അടുത്ത സുഹൃത്തുക്കളായിരുന്നു.

Read Previous

യൂട്യൂബ് ചാനൽ ഉടമയ്ക്കെതിരെ അപകീർത്തി കേസ്

Read Next

കാഞ്ഞങ്ങാട്ട് ക്ഷേത്രങ്ങളിൽ കള്ളൻ കയറി