പുതുവൈ ഉപതെരഞ്ഞെടുപ്പിൽ  എൽഡിഎഫും യുഡിഎഫും പത്രിക നൽകി

കാഞ്ഞങ്ങാട് : ഇടതുമുന്നണിയിലെ സി. ജാനകിക്കുട്ടിയുടെ നിര്യാണത്തെത്തുടർന്ന് ഒഴിവ് വന്ന കാഞ്ഞങ്ങാട് നഗരസഭ തോയമ്മൽ വാർഡ് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് എൽഡിഎഫും യുഡിഎഫും സ്ഥാനാർത്ഥികൾ പത്രിക നൽകി. എൽഡിഎഫ് സ്ഥാനാർത്ഥിയായി എൻ. ഇന്ദിരയും, യുഡിഎഫ് സ്ഥാനാർത്ഥിയായി പി. നാരായണിയുമാണ് വെള്ളിയാഴ്ച വരണാധികാരി പ്രദീപ്കുമാർ മുമ്പാകെ പത്രിക നൽകിയത്.

ഇരു സ്ഥാനാർത്ഥികളും തോയമ്മൽ വാർഡിൽ നിന്നുള്ളവരാണ്. ഇടതുമുന്നണി സ്ഥാനാർത്ഥിക്കൊപ്പം സിപിഎം ജില്ലാ സമിതിയംഗം പി. അപ്പുക്കുട്ടൻ നഗരസഭ ചെയർപേഴ്സൺ കെ.വി. സുജാത, വൈസ് ചെയർമാൻ ബിൽ ടെക്ക് അബ്ദുല്ല, സിപിഎം നേതാക്കളായ പി. നാരായണൻ, മഹമൂദ് മുറിയനാവി, പി.കെ. നിഷാന്ത്, എ. രാഘവൻ, വി. സുകുമാരൻ, സേതു, ഐഎൻഎൽ മണ്ഡലം പ്രസിഡണ്ട് മുത്തലിബ് കൂളിയങ്കാൽ, എം.ഏ. ഷെഫീഖ്, പി.പി. രാജു തുടങ്ങിയവരുണ്ടായിരുന്നു.

മുൻ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ, മുൻ നഗരസഭ ചെയർമാന്മാരായ വി. ഗോപി, അഡ്വ. എൻ.ഏ. ഖാലിദ്,  ലീഗ് ജില്ലാ സിക്രട്ടറി കെ. മുഹമ്മദ്കുഞ്ഞി, മണ്ഡലം പ്രസിഡണ്ട് എം.പി. ജാഫർ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ടുകൂടിയായ ഭർത്താവ് എം. കുഞ്ഞികൃഷ്ണൻ എന്നിവർക്കൊപ്പമെത്തിയാണ് യുഡിഎഫ് സ്ഥാനാർത്ഥി പി. നാരായണി പത്രിക നൽകിയത്. കഴിഞ്ഞ തവണ ഇടതുമുന്നണി സ്ഥാനാർത്ഥി സി. ജാനകിക്കുട്ടി 542 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച നഗരസഭ 11-ാം വാർഡായ തോയമ്മലിൽ ഇത്തവണ മത്സരത്തിന് വീറും വാശിയുമേറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

LatestDaily

Read Previous

കേരളത്തിൽ പത്തിന് ബലിപെരുന്നാൾ

Read Next

ബാങ്കിലേക്ക് പോയ ഗൃഹനാഥനെ കാണാനില്ല