ദമ്പതികളെ പോലീസ് കൈയ്യേറ്റം ചെയ്തുവെന്ന സംഭവത്തിൽ വഴിത്തിരിവ്: എസ്.ഐ യ്ക്കും പോലീസുകാരനും പരിക്കേറ്റതായി മെഡിക്കൽ റിപ്പോർട്ട്

തലശ്ശേരി : രാത്രി വൈകി കടൽ കാണാനെത്തിയ ദമ്പതികളെ പോലീസ് കൈയ്യേറ്റം ചെയ്തുവെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവത്തിൽ കുറ്റാരോപിതനായി വകുപ്പ് തല അന്വേഷണം നേരിടുന്ന എസ്.ഐ.യ്ക്കും  പോലീസുദ്യോഗസ്ഥനും ദമ്പതികളിൽ നിന്ന് മർദ്ദനമേറ്റതായുള്ള മെഡിക്കൽ റിപ്പോർട്ടുകൾ പുറത്ത് വന്നു. നാണക്കേടോർത്ത് നാളിത് വരെ ഇക്കാര്യം പോലീസ് വെളിപ്പെടുത്തിയിരുന്നില്ല.

കൈ കൊണ്ടും ഹെൽമറ്റ് കൊണ്ടുമാണ് ദമ്പതികൾ ആക്രമിച്ചത് – ഇ തേ തുടർന്ന് എസ് ഐക്ക് വലത് കവിളിനും ഇടതു കൈയ്യിലും ചതവുണ്ട്” ”വലത് കവിളിൽ മൂക്കിനടുത്തായി മൂന്നിടത്ത് നഖം കൊണ്ടുള്ള മുറിവുണ്ട്. സി.പി.ഒ. പ്രജീഷിനും പരിക്കേറ്റിട്ടുണ്ട്. ഇതിനിടെ പ്രതികളിൽ റിമാന്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന പ്രത്യുഷിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് ഉച്ച കഴിഞ്ഞ് വിധി ഉണ്ടാവും.

കടൽപ്പാലത്തിനു സമീപം  ദമ്പതികൾക്കു നേരെ പോലീസ് അതിക്രമമുണ്ടായെന്ന പരാതിയിൽ തലശ്ശേരി അസി.പോലീസ് കമ്മീഷണർ ടി.കെ. വിഷ്ണുപ്രദീപ് യുവതിയുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി. വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴി രേഖപ്പെടുത്തിയത്. സംഭവമന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തലശ്ശേരി എ.സി.പിക്കും സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പിക്കും, സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളങ്കോ നിർദ്ദേശം നൽകിയിരുന്നു.

അടുത്ത ദിവസം റിപ്പോർട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറും. ദമ്പതികളായ മേഘ, പ്രത്യുഷ് എന്നിവരാണ് കടൽപ്പാലം കാണാനെത്തിയത്.സംഭവം സംബന്ധിച്ച് മേഘയാണ് സിററി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. പ്രത്യുഷിന്റെ മുറിവ് പരിക്ക് സംബന്ധിച്ച സർട്ടിഫിക്കറ്റ് ജനറൽ ആസ്പത്രിയിൽ നിന്ന് തിങ്കളാഴ്ച ലഭിച്ചു.കൈ, കാൽ, ചുമൽ എന്നിവിടങ്ങളിൽ ഉരഞ്ഞതിന്റെ പാടുണ്ട്.മുഖത്ത് പോറലുള്ളതായി സർട്ടിഫിക്കറ്റിൽ പറയുന്നു. .

Read Previous

ടെക്നീഷ്യൻമാരുടെ ശമ്പളം ഉയർത്തുമെന്ന് അറിയിച്ച് ഇൻഡിഗോ

Read Next

ജെയിംസ് ബോണ്ട് തീം മ്യൂസിക്ക് സൃഷ്ടാവ് മോണ്ടി നോർമൻ അന്തരിച്ചു