ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: മാരക മയക്കുമരുന്ന് എംഡിഎംഏയുമായി അറസ്റ്റിലായ പ്രതിയുടെ ക്വാളിസ് കാറിൽ നിന്ന് കവർച്ച ചെയ്യപ്പെട്ട വില പിടിപ്പുള്ള സ്റ്റീരിയോ സെറ്റ് ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ വണ്ടിയുടെ ഡ്രൈവർ പ്രശാന്തിന്റെ കാറിൽ ഘടിപ്പിച്ചതായി കണ്ടെത്തി. ഞാണിക്കടവ് സ്വദേശി അർഷാദിനെ ആറു മാസങ്ങൾക്ക് മുമ്പ് മയക്കു മരുന്നുമായി കാറിൽ നിന്ന് പോലീസ് പിടികൂടിയിരുന്നു.
അർഷാദ് ബംഗളൂരിൽ നിന്ന് മയക്കുമരുന്നുമായി കാഞ്ഞങ്ങാട്ടേക്കുള്ള യാത്രയിലാണ് ക്വാളിസ് കാറിൽ നിന്ന് അർഷാദിനെ പോലീസ് പിടികൂടിയത്. അർഷാദ് സഞ്ചരിച്ചിരുന്ന കെ.എൽ 13 ജി – 5499 നമ്പർ ക്വാളിസ് കാർ അഞ്ചു മാസത്തോളം ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ വളപ്പിൽ കിടന്നിരുന്നു.
മയക്കു മരുന്നിന്റെ തൂക്കം നന്നേ കുറവായിരുന്നതിനാൽ അർഷാദിന് ഹൊസ്ദുർഗ് കോടതി ജാമ്യം നൽകിയ ശേഷം പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ക്വാളിസ് വണ്ടിയും വിട്ടുകൊടുത്തപ്പോഴാണ്, ഈ വണ്ടിയിൽ ഘടിപ്പിച്ചിരുന്ന വില പിടിപ്പുള്ള സ്റ്റീരിയോ സെറ്റും സ്പീക്കറുകളും അഴിച്ചെടുത്തതായി കണ്ടെത്തിയത്.
അർഷാദ് ഈ സംഭവം അന്നു തന്നെ ഹൊസ്ദുർഗ് പോലീസ് അധികാരിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെങ്കിലും, സ്റ്റേഷനിൽ സൂക്ഷിച്ച ക്വാളിസ് വണ്ടിയിൽ നിന്ന് സ്റ്റീരിയോ കവർന്ന സംഭവത്തിൽ പോലീസ് കേസ്സെടുക്കാതെ മൗനം പാലിച്ച് സംഭവം പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ട് അർഷാദിനെ തിരിച്ചയക്കുകയായിരുന്നു. മയക്കുമരുന്ന് കേസ്സിൽ പ്രതിയായി റിമാൻഡ് തടവിൽക്കഴിഞ്ഞ അർഷാദ് പോലീസിന്റെ അഭ്യർത്ഥന മാനിച്ച് സ്റ്റീരിയോ കവർച്ച പുറത്തു പറഞ്ഞതുമില്ല.
കഴിഞ്ഞ ദിവസം അർഷാദിന്റെ ക്വാളിസ് വണ്ടി മാണിക്കോത്തെ വർക്ക്ഷാപ്പിൽ റിപ്പയർ ജോലിക്ക് വെച്ചത് തിരിച്ചു വാങ്ങാൻ ചെന്നപ്പോൾ, ഈ വർക്ക്ഷാപ്പിൽ പണിക്ക് വെച്ചിരുന്ന മറ്റൊരു വണ്ടി കെ.എൽ 25 ഇ – 3182 നമ്പർ ആൾട്ടോ കാറിൽ അർഷാദിന്റെ വണ്ടിയിൽ നിന്ന് മോഷണം പോയ അതേ സ്റ്റീരിയോയും സ്പീക്കർ സെറ്റും ഘടിപ്പിച്ചതായി കണ്ടെത്തി. ഈ ആൾട്ടോ കാറിന്റെ നമ്പർ ശേഖരിച്ച് പരിശോധിച്ചപ്പോഴാണ് ഈ കാറിന്റെ ആർസി ഉടമ ഹൊസ്ദുർഗ് പോലീസിലെ സ്റ്റേഷൻ ഡ്രൈവർ പ്രശാന്തിന്റേതാണെന്ന് തിരിച്ചറിഞ്ഞത്.
മയക്കുമരുന്ന് കടത്തിയ കേസ്സിൽ ഉൾപ്പെട്ടിരുന്ന അർഷാദിന്റെ ക്വാളിസ് വണ്ടി മാസങ്ങളോളം ഹൊസ്ദുർഗ് സ്റ്റേഷൻ വളപ്പിൽ കിടന്നതിന് ശേഷമാണ് അർഷാദിന് വിട്ടുകിട്ടിയത്. പോലീസ് ഡ്രൈവർ പ്രശാന്ത് ചെറുവത്തൂർ സ്വദേശിയാണ്. കാസർകോട് ഏആർ ക്യാമ്പിൽ നിന്നാണ് ഹൊസ്ദുർഗിൽ സിപിഒ ആയി വന്ന് സ്റ്റേഷൻ ജീപ്പിന്റെ ഡ്രൈവറായത്.