ഭണ്ഡാരം മോഷ്ടിക്കാൻ ശ്രമിച്ച കള്ളനെ കയ്യോടെ പിടികൂടി

കാഞ്ഞങ്ങാട് : മാതോത്ത് ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിരുന്ന സ്റ്റീൽ ഭണ്ഡാരം മോഷ്ടിക്കാനുള്ള ശ്രമം സമീപവാസി കയ്യോടെ പിടികൂടി. ഇന്നലെ രാവിലെ 9 മണിക്കാണ് മാതോത്ത് ക്ഷേത്രത്തിലെ ഗുളികൻ തറയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന സ്റ്റീൽ ഭണ്ഡാരം മോഷ്ടിക്കാൻ ശ്രമം നടന്നത്.

മാതോത്ത് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മഠത്തിൽ വളപ്പിൽ അമ്പുഞ്ഞിയുടെ മകൻ വി.വി. ബാലനാണ് 64, മോഷണശ്രമം നേരിൽക്കണ്ടത്. ഇദ്ദേഹം മോഷ്ടാവിനെ കയ്യോടെ പിടികൂടി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് രാമന്തളി കുന്നരു പടിഞ്ഞാറേ വീട് തമ്പായിയുടെ മകൻ പി.വി. പ്രകാശനാണെന്ന് തിരിച്ചറിഞ്ഞത്.

കോഴിക്കോട് ഇരിങ്ങലിലെ അയ്യപ്പ ക്ഷേത്രത്തിൽ മേശപ്പുറത്ത് വെച്ച ഓപ്പോ മൊബൈൽ ഫോൺ മോഷ്ടിച്ചതും പ്രകാശനാണെന്ന് കണ്ടെത്തി. ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷനിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് തന്റെ കയ്യിലുള്ള മൊബൈൽ ഫോൺ ഇരിങ്ങലിൽ നിന്ന് മോഷ്ടിച്ചതാണെന്ന് പ്രകാശൻ സമ്മതിച്ചത്. ഭണ്ഡാര മോഷണം, മൊബൈൽ മോഷണം എന്നീ സംഭവങ്ങളിൽ പ്രകാശനെതിരെ ഹോസ്ദുർഗ്ഗ് പോലീസ് രണ്ട് മോഷണക്കേസുകൾ റജിസ്റ്റർ ചെയ്തു.

LatestDaily

Read Previous

തട്ടിക്കൊണ്ടുപോയി കൊല: 3 പേർ കൂടി അറസ്റ്റിൽ

Read Next

മഴയിൽ വീട് തകർന്ന,കുടുംബം രക്ഷപ്പെട്ടു