ഫ്രൈഡേയുടെ പത്തു ലക്ഷം;  ഭാരവാഹികൾ മൗനത്തിൽ

കാഞ്ഞങ്ങാട്: ആറങ്ങാടി കേന്ദ്രീകരിച്ചുള്ള ഫ്രൈഡേ കൾച്ചറൽ സെന്ററിന് ദേശീയപാത അധികൃതർ നൽകിയ 19 ലക്ഷം രൂപയിൽ പ്രസിഡണ്ടിന്റെ കൈയ്യിലുള്ള 10 ലക്ഷം രൂപയെക്കുറിച്ച് ഫ്രൈഡേയുടെ നിലവിലുള്ള ഭാരവാഹികൾക്ക് മൗനം.

19 ലക്ഷം രൂപയിൽ 9 ലക്ഷം രൂപ മുടക്കി ഫ്രൈഡേ കൾച്ചറൽ സെന്ററിന് കെട്ടിടം പണിയാൻ ആറങ്ങാടി മദ്രസ്സയ്ക്ക് പിന്നിൽ സ്ഥലം വാങ്ങിയെന്ന് പറയുന്നുണ്ടെങ്കിലും, ശേഷിച്ച പത്തു ലക്ഷം രൂപയെക്കുറിച്ച് ഫ്രൈഡേ ഭാരവാഹികൾ അംഗങ്ങളായവരോട് ഇനിയും പ്രതികരിച്ചിട്ടില്ല.

മുസ്ലിം ലീഗ് നിയന്ത്രണത്തിലുള്ള ഈ കൾച്ചറൽ സെന്റർ ആദ്യകാലത്ത് സജീവമായിരുന്നുവെങ്കിലും, കഴിഞ്ഞ കുറേ വർഷങ്ങളായി ഫ്രൈഡേ പത്രത്താളുകളിൽ നിന്നു പോലും അപ്രത്യക്ഷമായിരിക്കുകയാണ്. കഴിഞ്ഞ നാലു വർഷമായി പരിപാടികൾ ഒന്നും ഫ്രൈഡേയുടേതായി നടക്കുന്നില്ല.

ദേശീയപാതയ്ക്ക് ആറങ്ങാടി ജംഗ്ഷനിലുണ്ടായിരുന്ന ഭൂമി വിട്ടുകൊടുത്ത വകയിൽ ലഭിച്ച 19 ലക്ഷം രൂപയുടെ കണക്കുകൾ യോഗം വിളിച്ച് വെളിപ്പെടുത്തണമെന്ന് അംഗങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും, സംഘടനയുടെ പ്രസിഡണ്ടും സിക്രട്ടറിയും ഖജാൻജിയും ഒന്നും പ്രതികരിക്കുന്നില്ല.

ആറങ്ങാടി, കൂളിയങ്കാൽ പ്രദേശങ്ങളിൽ സാമാന്യം നല്ല നിലയിൽ സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തിയിരുന്ന സംഘടനയാണ് ഫ്രൈഡേ കൾച്ചറൽ സെന്റർ. പുത്തൻ ഭാരവാഹികൾ അധികാരം ഏറ്റെടുത്തതോടെ ഫ്രൈഡേ അഴിമതിയിൽ മുങ്ങി നാമാവശേഷമായി.

Read Previous

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ പുനർ വിവാഹിതനാകുന്നു

Read Next

കച്ചവടക്കാർ തമ്മിലടിച്ചു