സ്ത്രീകൾ സഞ്ചരിച്ച കാറിന് കല്ലെറിഞ്ഞവർ പോലീസിൽ ഹാജരായി കുറ്റം സമ്മതിച്ചു

കാഞ്ഞങ്ങാട്  : ദേശീയപാതയിൽ മൂന്ന് സ്ത്രീകൾ രാത്രിയിൽ സഞ്ചരിച്ച ആൾട്ടോ കാറിന് കാഞ്ഞങ്ങാട് സൗത്തിൽ കല്ലെറിഞ്ഞ സംഭവത്തിൽ സ്ഥലവാസികളായ മൂന്നുപേർ ഇന്നലെ ഹൊസ്ദുർഗ്ഗ് പോലീസിൽ ഹാജരായി . കാഞ്ഞങ്ങാട് സൗത്തിലെ ദേവൻ, പ്രശാന്ത്, മനേഷ് എന്നിവരാണ് പോലീസ് വിളിപ്പിച്ചതനുസരിച്ച് സ്റ്റേഷനിൽ ഹാജരായത്.

ഉദുമ മൈലാട്ടി സ്പിന്നിംഗ് മില്ലിലേക്ക് രാത്രികാല സേവനത്തിന് പോവുകയായിരുന്ന നീലേശ്വരം സ്വദേശിനികളായ മൂന്ന് സ്ത്രീകൾ സഞ്ചരിച്ച കാറിനാണ് കാഞ്ഞങ്ങാട് സൗത്ത് പള്ളിക്കണ്ടം ആയുർവ്വേദ ആശുപത്രിക്ക് മുന്നിൽ  ജൂലായ് 10 ന്  രാത്രി എട്ടര മണിയോടെ കല്ലെറിഞ്ഞത്.

കല്ലേറിൽ തകർന്ന കാറിന്റെ ചില്ല് മാറ്റിക്കൊടുക്കാൻ കല്ലെറിഞ്ഞ മൂവരും സമ്മതിച്ചതിനെ തുടർന്ന് ഇവരുടെ പേരിൽ കേസ് നടപടികൾ ഒഴിവാക്കണമെന്ന് കാർ യാത്രക്കാരായ സ്ത്രീകൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ്  പരാതി ഒത്തുതീർത്തത്. കാഞ്ഞങ്ങാട് സൗത്തിൽ സന്ധ്യ കഴിഞ്ഞാൽ മദ്യലഹരിയിൽ റോഡിലിറങ്ങി ലോറിക്കാരെയും, സ്വകാര്യ വാഹനത്തിൽ സഞ്ചരിക്കുന്നവരെയും വാഹനം റോഡരികിൽ നിർത്തിയിട്ട് ഫോണിൽ സംസാരിക്കുന്നവരെയും ഭീഷണിപ്പെടുത്തുന്ന സംഘത്തെക്കുറിച്ച് വ്യാപകമായ പരാതി ഉയർത്തിയിട്ടുണ്ട്.

Read Previous

പയ്യന്നൂർ ബോംബേറ്‌ :  സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്ത്‌

Read Next

സ്റ്റീരിയോ മോഷണം; പോലീസ് ഡ്രൈവറെ ക്യാമ്പിലേക്ക് മടക്കി