ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മൊബൈൽ ഫോണിന് അടിമകളാകുന്ന കുട്ടികളെ അതിൽ നിന്നും രക്ഷിക്കാനായി സർക്കാർ ആസൂത്രണം ചെയ്ത ഡി ഡാഡ് പദ്ധതി അൽപം വൈകിയാണ് നടപ്പാക്കാനൊരുങ്ങുന്നതെങ്കിലും, സന്ദർഭോചിതമാണ്. പഠനവൈകല്യങ്ങളും പെരുമാറ്റ വൈകല്യങ്ങളുമുണ്ടാക്കുന്ന മൊബൈൽ ഫോൺ അടിമത്തത്തിൽ നിന്നും വിദ്യാർത്ഥി സമൂഹത്തെ മോചിപ്പിച്ചെടുക്കേണ്ട ഭാരിച്ച ഉത്തരവാദിത്തമാണ് പോലീസിനുള്ളത്.
കേരള പോലീസിന്റെ നേതൃത്വത്തിൽ ആറ് കമ്മീഷണറേറ്റുകൾക്ക് കീഴിലാണ് ഡിജിറ്റൽ ഡീ അഡിക്ഷൻ കേന്ദ്രമായ ഡി ഡാഡ് നടപ്പിലാക്കുന്നത്. മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കുട്ടികളിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അതുമായി ബന്ധപ്പെട്ട മാനസിക പ്രശ്നങ്ങളും വർധിച്ചുവരുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം.
മനഃശാസ്ത്ര വിദഗ്ദരുടെ മേൽനോട്ടത്തിലാണ് ഡിജിറ്റൽ ഡി അഡിക്ഷൻ സെന്ററുകൾ പ്രവർത്തിക്കുക. നവജാത ശിശുക്കൾക്ക് ചുണ്ടിൽ തേനും വയമ്പും ചാലിച്ച് കൊടുക്കുന്നതിന് പകരം മൊബൈൽ ഫോൺ നൽകുന്ന കെട്ട കാലത്തിലേക്കാണ് കേരളം പോയ്ക്കൊണ്ടിരിക്കുന്നത്. പിച്ചവെക്കാൻ തുടങ്ങുന്ന കുഞ്ഞിന്റെ കൈയിൽ കളിപ്പാട്ടത്തിന് പകരം മൊബൈൽ ഫോൺ നൽകുന്ന രക്ഷിതാക്കളുള്ള നാട്ടിൽ നന്നേ ചെറുപ്പത്തിൽത്തന്നെ കുട്ടികൾ മൊബൈൽഫോണുകളുടെ അടിമകളാകുന്നതും സ്വാഭാവികം.
പഠനം ക്ലാസ് മുറികളിൽ നിന്നും ഓൺലൈനിലായതോടെ സംസ്ഥാനത്ത് കൂടുതൽ കുട്ടികളുടെ കൈകളിലാണ് മൊബൈൽ ഫോണുകൾ എത്തിച്ചേർന്നത്. വിജ്ഞാനത്തോടൊപ്പം കളികളും കൗതുകങ്ങളും സമ്മാനിക്കുന്ന മൊബൈൽ ഫോണുകൾക്ക് മുന്നിൽ മണിക്കൂറുകളോളം ചടഞ്ഞിരിക്കുന്ന കൗമാരപ്രായക്കാർ പടിപടിയായി മൊബൈൽ ഫോണുകളുടെ അടിമകളായിത്തീരുകയാണുണ്ടായത്. കോവിഡ് അടച്ചിടലിന് ശേഷം സ്കൂളുകൾ പഴയപടി തുറന്നതോടെയാണ് വിദ്യാർത്ഥികൾ അൽപ്പമെങ്കിലും മൊബൈൽ ഫോൺ അടിമത്തത്തിൽ നിന്ന് മോചിതരായത്.
മൊബൈൽ ഫോൺ ഗെയിമുകൾക്ക് അടിമകളായ വിദ്യാർത്ഥികളിൽ അക്രമവാസന വർദ്ധിച്ചിട്ടുണ്ടെന്നതാണ് യാഥാർത്ഥ്യം. ഓൺലൈനിലെ അക്രമണോത്സുകമായ കളികൾ കുട്ടികളുടെ ജീവനെടുക്കുന്ന സാഹചര്യം വരെ സംസ്ഥാനത്തുണ്ടായിട്ടുണ്ട്. അമിതമായ കോപം, വിഷാദരോഗം, പഠനത്തിൽ താൽപ്പര്യമില്ലായ്മ എന്നിവയാണ് മൊബൈൽ ഫോൺ അടിമത്തത്തിന്റെ ഉപോത്പന്നങ്ങൾ. ഇവയ്ക്കെല്ലാം പരിഹാര മാർഗ്ഗമാണ് ഡിജിറ്റൽ ഡി അഡിക്ഷൻ സെന്ററുകൾ.
ഭസ്മാസുരന്റെ വരം പോലെയാണ് മൊബൈൽ ഫോണുകൾ കുട്ടികളുടെ കൈകളിലെത്തിച്ചേർന്നത്. വരം കൊടുത്തവനെത്തന്നെ ഭസ്മീകരിക്കുന്ന വിധത്തിൽ മൊബൈൽ ഫോൺ കുടുംബങ്ങളുടെ ഉറക്കം കെടുത്തുന്ന ഉപകരണമായിത്തീർന്നിട്ട് നാളുകളേറെയായി. രക്ഷിതാക്കൾ മക്കളെ ഉപദേശിക്കാൻ പോലും ഭയക്കുന്ന മൊബൈൽ ഫോൺ അഡിക്ഷനിൽ നിന്നുംഅവരെ മോചിപ്പിക്കുകയെന്നത് ഭഗീരഥ യത്നം തന്നയെണ്.
കുട്ടികളിലെ അമിതമായ മൊബൈൽ ഫോൺ ഉപയോഗത്തിന്റെ ഉത്തരവാദികൾ രക്ഷിതാക്കൾ തന്നെയാണ്. പഠനാവശ്യങ്ങൾക്കായി നൽകുന്ന മൊബൈൽ ഫോണുകൾ മക്കൾ ഏതുവിധത്തിൽ പ്രയോജനപ്പെടുന്നുവെന്ന് നിരീക്ഷിക്കാൻ രക്ഷിതാക്കൾ മറന്നുപോയെന്നതാണ് യാഥാർത്ഥ്യം. കുട്ടികളിലെ മാനസികാരോഗ്യം മെച്ചപ്പെടുത്തിയെടുക്കുകയെന്ന ലക്ഷ്യവുമായി ആവിഷ്ക്കരിച്ച ഡി ഡാഡ് പദ്ധതിയുമായി രക്ഷിതാക്കൾ സഹകരിക്കുകയെന്നത് മാ്ത്രമാണ് ഇനി കരണീയം.