പ്രതിയുടെ കാറിൽ നിന്ന് സ്റ്റീരിയോ മോഷ്ടിച്ച പോലീസ് ഡ്രൈവർക്കെതിരെ റിപ്പോർട്ട്

കാഞ്ഞങ്ങാട്: പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച മയക്കുമരുന്ന് പ്രതിയുടെ കാറിൽ നിന്ന് കവർച്ച ചെയ്ത വില പിടിപ്പുള്ള സ്റ്റീരിയോ സെറ്റ് പോലീസ് സ്റ്റേഷൻ ഡ്രൈവറുടെ സ്വന്തം ആൾട്ടോ കാറിൽ കണ്ടെത്തിയ സംഭവത്തിൽ ഹോസ്ദുർഗ് പോലീസ്  പ്രാധമിക റിപ്പോർട്ട് തയ്യാറാക്കി. റിപ്പോർട്ട് ഇന്നോ നാളെയോ പോലീസ് മേലധികാരിക്ക് കൈമാറും. എംഡിഎംഏ, മയക്കുമരുന്ന് കേസ്സിൽ  ഹോസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്ത കല്ലൂരാവി സ്വദേശി അർഷാദിന്റെ 36, ക്വാളിസ് കാർ 6 മാസക്കാലം ഹോസ്ദുർഗ് പോലീസിന്റെ  കസ്റ്റഡിയിൽ പോലീസ് സ്റ്റേഷൻ വളപ്പിൽ  സൂക്ഷിച്ചിരുന്നു.

പ്രതി അർഷാദ് കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങിയ ശേഷം നാളുകൾ കഴിഞ്ഞാണ് ഈ കേസ്സിൽ കസ്റ്റഡിയിലുണ്ടായിരുന്ന ക്വാളിസ് വണ്ടി കോടതി പ്രതിക്ക് വിട്ടു നൽകിയത്. ഈ വണ്ടി പോലീസിൽ നിന്ന് അർഷാദ് ഏറ്റുവാങ്ങുമ്പോൾ, കാറിനകത്ത് നേരത്തെ ഘടിപ്പിച്ചിരുന്ന വില പിടിപ്പുള്ള സ്റ്റീരിയോ സെറ്റും സ്പീക്കറുകളും അഴിച്ചെടുത്തതായി കണ്ടെത്തിയതിനാൽ  , സംഭവം അർഷാദ് അപ്പോൾ തന്നെ സ്റ്റേഷൻ അധികാരിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു.

ഇപ്പോൾ മാസങ്ങൾ കഴിഞ്ഞാണ് അർഷാദിന്റെ ക്വാളിസിൽ നിന്ന് നഷ്ടപ്പെട്ട സ്റ്റീരിയോ സെറ്റും സ്പീക്കറും ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ ഡ്രൈവർ ചെറുവത്തൂർ സ്വദേശി പ്രശാന്തിന്റെ (സിപിഒ 3391) ആൾട്ടോ കാർ കെ. എൽ 25 ഇ 3182 വണ്ടിയിൽ യാദൃശ്ചികമായി മാണിക്കോതേത് വർക്ക്ഷോപ്പിൽ കണ്ടെത്തിയത്. സംഭവത്തിൽ ലേറ്റസ്റ്റ് പുറത്തുവിട്ട വാർത്തയുടെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം സംഭവം അന്വേഷിച്ച് റിപ്പേർട്ട് സമർപ്പിക്കാൻ പോലീസ് മേധാവി കാഞ്ഞങ്ങാട് ഡിവൈഎസ്പിയോട്  നിർദ്ദേശിച്ചിരുന്നു. ഈ പ്രാധമിക റിപ്പോർട്ടാണ് ഇപ്പോൾ തയ്യാറായിട്ടുള്ളത്.

സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചതും,  കേസ്സിലുൾപ്പെട്ടതുമായ ക്വാളിസ് വാഹനത്തിൽ നിന്ന് സ്റ്റീരിയോ കളവുപോയതിന് ഉത്തരവാദി സ്റ്റേഷൻ ഡ്രൈവർ തന്നെ ആയിരിക്കാനാണ്  സാധ്യതയെന്നാണ് പുറത്തുവരാനിരിക്കുന്ന രഹസ്യറിപ്പോർട്ട്. തൽസമയം തന്റെ സ്വന്തം ആൾട്ടോ കാറിൽ ഘടിപ്പിച്ചിട്ടുള്ള സ്റ്റീരിയോ  സെറ്റ് താൻ ക്വാളിസ് കാറിൽ നിന്ന് മോഷ്ടിച്ചതല്ലെന്ന് പോലീസ് ഡ്രൈവർ പ്രശാന്ത് പുറത്തു പറയുന്നുണ്ടെങ്കിലും, ഈ സ്റ്റീരിയോ സ്വന്തം കാറിലേക്ക് വാങ്ങിയ ബില്ലോ മറ്റു രേഖകളോ ഒന്നും പ്രശാന്തിന്റെ കൈയ്യിലില്ല.

റിപ്പോർട്ട് നാളെ ജില്ലാ പോലീസ് മേധാവിയുടെ  മേശപ്പുറത്ത്  ലഭിച്ചാൽ പോലീസ് വളപ്പിൽ സൂക്ഷിച്ച വാഹനത്തിൽ നിന്ന് സ്റ്റീരിയോ സെറ്റ് കവർന്ന സംഭവത്തിൽ ചുരുളുകൾ നിവർന്നു വരുമെന്ന് കരുതുന്നു. സ്റ്റീരിയോ കവർച്ചയിൽ ആരോപിതനായ പോലീസ് ഡ്രൈവർ ഇടതു അനുഭാവ പോലീസ് സംഘടനയിൽപ്പെട്ട ആളാണ്.

അതു കൊണ്ടുതന്നെ യുഡിഎഫിനെ അനുകൂലിക്കുന്ന പോലീസ് സംഘടനയിൽപ്പെട്ട പോലീസുകാരിൽ നിന്ന് സംഭവത്തിൽ കടുത്ത പ്രതിഷേധമുയർന്നു. പോലീസ് സേനയ്ക്ക് തന്നെ നാണക്കേടു വരുത്തിയ സ്റ്റീരിയോ കവർച്ചയിൽ, കവർച്ചയ്ക്ക് സ്വമേധയാ കേസ്സ് രജിസ്റ്റർ ചെയ്യാൻ ഹോസ്ദുർഗ് പോലീസിലെ അധികാരികൾ മുന്നോട്ടുവരണമെന്നാണ് എതിർവിഭാഗം പോലീസ് സംഘടനാ ഭാരവാഹികൾ ഉയർത്തിയിട്ടുള്ള ആവശ്യം.

Read Previous

മുഖ്യമന്ത്രിക്കു മറുപടിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ

Read Next

സ്ത്രീകൾ സഞ്ചരിച്ച കാറിന് രാത്രിയിൽ കല്ലേറ് കല്ലെറിഞ്ഞ കാഞ്ഞങ്ങാട്  സൗത്ത് സ്വദേശികളെ തിരിച്ചറിഞ്ഞു