കാഞ്ഞങ്ങാട് : സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക നൽകി കേരള ലോട്ടറി ടിക്കറ്റ് വില 500 രൂപയായി വർധിപ്പിക്കാനുള്ള ലോട്ടറി വകുപ്പ് നീക്കത്തിനെതിരെ ഏജന്റുമാരിൽ നിന്ന് എതിർപ്പുയർന്നു. 25 കോടി രൂപ തിരുവോണം ബംബർ സമ്മാനത്തുക നിശ്ചയിച്ച് ഒരു ടിക്കറ്റിന് 500 രൂപയാക്കാനാണ് നീക്കം. ഇതു സംബന്ധിച്ചുള്ള പ്രാഥമിക ചർച്ചയിലാണ് എതിർപ്പുയർന്നത്. ലോട്ടറി തൊഴിലാളികളും ഏജന്റുമാരുമാണ് ആശങ്കയറിയിച്ച് രംഗത്തെത്തിയിട്ടുള്ളത്.
ഇതേ തുടർന്ന് ടിക്കറ്റിന്റെ അച്ചടി ആരംഭിക്കാനുള്ള നടപടികൾക്ക് ഇതേവരെ സർക്കാർ അനുമതി നൽകിയിട്ടില്ല. കഴിഞ്ഞ മൂന്ന് വർഷമായി ടിക്കറ്റ് നിരക്ക് ഒന്നിന് 300 രൂപയും ഒന്നാം സമ്മാനം പന്ത്രണ്ട് കോടി രൂപയുമാണ്. ടിക്കറ്റ് വില വർധിപ്പിച്ചാൽ അത് തങ്ങളുടെ വയറ്റത്തടിക്കലായിരിക്കുമെന്നാണ് ലോട്ടറിത്തൊഴിലാളികളുടെ ആശങ്ക.