ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെറുവത്തൂർ : ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ മുഴുവൻ ഡയറക്ടർമാരെയും പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ വീണ്ടും സമരത്തിനൊരുങ്ങുന്നു. ഡയറക്ടർമാരുടെ വീട്ടിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നതടക്കമുള്ള പ്രക്ഷോഭ മാർഗ്ഗങ്ങളെക്കുറിച്ചാണ് നിക്ഷേപത്തട്ടിപ്പിനിരയായവർ ആലോചിക്കുന്നത്. മുസ്്ലീം ലീഗ് നേതാവും മുൻ എംഎൽഏയുമായ എം.സി. ഖമറുദ്ദീൻ, ലീഗ് ജില്ലാ നേതാവ് ടി.കെ. പൂക്കോയ എന്നിവരുടെ നേതൃത്വത്തിൽ നടന്ന നിക്ഷേപത്തട്ടിപ്പിനിരയായത് എണ്ണൂറോളം പേരാണ്.
150 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പിൽ കുടുങ്ങിയവരിൽ ഭൂരിഭാഗവും മുസ്്ലീം ലീഗ് അനുഭാവികളാണ്. കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നൂറ് കണക്കിന് കേസുകളാണ് എം.സി. ഖമറുദ്ദീൻ, ടി.കെ. പൂക്കോയ മുതലായവർക്കെതിരെ റജിസ്റ്റർ ചെയ്തിട്ടുള്ളത്. നിക്ഷേപത്തട്ടിപ്പ് കേസുകളിൽ ആദ്യം കാണിച്ച ആവേശമൊന്നും കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഇപ്പോൾ കാണിക്കുന്നില്ല. കേസിലെ ചില പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാനായിട്ടില്ല. റജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ കുറ്റപത്രവും ഇനിയും സമർപ്പിച്ചിട്ടുമില്ല.
തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും പ്രവാസികളാണ്. ആകർഷകമായ പലിശ വാഗ്ദാനം നൽകിയാണ് ഫാഷൻ ഗോൾഡ് ഉടമകൾ പ്രവാസികളിൽ നിന്നടക്കം കോടികൾ തട്ടിയെടുത്തത്. ഫാഷൻ ഗോൾഡ് സ്ഥാപനങ്ങൾ ഒന്നിന് പിറകെ ഒന്നായി പൂട്ടിയതോടെ നിക്ഷേപത്തുക തിരിച്ചു കിട്ടാൻ സമീപിച്ചവരുടെ മുന്നിൽ ഉടമകൾ കൈമലർത്തുകയായിരുന്നു.
കാസർകോട് ജില്ലയിലെ പ്രമുഖ ലീഗ് നേതാക്കളുൾപ്പെട്ട നിക്ഷേപത്തട്ടിപ്പിൽ ലീഗ് സംസ്ഥാന നേതൃത്വവും ഇടപെട്ടില്ല. 150 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതികളെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്യാൻ പോലും ലീഗ് സംസ്ഥാന നേതൃത്വം തയ്യാറായിരുന്നില്ല.
പയ്യന്നൂരിലെ ഫാഷൻ ഗോൾഡ് സ്ഥാപനം പൂട്ടുന്നതിന് മുമ്പ് ജ്വല്ലറി ഡയറക്ടർമാരിൽ ചിലർ അവിടെ നിന്നും 5 കിലോ സ്വർണ്ണം, വാച്ചുകൾ, ഡയമണ്ട് എന്നിവ തട്ടിയെടുത്തിരുന്നു. പ്രസ്തുത വിഷയത്തിൽ ഫാഷൻ ഗോൾഡ് എം. ഡി. ടി.കെ. പൂക്കോയ അന്നത്തെ കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിലും തുടർ നടപടിയുണ്ടായില്ല.