ഏഎസ് ഐയുടെ ആത്മഹത്യ മലയോരത്ത് പുകയുന്നു

കാഞ്ഞങ്ങാട്: സ്റ്റേറ്റ്  സ്പെഷ്യൽ ബ്രാഞ്ച് ഏ എസ് ഐ, കിനാനൂർ പുലിയങ്കുളത്തെ അബ്ദുൾ അസീസിന്റെ 49, ആത്മഹത്യയിൽ വെള്ളരിക്കുണ്ട് പോലീസ് നടത്തി വരുന്ന ഒളിച്ചു കളിക്ക് എതിരെ മലയോരത്ത് പോലീസിനെതിരെ ജനങ്ങളിൽ പ്രതിഷേധം കടുത്തു. അസീസ് സ്വന്തം വീട്ടിനുള്ളിൽ കെട്ടിത്തൂങ്ങി മരിക്കും മുമ്പ് രണ്ട് ആത്മഹത്യാ കുറിപ്പുകൾ  എഴുതിവെച്ചിരുന്നു. ഈ രണ്ട് കുറിപ്പുകളും വീട്ടിലെ മുറിയിൽ നിന്ന്  കണ്ടെടുത്തതായി ആദ്യം വെള്ളരിക്കുണ്ട് പോലീസ് സബ് ഇൻസ്പെക്ടർ എം.പി വിജയകുമാർ മാധ്യമങ്ങളോട് തുറന്നു സമ്മതിച്ചിരുന്നുവെങ്കിലും, ഈ ആത്മഹത്യാ കുറിപ്പുകൾ ബന്ധപ്പെട്ട കോടതിക്ക് പോലും നൽകാതെ രഹസ്യമാക്കി വെച്ചിരിക്കുകയാണ്.

ആത്മഹത്യാ കുറിപ്പിൽ അസീസിന്റെ സുഹൃത്തും ഈ വീട്ടിലെ സന്ദർശകനുമായ അനിൽ പൊതുവാളിനെക്കുറിച്ച് പരാമർശമുള്ള കാര്യം  വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ ആദ്യം  സമ്മതിച്ചിരുന്നില്ല. തൽസമയം, അസീസ് ആത്മഹത്യ ചെയ്യുമ്പോൾ, നാട്ടിലുണ്ടായിരുന്ന അനിൽ പൊതുവാളിനെ ഇൻസ്പെക്ടർ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും, മൊഴി രേഖപ്പെടുത്തി വിട്ടയക്കുകയും ചെയ്തു. ഇക്കാര്യവും ഇൻസ്പെക്ടർ പൂർണ്ണമായും മറച്ചു വെച്ചു.

ചോദ്യം ചെയ്തതിന് പിന്നാലെ അനിൽ പൊതുവാൾ നാട്ടിൽ നിന്ന് അപ്രത്യക്ഷനാവുകയും ചെയ്തു. അബ്ദുൾ അസീസിന്റെ ഭാര്യയ്ക്ക് അനിൽ പൊതുവാൾ അര ലക്ഷം രൂപ വിലമതിക്കുന്ന സെൽഫോൺ സമ്മാനിച്ച കാര്യം അനിലിന്റെ കൂട്ടുകാരിൽ ചിലർ തുറന്നു സമ്മതിക്കുന്നുണ്ട്. അസീസിന്റെ ഭാര്യാ സഹോദരി കിനാനൂർ കരിന്തളത്തെ കെ.പി. ജാസ്മിന്റെ ഭൂമി വിലയ്ക്ക് വാങ്ങിയത് അനിൽ പൊതുവാളാണ്.

ഈ ഭൂമിയിടപാടിന്  അനിൽ പൊതുവാളിനെ സഹായിച്ചതിനുള്ള പ്രത്യുപകാരമായിട്ടാണ് പൊതുവാൾ അരലക്ഷം രൂപയുടെ ഐഫോൺ അസീസിന്റെ ഭാര്യയ്ക്ക് നൽകിയതെന്നാണ് ഭാര്യാസുഹൃത്തുക്കൾ പുറത്തുവിട്ട വിവരം. ഭാര്യാസഹോദരിയുടെ ഭൂമി അനിൽ പൊതുവാളിന് വിൽപ്പന നടത്തിയ സംഭവത്തിൽ മുന്നിൽ നിന്നിരുന്നത് അബ്ദുൾ അസീസാണ്. ഈ നിലയ്ക്ക് സ്വഭാവികമായും, ഐഫോൺ സമ്മാനിക്കേണ്ടത് അനിൽ പൊതുവാളിന്റെ അടുത്ത ചങ്ങാതിയായ അസീസിനാണ്.

പകരം അനിൽ പൊതുവാളിനൊപ്പം പത്താംതരത്തിൽ ഒരുമിച്ചു പഠിച്ച ഭാര്യയ്ക്ക് അരലക്ഷം രൂപ വിലയുള്ള ഐഫോൺ സമ്മാനിച്ചതിലെ ദുരുദ്ദേശം നാട്ടുകാരും ചൂണ്ടിക്കാട്ടുന്നുണ്ട്. അസീസിന്റെ ആത്മഹത്യാക്കുറിപ്പ് വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ എം.പി. വിജയകുമാർ പുറത്തു വിടാതെ രഹസ്യമാക്കിവെച്ചിട്ടുള്ളത്, അനിൽ പൊതുവാളിനെ ആത്മഹത്യാപ്രേരണക്കുറ്റത്തിൽ നിന്ന് രക്ഷപ്പെടുത്താനാണെന്ന് നാട്ടുകാർ ആരോപിച്ചു.

LatestDaily

Read Previous

ദക്ഷിണ കന്നഡയിൽ കനത്ത മഴ; മംഗലാപുരം പഞ്ചിക്കല്ലില്‍ ഉരുള്‍പൊട്ടല്‍

Read Next

ശിവാജി ഗണേശന്റെ 270 കോടി സ്വത്തിൻമേൽ തർക്കം; പ്രഭുവിനെതിരെ കേസ്