കുണ്ടംകുഴി ധനകാര്യ കമ്പനി സംശയ നിഴലിൽ

കണ്ണൂർ – കാസർകോട് ജില്ലകളിൽ നിന്ന് കമ്പനിയിലേക്ക് ഒഴുകിയത് കോടികൾ∙ പണം പിരിക്കാൻ കരിവെള്ളൂരിലും മാണിയാട്ടും സ്ത്രീകളടക്കം ഏജന്റുമാർ

സ്റ്റാഫ് ലേഖകൻ

ബേക്കൽ: ജില്ലയുടെ കിഴക്കൻ മേഖലയായ കുണ്ടംകുഴി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനം സംശയ നിഴലിൽ. പെരിയയിൽ നിന്നുള്ള ആയംമ്പാറ റോഡ് ചെന്ന് ചേരുന്ന കുണ്ടംകുഴി ടൗണിൽ റോഡിന് വലതുഭാഗത്ത് ഒന്നാം നിലയിൽ ചെറിയ ഓഫീസ് പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിലേക്കാണ് ജില്ലയിലും കണ്ണൂർ ജില്ലയിൽ നിന്നും പലിശ മോഹിച്ച് പലരും ലക്ഷങ്ങൾ നിക്ഷേപിച്ചിട്ടുള്ളത്.

ഒരു ലക്ഷം രൂപ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ചാൽ ആഴ്ചയിൽ നിക്ഷേപകന്റെ അക്കൗണ്ടിലേക്ക് 4,500 രൂപ എത്തിച്ചേരും. പ്രതിമാസം 18,000 രൂപ ഈ വിധത്തിൽ  എത്തിച്ചേരുന്നത് മൂലം പത്തുമാസം കൊണ്ട് 1,80,000 രൂപ നിക്ഷേപകന് ലഭിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന കമ്പനിയാണിത്.

ബിഗ് പ്ലസ്സിലേക്ക് ഏറ്റവും കൂടുതൽ  പണമൊഴുകുന്നത് കാസർകോട്- കണ്ണൂർ ജില്ലകളുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നാണ്. കരിവെള്ളൂർ മുതൽ തലപ്പാടി വരെയുള്ള പ്രദേശങ്ങളിൽ നിന്ന് പ്രതിദിനം  പത്തുലക്ഷത്തിൽ കുറയാത്ത ഡിപ്പോസിറ്റ് തുക കമ്പനിയിലേക്ക്  ഒഴുകുന്നുണ്ട്. നിക്ഷേപകരെ കണ്ടെത്താൻ ഗ്രാമാന്തരങ്ങളിൽ കമ്പനിക്ക് രഹസ്യ ഏജന്റുമാർ രാപ്പകൽ പ്രവർത്തിക്കുന്നുണ്ട്. ഹൊസ്ദുർഗ്ഗ് താലൂക്കിലുള്ള ഏജന്റുമാരുടെ ഒരു യോഗം മൂന്നുമാസം മുമ്പ് കാഞ്ഞങ്ങാട്ടെ ചതുർ നക്ഷത്ര ഹോട്ടലിൽ വിളിച്ചു ചേർത്തിരുന്നു.

കാസർകോട് താലൂക്കിൽ നിന്നുള്ള നിക്ഷേപകരുടെ യോഗം കാസർകോട്ടും ചേരാറുണ്ട്. ഒരു ലക്ഷം രൂപ  ഈ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ചാൽ വെറും പത്തുമാസം കൊണ്ട് 1,80,000 രൂപ എങ്ങനെ നിക്ഷേപകന് നൽകുന്നുവെന്ന  നിക്ഷേപകരുടെ ചോദ്യത്തിന് കമ്പനി നടത്തിപ്പുകാർക്ക് ഉത്തരമില്ല. കുണ്ടംകുഴി സ്വദേശിയായ ഒരു നാൽപ്പത്തിയഞ്ചുകാരനാണ് കമ്പനിയുടെ സൂത്രധാരൻ. ഡോക്ടർ എന്ന പേരിൽ അറിയപ്പെടുന്ന ഇദ്ദേഹം സിപിഎം അനുഭാവിയാണ്.

LatestDaily

Read Previous

പോലീസുദ്യോഗസ്ഥൻ തൂങ്ങിമരിച്ചു

Read Next

ആസാമിന് കൈത്താങ്ങായി ആമിർ ഖാൻ; 25 ലക്ഷം സംഭാവന നൽകി