അനുമോദനച്ചടങ്ങിന് മുമ്പേപാർട്ടി ഓഫീസ് പൂട്ടി

തൃക്കരിപ്പൂർ : മണ്ഡലം പ്രസിഡണ്ടിന് ഇഷ്ടമുള്ളവരെ മാത്രം അനുമോദനച്ചടങ്ങിൽ പ്രസംഗിക്കാൻ വിളിച്ചതിൽ പ്രതിഷേധിച്ച് ചടങ്ങ് നടക്കേണ്ട കോൺഗ്രസ് ഓഫീസ് മുൻ ബൂത്ത് പ്രസിഡണ്ട് പൂട്ടി താക്കോലുമായി സ്ഥലം വിട്ടു. കഴിഞ്ഞ ദിവസം കോൺഗ്രസ് പടന്നക്കടപ്പുറം ബൂത്ത് കമ്മിറ്റി ഓഫീസിലാണ് സംഭവം. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കാനാണ് പടന്ന കടപ്പുറം ബൂത്ത് കമ്മിറ്റി ചടങ്ങ് സംഘടിപ്പിച്ചത്. 

ഡിസിസി പ്രസിഡണ്ട് പി.കെ. ഫൈസലായിരുന്നു ഉദ്ഘാടകൻ. കോൺഗ്രസ് വലിയപറമ്പ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് അശോകനാണ് ചടങ്ങിൽ പങ്കെടുക്കേണ്ടവരെ തീരുമാനിച്ചത്. മുതിർന്ന കോൺഗ്രസ് നേതാക്കളെ ഒഴിവാക്കി അശോകന്റെ ഇഷ്ടക്കാരെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുപ്പിച്ചതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് മുൻ ബൂത്ത് പ്രസിഡണ്ട് യു.എം. അബ്ദുൾ ലത്തീഫ് ചടങ്ങ് നടക്കേണ്ടിയിരുന്ന ഓഫീസ് പൂട്ടി മുങ്ങിയത്.

നോട്ടീസിൽ മാറ്റം വരുത്തണമെന്ന് ലത്തീഫ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും, അശോകൻ തയ്യാറായില്ല. ഇതിൽ പ്രകോപിതനായാണ് അബ്ദുൾ ലത്തീഫ് ബൂത്ത് കമ്മിറ്റി ഓഫീസിലുണ്ടായിരുന്ന കെ. സഫീറിനെ ഓഫീസിൽ നിന്നും പുറത്താക്കി വാതിൽ പൂട്ടി താക്കോലുമായി സ്ഥലം വിട്ടത്. ഇതേത്തുടർന്ന് ചടങ്ങ് നടന്നില്ല.

Read Previous

കപ്പലോട്ടക്കാരെ റിക്രൂട്ട് ചെയ്യാൻ വിദേശ കപ്പൽ കമ്പനി പ്രതിനിധികൾ

Read Next

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് നിരോധിക്കണമെന്ന് ദ്യുതി ചന്ദ്