മാവുങ്കാലിൽ വെള്ളക്കെട്ട്

മാവുങ്കാൽ : ദേശീയപാത വികസനത്തിലെ അശാസ്ത്രീയത മൂലം മാവുങ്കാൽ ടൗണിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. മഞ്ഞംപൊതിക്കുന്ന് മുതൽ ഒഴുകി വരുന്ന വെള്ളം മാവുങ്കാൽ പെട്രോൾ പമ്പിന് പിറകു വശത്തുകൂടി വന്ന് ദേശീയ പാതയുടെ കിഴക്ക് വശത്തുകൂടിയുള്ള ചാലിലൂടെ ഒഴുകി മുസ്ലീം പള്ളിക്ക് സമീപത്തുകൂടി കാട്ടുകുളങ്ങരയിലൂടെ വിഷ്ണുമംഗലം തോട്ടിൽപതിക്കുകയാണ് ചെയ്തിരുന്നത്. എന്നാൽ ദേശീയ പാത വികസിപ്പിക്കുന്നതിന്റെ ഭാഗമായി വെള്ളം  ഒഴുകുന്ന ചാലുകൾ  മണ്ണിട്ട് നികത്തിയിരിക്കയാണ്. മഴ ആരംഭിച്ചതോടെ അതിശക്തമായ നീരൊഴുക്കിൽ ഡോ. വി. സുകുമാരന്റെ മതിലുകൾ തകരുകയും അദ്ദേഹത്തിന്റെ വീട്ടിലും പറമ്പിലും വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു.

ദേശീയ പാതയിലും സമീപത്തെ റോഡുകളിലും വെള്ളം കെട്ടിക്കിടക്കുന്നത് കാരണം കാൽനടയാത്രക്കാരും സ്കൂൾ കുട്ടികളും ഏറെ പ്രയാസമനുഭവിക്കയാണ്. ദേശീയ പാത അധികൃതരേയും ജില്ലാ കലക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരേയും പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തിയിരുന്നുവെങ്കിലും ശാശ്വതമായ ഒരു പരിഹാരം ഇന്നും ഉണ്ടായിട്ടില്ല.

രാം നഗർ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ പാർലമെന്റംഗം രാജ്മോഹൻ ഉണ്ണിത്താനെ സ്ഥിതിഗതികൾ ബോധ്യപ്പെടുത്തി. പ്രശ്നപരിഹാരത്തിന് ഇടപെടാമെന്ന് എം.പി. ഉറപ്പ് നൽകുകയും ദേശീയ പാത അധികൃതരെ ബന്ധപ്പെടുകയും ചെയ്തു. ഉണ്ണിത്താൻ ഇന്ന് രാവിലെ സ്ഥലം സന്ദർശിച്ചു.

റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ സുകുമാരൻ നായർ, പ്രഭാകരൻ കരിച്ചേരി, ശിവശങ്കരൻ നായർ , പി.വി.ശ്രീധരൻ രാജൻ മീങ്ങോത്ത്, മാധവൻ നമ്പ്യാർ, ഡോ. വി. സുകുമാരൻ ,പഞ്ചായത്ത് മെമ്പർമാരായ സിന്ധു ബാബു, ശ്രീദേവി എന്നിവർ എം.പി.യെ വിവരങ്ങൾ ബോധ്യപ്പെടുത്തി. ഉമേശൻ കാട്ടുകുളങ്ങര, ദിനേശൻ മൂലക്കണ്ടം, വിമല കുഞ്ഞികൃഷ്ണൻ , സുരേശൻ, എന്നിവർ ഒപ്പമുണ്ടായിരുന്നു.

LatestDaily

Read Previous

നീറ്റ് യുജി പരീക്ഷ 17ന് നടത്തും; വിദ്യാർത്ഥികളുടെ ഹർജി തള്ളി ദില്ലി ഹൈക്കോടതി

Read Next

ബഫര്‍ സോണ്‍; കേരളം സുപ്രീം കോടതിയിലേക്ക്