ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : ഇത് കുമാരൻ വെളിച്ചപ്പാടൻ. അജാനൂർ കിഴക്കുങ്കര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനത്തെ കാളപ്പുലിയൻ തെയ്യത്തിന്റെ വെളിച്ചപ്പാടാണ്. നാടകം അന്നും ഇന്നും വെളിച്ചപ്പാടിന് ഹരമാണ്. ഷർട്ട് ഒഴിവാക്കി മേൽമുണ്ട് ധരിച്ച്, നെഞ്ചത്തും , നെറ്റിയിലും ചന്ദനക്കുറി വരച്ചാണ് വെളിച്ചപ്പാടൻ നാടകം കാണാനെത്തുക. കിഴക്കുങ്കര ചൈതന്യ ഓഡിറ്റോറിയത്തിൽ നടന്നുവരുന്ന സംഗീത നാടക അക്കാദമിയുടെ ഏകാംഗ നാടക മേളയുടെ ഉദ്ഘാടന ദിവസമായ ഇന്നലെ കുമാരൻ വെളിച്ചപ്പാടൻ വേദിയിൽ മുൻനിരയിൽ തന്നെയുണ്ടായിരുന്നു.
ആദ്യ കോവിഡ് കാലത്തിന് തൊട്ടുമുമ്പ് നാടക അക്കാദമി ചൈതന്യയിൽ നടത്തിയ പത്തുദിവസത്തെ നാടകോത്സവത്തിൽ ആദ്യാവസാനം കുമാരൻ വെളിച്ചപ്പാടൻ സദസ്സിന്റെ മുൻനിരയിലുണ്ടായിരുന്നു. വെളിച്ചപ്പാടനും കുടുംബവും താമസം പുള്ളിക്കരിങ്കാളിയമ്മ ക്ഷേത്രത്തിന്റെ വടക്കുഭാഗത്താണ്. പരിസരങ്ങളിൽ എവിടെ നാടകമുണ്ടായാലും നേരത്തെ എത്തി മുൻനിരയിൽ സീറ്റുറപ്പിക്കും.
വെളിച്ചപ്പാടിന് നാടകം പിന്നിലിരുന്ന് കാണുന്നത് ഇഷ്ടമല്ല. എന്താണ് നാടകത്തോട് ഇത്രയധികം മമത എന്ന് ചോദിച്ചപ്പോൾ, നാടകത്തിൽ ജീവനുള്ള കഥാപാത്രങ്ങൾ നേരിട്ട് കാഴ്ചക്കാരന് മുന്നിൽ പ്രത്യക്ഷപ്പെടുകയാണെന്ന് വെളിച്ചപ്പാടൻ പറഞ്ഞു. ചോദ്യം : സിനിമ കാണാറുണ്ടോ? ഉത്തരം: ഇല്ല – സിനിമ അത്രയ്ക്ക് ഇഷ്ടമല്ലെങ്കിലും ആദ്യകാലത്ത് ശ്രദ്ധേയ സിനിമകളെല്ലാം കണ്ടിട്ടുണ്ടെന്ന് അറുപത്തിയഞ്ചുകാരനായ കുമാരൻ വെളിച്ചപ്പാടൻ പറഞ്ഞു.
വെളിച്ചപ്പാടൻ ആദ്യകാല നാടക സംവിധായകരായ പരേതനായ അതിയാമ്പൂര് വി.കുഞ്ഞികൃഷ്ണൻ, ശാന്തി കലാമന്ദിരം വി.കമ്മാരൻ, ടി.കെ.സുധാകരൻ വക്കീൽ എന്നിവരുടെ നാടകങ്ങളിൽ അണിയറ പ്രവർത്തകനായിരുന്നു. ഭാര്യ കെ.ടി.ശാന്ത വേലാശ്വരം സ്വദേശിനി. മക്കൾ സന്ധ്യ, സജിത് കുമാർ (പ്രവാസി), സരിത.