ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : സ്ത്രീകൾ സഞ്ചരിച്ച ആൾട്ടോ കാറിന് കാഞ്ഞങ്ങാട് സൗത്തിൽ മദ്യപ സംഘം കല്ലെറിഞ്ഞു. 10 ന് ഞായറാഴ്ച രാത്രി 8 മണിക്ക് കാഞ്ഞങ്ങാട് സൗത്തിൽ പള്ളിക്കണ്ടം ആയുർവ്വേദ ആശുപത്രിക്ക് മുന്നിൽ ദേശീയപാതയിലാണ് കല്ലേറുണ്ടായത്. മൈലാട്ടി സ്പിന്നിംഗ് മില്ലിൽ രാത്രി ഷിഫ്റ്റിൽ ജോലിക്ക് പോകുകയായിരുന്ന നീലേശ്വരം സ്വദേശിനികളായ മൂന്ന് സ്ത്രീകൾ സഞ്ചരിച്ച കാറിന് മുന്നിൽ ഓർക്കാപ്പുറത്ത് റോഡിൽ ഒരു ഹെൽമെറ്റ് പ്രത്യക്ഷപ്പെടുകയും, ഹെൽമെറ്റിൽ തട്ടാതിരിക്കാൻ കാറോടിച്ച സ്ത്രീ വണ്ടി പെട്ടെന്ന് തിരിക്കുകയും ചവിട്ടി നിർത്തുകയും ചെയ്തപ്പോൾ, പിന്നിൽ വരികയായിരുന്ന ഒരു ഇരുചക്രവാഹനം കാറിന് പിന്നിലിടിക്കുകയുമായിരുന്നു.
സ്ത്രീകളും ഇരുചക്രയാത്രക്കാരനും സംഭവം പരസ്പരം സംസാരിച്ചുകൊണ്ടിരിക്കെയാണ് റോഡിന് പടിഞ്ഞാറു ഭാഗത്ത് മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്നംഗ സംഘത്തിൽ നിന്ന് കാറിന് ശക്തമായ കല്ലേറുണ്ടായത്. കല്ലേറിൽ കാറിന്റെ ചില്ല് തകർന്നു. നാട്ടുകാർ സ്ത്രീകളെ കല്ലേറിൽ നിന്ന് സംരക്ഷിച്ച ശേഷം പോകാൻ നിർദ്ദേശിച്ചു. തിങ്കളാഴ്ച രാവിലെ ജോലി കഴിഞ്ഞ് നീലേശ്വരത്തേക്ക് തിരിച്ചുപോവുകയായിരുന്ന മൂന്ന് സ്ത്രീകളും കല്ലേറുണ്ടായ സ്ഥലത്തെത്തി കല്ലെറിഞ്ഞവരെക്കുറിച്ച് അന്വേഷിച്ചു മനസ്സിലാക്കിയ ശേഷം പോലീസിൽ പരാതി നൽകി.
കല്ലെറിഞ്ഞ മൂന്നുപേരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെയും പരാതിക്കാരായ സ്ത്രീകളെയും ഇന്ന് സ്റ്റേഷനിൽ വിളിപ്പിച്ചിട്ടുണ്ട്. കാറിന് കല്ലെറിഞ്ഞവർ പള്ളിക്കണ്ടം ആശുപത്രി പരിസരത്ത് രാത്രിയിൽ പതിവായി മദ്യപാനത്തിലേർപ്പെടുന്ന സംഘമാണെന്ന് നാട്ടുകാർ വെളിപ്പെടുത്തി. ഇവരുടെ പേര് വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.