നഗരസഭാ മുറ്റത്ത് അനധികൃത ജനകീയ ഹോട്ടൽ

കുടുംബശ്രീ ഹോട്ടൽ നടത്തുന്നത് മുൻ നഗരസഭ ചെയർമാൻ വി.വി.രമേശന്റെ പത്നി

കാഞ്ഞങ്ങാട് : നഗരസഭയുടെ യാതൊരു അനുമതിയും ലൈസൻസുമില്ലാതെ നഗരസഭാ കാര്യാലയത്തിന് മുന്നിൽ കുടുംബശ്രീയുടെ പേരിൽ അനധികൃത ഹോട്ടൽ. സ്നേഹതീരം കുടുംബശ്രീയുടെ ഹോട്ടലാണെന്ന വ്യാജേന ആർഡിഒ ഓഫീസിന് തൊട്ടുമുന്നിൽ കഴിഞ്ഞ 3 വർഷക്കാലമായി പ്രവർത്തിക്കുന്ന ഹോട്ടലിന്റെ നടത്തിപ്പു ചുമതല അന്നും ഇന്നും മുൻ ചെയർമാന്റെ ഭാര്യ അനിതയ്ക്കാണ്.

ആദ്യമാദ്യം ഈ ഹോട്ടലിലേക്ക് ഭക്ഷണമെത്തിച്ചിരുന്നത് രമേശന്റെ കാഞ്ഞങ്ങാട് സൗത്തിൽ നിന്നുള്ള വീട്ടിൽ നിന്നാണ്. വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം ഹോട്ടലിൽ വിതരണം ചെയ്ത സംഭവത്തിൽ പരാതി ഉയർന്നതിനാൽ പിന്നീട് ഹോട്ടൽ കെട്ടിടത്തിന്റെ പിറകിൽ ഷെഡ് കെട്ടി അവിടെ നിന്നു തന്നെ ചോറും കറിയും ഉണ്ടാക്കിത്തുടങ്ങി. സർക്കാർ ഉദ്യോഗസ്ഥരും, അത്യാവശ്യം കോടതി ജീവനക്കാരും, പോലീസുകാരും ആദ്യമൊക്കെ ഈ കുടുംബശ്രീ ഹോട്ടലിൽ ഉച്ചഭക്ഷണത്തിന് തള്ളിക്കയറിയെങ്കിലും, ഭക്ഷണത്തിന് രുചി നഷ്ടപ്പെട്ടതോടെ നഗരസഭ ജീവനക്കാർ പോലും സ്നേഹതീരം ഹോട്ടലിനെ കയ്യൊഴിഞ്ഞു.

കുടുംബശ്രീ ഹോട്ടലിന്റെ മറവിൽ സ്വന്തം പേരിൽ സ്വന്തം ഭാര്യയുടെ മേൽനോട്ടത്തിൽ നടത്തുന്ന ഹോട്ടലിന് നഗരസഭയിൽ യാതൊരു രേഖകളുമില്ല. കുടുംബശ്രീ ഹോട്ടലിന് ലൈസൻസ് സമ്പാദിക്കണമെന്ന് കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യവിഭാഗം മൂന്നുവർഷം കഴിഞ്ഞിട്ടും രമേശന്റെ ഭാര്യയോട് ആവശ്യപ്പെട്ടതുമില്ല. നിലവിൽ വി. വി. രമേശൻ നഗരസഭ കൗൺസിലറാണ്. സ്വന്തം ഭാര്യയെ അധികാരപ്പെടുത്തി അനധികൃത ഹോട്ടൽ നടത്തുന്നത് രമേശൻ ചെയ്ത സത്യപ്രതിജ്ഞയ്ക്ക് തീർത്തും വിരുദ്ധമാണ്.

കാഞ്ഞങ്ങാട് സൗത്തിൽ പ്രവർത്തിക്കുന്ന സ്നേഹതീരം കുടുംബശ്രീ അംഗങ്ങളായ നാരായണി, ബാലാമണി എന്നിവരും ഈ അനധികൃത ഹോട്ടലിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. നഗരസഭയുടെ അനുമതിയില്ലാതെ നഗരത്തിൽ ഏതുതരത്തിലുള്ള  സ്ഥാപനം പ്രവർത്തിച്ചാലും പ്രത്യേകിച്ച് ഭക്ഷ്യ സുരക്ഷ കർശനമാക്കിയിട്ടുള്ള പിണറായി സർക്കാർ ഭരണത്തിൽ ഇത്തരം സ്ഥാപനങ്ങൾ അടച്ച് പൂട്ടി സീൽ പതിക്കേണ്ട ചുമതല നഗരസഭയ്ക്കാണ്. സിപിഎമ്മിലെ കെ.വി. സുജാത അദ്ധ്യക്ഷയായ കാഞ്ഞങ്ങാട് നഗരഭരണാധികാരികൾ വി.വി. രമേശനെയും ഭാര്യ അനിതയേയും  തൊടാൻ ധൈര്യപ്പെടുമോ എന്ന് കണ്ടു തന്നെ അറിയണം.

LatestDaily

Read Previous

ജഴ്സിയൂരിയുള്ള ഗാംഗുലിയുടെ വിജയാഘോഷത്തിന് 20 വയസ്സ്

Read Next

പുഴയിൽ ചാടിയ യുവാവിനെ കണ്ടെത്തിയില്ല