ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കുമ്പള: കുമ്പള മുഗുവിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ആശുപത്രിയിലുപേക്ഷിച്ച സംഘത്തിലെ 2 പേരെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഗോവയിൽ നിന്നാണ് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള സംഘം കൊലയാളി സംഘത്തിലെ 2 പേരെ കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ കാസർകോട് ഡിവൈഎസ്പി, പി. ബാലകൃഷ്ണൻ നായരടക്കമുള്ള സംഘം കൊലയാളികൾക്ക് പിന്നാലെയാണ്. സംഭവത്തിലുൾപ്പെട്ട നാല് കാറുകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട അബൂബക്കർ സിദ്ധിഖിനെ ആശുപത്രിയിലുപേക്ഷിച്ച കാറും, ഇദ്ദേഹത്തിന്റെ സഹോദരൻ അൻവർ, അൻസാരി എന്നിവരെ തട്ടിക്കൊണ്ടു പോകാനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തവയിലുൾപ്പെടും.
പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്നാണ് ഇവരെ ഗോവയിൽ നിന്നും പിടികൂടിയത്. വിവിധ പോലീസ് സംഘങ്ങൾ കർണ്ണാടക, ഗോവ എന്നിവിടങ്ങളിലായി പ്രതികൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. അബൂബക്കർ സിദ്ധിഖിന്റെ മരണ കാരണം തലച്ചോറിനേറ്റ മാരകമായ ക്ഷതമാണെന്നാണ് പ്രാഥമിക നിഗമനം. പൈവളിഗെയിലെത്തിയ അബൂബക്കർ സിദ്ധിഖിനെ കൊലയാളികൾ ക്രൂരമായി മർദ്ദിച്ചതായി വ്യക്തമായിട്ടുണ്ട്.
വിദേശത്തുനിന്നും കൊടുത്തുവിട്ട ഡോളർ യഥാർത്ഥ അവകാശിക്ക് ലഭിക്കാത്തതിനെത്തുടർന്നുണ്ടായ വൈരാഗ്യത്തിലാണ് കൊല നടന്നതെന്ന് സൂചനയുണ്ട്. അന്താരാഷ്ട്ര മാഫിയാ തലവൻ രവി പൂജാരിയുടെ കൂട്ടാളി പൈവളിഗെയിലെ സിയയുടെ സംഘമാണ് അബൂബക്കർ സിദ്ധിഖിനെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷനെടുത്തതെന്നാണ് സംശയിക്കുന്നത്.
സിനിമാ നടി ലീനമരിയാ പോളിൽ നിന്ന് പണം തട്ടാൻ രവി പൂജാരിക്ക് വേണ്ടി കൊച്ചി കടവന്ത്ര ബ്യൂട്ടിപാർലറിലേക്ക് വെടിവെയ്പ്പ് നടത്തിയ കേസിൽ റിമാന്റിൽ കഴിയുന്ന സിയയുടെ കൂട്ടാളികൾ ഇപ്പോഴും സജീവമാണ്. വിദേശ ഡോളർ നഷ്ടപ്പെട്ടയാൾക്കുവേണ്ടിയാണ് സിയായുടെ കൂട്ടാളികൾ ക്വട്ടേഷൻ ഏറ്റെടുത്തത്. വിദേശത്ത് നിന്ന് കൊടുത്തുവിട്ട 40 ലക്ഷം ഇന്ത്യൻ രൂപ മൂല്ല്യമുള്ള വിദേശ കറൻസി യഥാർത്ഥ അവകാശിക്ക് ലഭിക്കാത്തതാണ് സംഭവങ്ങൾക്ക് പിന്നിലെ കാരണം.