എല്ലാവരും ഹൈടെക്കാകുമ്പോഴും ആലയി അങ്കൺവാടി പാർട്ടി ഓഫീസ് കെട്ടിടത്തിൽ

കാഞ്ഞങ്ങാട് : നാടാകെ ഹൈട്ടെക്കാകുകയും സ്കൂളുകളും അങ്കൺവാടികളും പുതുമോടിയോടെ ആധുനികവൽക്കരിക്കുകയും ചെയ്യുമ്പോഴും ഇനിയും സ്വന്തം കെട്ടിടമോ, പ്രാഥമിക സൗകര്യങ്ങളോയില്ലാതെ പാർട്ടി ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുകയാണ് മടിക്കൈ പഞ്ചായത്തിലെ  27-ാം നമ്പർ അങ്കൺവാടി. 2007-ലാണ് 15-ാം വാർഡായ ആലൈയിൽ ആദ്യമായി അങ്കൺവാടി ആരംഭിക്കുന്നത്. അപ്പോൾത്തന്നെ സ്ഥലം അനുവദിക്കുകയും, കെട്ടിടത്തിന് തുക അനുവദിക്കുകയും ചെയ്തുവെങ്കിലും നാളിതുവരെയായിട്ടും സ്വന്തം കെട്ടിടമെന്ന ഇവിടത്തുകാരുടെ സ്വപ്നം കടലാസിലുറങ്ങുകയാണ്.

തുടക്കത്തിൽ 20 ഓളം കുട്ടികളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ആറോ ഏഴോ കുട്ടികൾ മാത്രമാണുള്ളത്. പാർട്ടി ഓഫീസ് കാരുണ്യത്തിൽ കഴിയുന്ന അങ്കൺവാടി കുട്ടികൾക്ക് പ്രാഥമിക കർമ്മങ്ങൾ നടത്താനുള്ള സൗകര്യം പോലുമില്ല. പാറപ്പുറത്ത് വെളി പ്രദേശത്താണ് കുട്ടികൾ കാര്യങ്ങൾ നിർവ്വഹിക്കുന്നത്. 15-ാം വാർഡ് മെമ്പറുടെ ശ്രദ്ധയിൽ പലതവണപെടുത്തിയെങ്കിലും കാര്യമായ ഒരു നടപടിയുണ്ടായിട്ടില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. നാട്ടിലെ മുഴുവൻ അങ്കൺവാടികളും ഹൈട്ടെക്ക് നിലവാരത്തിലേക്കുയർന്നെങ്കിലും ആലൈയിലെ അങ്കൺവാടി കുട്ടികളുടെ അവകാശം  പഞ്ചായത്തധികൃതർ നിഷേധിക്കുകയാണ്.

പഞ്ചായത്തിന്റെ അങ്കൺവാടി ഇപ്പോൾ പ്രവർത്തിക്കുന്ന പാർട്ടി ഓഫീസ് കെട്ടിടം കാഞ്ഞങ്ങാട് നഗരസഭാ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നതെന്നാണ് മറ്റൊരു വിരോധാഭാസം. മഴക്കാലമായതോടെ കുട്ടികൾക്ക് പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കാൻ ഏറെ ബുദ്ധിമുട്ടാണെന്ന് അങ്കൺവാടിയിലെ അധ്യാപികയും പറയുന്നു.

എത്രയം പെട്ടെന്ന് സ്ഥലം കണ്ടെത്തി സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. മുൻ നഗരസഭ കൗൺസിലർ ഇടപെട്ട് പാർട്ടി ഓഫീസിന് മുന്നിൽ ഒരു കുടിവെള്ള പൈപ്പ് സ്ഥാപിച്ചുതന്നത് വലിയ അനുഗ്രഹമായെന്ന് അധ്യാപിക വിജയ പറഞ്ഞു.

മടിക്കൈ പഞ്ചായത്തിൽ ആകെ 28 അങ്കൺവാടികളാണുള്ളത്. ഇതിൽ 26 എണ്ണത്തിനും സ്വന്തം കെട്ടിടവും ആധുനിക സൗകര്യങ്ങളുമുണ്ട്. പോത്തംകൈയിലും ആലൈയിലുമാണ് കെട്ടിടമില്ലാത്തത്. ആലൈയിലെ 27-ാം നമ്പർ അങ്കൺവാടിക്ക് എത്രയം പെട്ടെന്ന് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ  ആവശ്യം.

LatestDaily

Read Previous

മഞ്ജു വാര്യർക്ക് കേന്ദ്ര സർക്കാർ അംഗീകാരം

Read Next

സുഭാ ഘോഷ് കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു; ഇനി റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്സിയിൽ