എയ്ഡഡ് സ്കൂളുകൾ അനധികൃതമായി  കൈവശം വെച്ച പ്ലസ്വൺ സീറ്റുകൾ തിരിച്ചു പിടിക്കും

കാഞ്ഞങ്ങാട്:ഒരു വിഭാഗം എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളുകൾ അനധികൃതമായി കൈവശം വെച്ച് മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം നടത്തുന്ന പ്ലസ് വൺ സീറ്റുകൾ സർക്കാർ തിരിച്ചു പിടിക്കും. മാനേജ്മെന്റ് ക്വാട്ടയിൽ അനുവദിച്ച 20 ശതമാനം സീറ്റുകൾക്ക് പുറമെ പ്രവേശനം നൽകുന്ന സീറ്റുകളാണ് തിരിച്ചു പിടിക്കുന്നത്.  ഇവ ഏകജാലക പ്രവേശനത്തിലൂടെ മെറിറ്റ് അടിസ്ഥാനത്തിൽ നികത്താൻ ധാരണയായിട്ടുണ്ട്.

ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾ നടത്തുന്ന എയ്ഡഡ് സ്കൂളുകളിലെ 20 ശതമാനം സീറ്റുകൾ മാനേജ്മെന്റ് ക്വാട്ടയിലാണ്. ഇതിന് പുറമെ 20 ശതമാനം സീറ്റുകൾ സ്കൂൾ നടത്തുന്ന മാനേജ്മെന്റ് പ്രതിനിധീകരിക്കുന്ന സമുദായത്തിലെ വിദ്യാർത്ഥികൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നൽകാനുള്ള കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളാണ്.

ഇത്തരം സ്കൂളുകളിൽ ഇതേ രീതിയിലാണ് പ്രവേശനം നൽകിവരുന്നത്. എന്നാൽ ന്യൂനപക്ഷ പിന്നോക്ക ഇതര മാനേജ്മെന്റ് സ്കൂളുകളിലെ 30 ശതമാനം സീറ്റുകളാണ് മാനേജ്മെന്റ് ക്വാട്ടയിൽ നികത്തിയിരുന്നത്. ഇത് സർക്കാർ ഉത്തരവിന് വിരുദ്ധമാണെന്ന് കണ്ടെത്തി കഴിഞ്ഞ വർഷം പത്ത് ശതമാനം സീറ്റുകൾ മാനേജ്മെന്റ് പ്രതിനിധീകരിക്കുന്ന സമുദായങ്ങളിലെ കുട്ടികൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനത്തിന് മാറ്റിവെക്കാൻ സർക്കാർ നിർദ്ദേശിച്ചിരുന്നു. മുന്നോക്ക സമുദായ സംഘടനകൾ നടത്തുന്ന സ്കൂളുകൾ ഇതേ രീതിയിൽ പ്രവേശനം മാറ്റിയിരുന്നു.

എന്നാൽ ഏതെങ്കിലും സമുദായത്തെ പ്രതിനിധീകരിക്കാത്തതും പ്രത്യേക സൊസൈറ്റികൾക്കോ ട്രസ്റ്റുകൾക്കോ കീഴിൽ പ്രവർത്തിക്കുന്നതുമായ സ്കൂൾ മാനേജ്മെന്റുകൾ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയും നടപ്പാക്കുന്നതിൽ ഇളവ് നേടുകയും ചെയ്തിരുന്നു. ഇതിലൂടെ  76 സ്കൂളുകൾ കഴിഞ്ഞ വർഷം 20 ശതമാനം സീറ്റുകൾ മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം നടത്തുകയുണ്ടായി.

പല സ്കൂളുകളും വൻ തുക തലവരി ഈടാക്കിയാണ് മാനേജ്മെന്റ് ക്വാട്ട സീറ്റുകളിൽ പ്രവേശനം നടത്തുന്നത്. ഇത്തരം സ്കൂളുകളിലെ പത്ത് ശതമാനം സീറ്റുകളാണ് സർക്കാർ തിരിച്ചെടുത്ത് ഏകജാലക മെറിറ്റ് സീറ്റിൽ ലയിപ്പിക്കുന്നത്.

LatestDaily

Read Previous

പോളണ്ടിൽ നിന്നും തലശ്ശേരിയിലേക്ക് ലഹരിക്കടത്ത്

Read Next

ഉദയ്പുര്‍ കൊലപാതകം ; കനയ്യ ലാലിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി ഗെഹ്‌ലോത്ത്