ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മഞ്ചേശ്വരം : ഉദുമ സ്വദേശിനിയായ യുവതിക്കെതിരെ മഞ്ചേശ്വരത്ത് സദാചാര ഗുണ്ടാ ആക്രമണം. സഹപ്രവർത്തകനോടൊപ്പം നടന്നുപോവുകയായിരുന്ന ഉദുമസ്വദേശിനിയായ 29 കാരിക്കാണ് മഞ്ചേശ്വരം ഗോവിന്ദപൈ കോളേജ് ജംഗ്ഷനിൽ സദാചാര ഗുണ്ടാ ആക്രമണം നേരിടേണ്ടി വന്നത്, ഇന്നലെ വൈകുന്നേരം 5 മണിക്കാണ് യുവതിയെയും സഹപ്രവർത്തകനെയും ബൈക്കിലെത്തിയ മൂന്നംഗ സംഘം തടഞ്ഞു നിർത്തി ആക്രമിച്ചത്. ഈ നാട്ടിൽ ആണും പെണ്ണും ഒന്നിച്ച് നടക്കരുതെന്ന് ആക്രോശിച്ചാണ് കെ.എൽ.14.ടി.1649 നമ്പർ ബൈക്കിലെത്തിയ മൂന്നംഗസംഘം യുവതിക്ക് നേരെ ചാടി വീണത്.
ഫോട്ടോയെടുക്കാനുള്ള ശ്രമത്തെ യുവതി ചെറുത്തപ്പോൾ ആക്രമിസംഘം യുവതിയുടെ കയ്യിൽ കയറിപ്പിടിക്കുകയും ചെയ്തു. തടയാൻ ചെന്ന സഹപ്രവർത്തകനെയും മൂന്നംഗസംഘം മർദ്ദിച്ചു. ഉദുമ തെക്കേക്കര സ്വദേശിനിയായ യുവതിയുടെ പരാതിയിൽ 3 പേർക്കെതിരെ മഞ്ചേശ്വരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഐപിസി 354 സ്ത്രീകളെ അപമാനിക്കൽ മുതലായ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്.
മഞ്ചേശ്വരം യൂണിവേഴ്സിറ്റി ക്യാമ്പസ് ജീവനക്കാരിയായ യുവതിയെയും സഹപ്രവർത്തകനെയുമാണ് സദാചാര ഗുണ്ടകൾ ആക്രമിച്ചത്. സംഭവത്തോടനുബന്ധിച്ച് പ്രദേശവാസികളായ വിജിത്ത് 29, മുസ്തഫ 41, എന്നിവരെ മഞ്ചേശ്വരം എസ്.ഐ.ടോണി.ജെ.മറ്റം അറസ്റ്റ് ചെയ്തു. മൂന്നംഗ സംഘത്തിലെ ഒരാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.