ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ ഏഎസ്ഐ കിനാനൂർ പുലിയങ്കുളത്തെ അബ്ദുൾ അസീസിന്റെ 49, ആത്മഹത്യ പോലീസ് ഒതുക്കുന്നു. പുലിയങ്കുളത്തെ സ്വന്തം വീട്ടിൽ ജൂൺ 29-നാണ് അസീസ് കെട്ടിത്തൂങ്ങി ജീവിതമവസാനിപ്പിച്ചത്. കാസർകോട് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിൽ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധി കേന്ദ്രീകരിച്ചാണ് അസീസ് ജോലി നോക്കിയിരുന്നത്.
അസീസിന്റെ മുറിയിൽ നിന്ന് രണ്ട് ആത്മഹത്യാ കുറിപ്പുകൾ വെള്ളരിക്കുണ്ട് പോലീസ് കണ്ടെടുത്തിരുന്നു. ഈ ആത്മഹത്യാകുറിപ്പിൽ ഇടത്തോട് സ്വദേശിയും പ്രവാസിയുമായ അനിൽ പൊതുവാളെക്കുറിച്ചുള്ള പരാമർശമുണ്ട്. തന്റെ മൃതദേഹം പരപ്പ ജുമാ അത്ത് പള്ളിപ്പരിസരത്ത് ഖബറടക്കണമെന്ന് ആത്മഹത്യാകുറിപ്പിൽ അസീസ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
ഈ കുറിപ്പിന്റെ ബലത്തിൽ ഇടത്തോട് പ്രവാസി അനിൽ പൊതുവാളിനെ 43, വെള്ളരിക്കുണ്ട് സബ് ഇൻസ്പെക്ടർ വിജയകുമാർ സ്റ്റേഷനിൽ വിളിച്ചുവരുത്തി 5 മണിക്കൂർ നേരം ചോദ്യം ചെയ്തുവെങ്കിലും, അന്വേഷണ വിവരങ്ങൾ രഹസ്യമാക്കി വെച്ചിരിക്കയാണ്. വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ സിബി തോമസ് ഉദ്യോഗക്കയറ്റം ലഭിച്ച് തെക്കൻ ജില്ലയിലേക്ക് സ്ഥലം മാറിപ്പോയിട്ട് മാസം രണ്ടുകഴിഞ്ഞു. അതിന് ശേഷം ഈ പോലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടറെ നിയമിച്ചിട്ടില്ല. സബ് ഇൻസ്പെക്ടറാണ് ഇൻസ്പെക്ടറുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നത്.
അബ്ദുൾ അസീസിന് ഇരുപത്തിയൊന്ന് വയസ്സുള്ള കോളേജ് വിദ്യാർത്ഥിനിയായ മകളും പത്താംതരത്തിൽ പഠിക്കുന്ന മകനുമുണ്ട്. അസീസിന്റെ വീട്ടിൽ ഏറെ സ്വാതന്ത്ര്യത്തോടെ ഇടപെട്ടിരുന്ന അനിൽ പൊതുവാളിലേക്ക് പോലീസ് അന്വേഷണമെത്തിയെങ്കിലും, അതിനപ്പുറത്തേക്ക് അന്വേഷണം പോകാത്തതിൽ നാട്ടുകാരിൽ പോലീസിന് എതിരെ പ്രതിഷേധമുയർന്നു.
പേലീസുദ്യോഗസ്ഥന്റെ ആത്മഹത്യയുടെ ചുരുളുകൾ പലതും നിവർന്നുനിൽക്കുന്നുണ്ടെങ്കിലും, പോലീസ് ആ ചുരുളുകൾ മുഴുവൻ അടച്ചുവെക്കുകയാണ്. പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച അനിൽ പൊതുവാൾ നാട്ടിൽ നിന്ന് അപ്രത്യക്ഷനാവുകയും ചെയ്തു. അസീസിനെ ആത്മഹത്യയിലേക്ക് നയിച്ച കുടുംബ സുഹൃത്തിനെ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്യേണ്ടതാണെങ്കിലും, ജനവികാരം തള്ളിക്കളഞ്ഞ് വെള്ളരിക്കുണ്ട് പോലീസ് ഒളിച്ചുകളി തുടരുകയാണ്. പല രീതിയിലുള്ള പ്രചാരണങ്ങളാണ് അസീസിന്റെ ആത്മഹത്യയിൽ മലയോരത്ത് ജനങ്ങളിൽ പടർന്നുകൊണ്ടിരിക്കുന്നത്.