ലൈംഗിക പീഡനക്കേസിൽ പതിമൂന്നുകാരി മജിസ്ത്രേട്ടിന് മൊഴി നൽകാൻ വിസമ്മതിച്ചു

കാഞ്ഞങ്ങാട് : അജാനൂർ തീരദേശത്ത് സ്വന്തം ബന്ധുവായ പതിനേഴുകാരൻ ലൈംഗികമായി പീഡിപ്പിച്ച പതിമൂന്നുകാരി വിദ്യാർത്ഥിനി ന്യായാധിപന് മുന്നിൽ 164 രഹസ്യമൊഴി നൽകാൻ വിസമ്മതിച്ചു. മാതൃസഹോദരീ പുത്രനായ പത്താംതരം വിദ്യാർത്ഥി പതിമൂന്നുകാരിയെ, പെൺകുട്ടിയുടെ വീട്ടിൽ ലൈംഗികമായി പീഡിപ്പിച്ചതായി സ്കൂൾ കൗൺസിലിംഗ് വേളയിലാണ് പുറത്തുവിട്ടത്.

പെൺകുട്ടിയുടെ പരാതി സ്കൂളധികൃതർ ചൈൽഡ് ലൈനിനും, പിന്നീട് പോലീസിനും നൽകിയതിനെത്തുടർന്ന് ഹൊസ്ദുർഗ്ഗ് പോലീസ് പോക്സോ ചുമത്തി പതിനേഴുകാരന്റെ പേരിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തത് കഴിഞ്ഞ ദിവസമാണ്. പെൺകുട്ടിയുടെ വീട്ടിലെത്തി വനിതാ പോലീസ് മൊഴിയെടുത്തപ്പോൾ പതിനേഴുകാരൻ പീഡിപ്പിച്ച കാര്യം പെൺകുട്ടി തുറന്നുപറഞ്ഞതനുസരിച്ചാണ് പോലീസ് കേസ്സ് റജിസ്റ്റർ ചെയ്തത്.

ഇന്നലെ സിആർപിസി 164 അനുസരിച്ച് രഹസ്യ മൊഴി രേഖപ്പെടുത്താൻ പതിമൂന്നുകാരിയെ ന്യായാധിപന് മുന്നിൽ ഹാജരാക്കിയപ്പോഴാണ് രഹസ്യ മൊഴി നൽകാൻ പതിമൂന്നുകാരി വിസമ്മതിച്ചത്. പെൺകുട്ടിയെ ഇനി കാസർകോട് ബാലാവകാശ കേസ്സുകൾ കൈകാര്യം ചെയ്യുന്ന ന്യായാധിപൻ മുമ്പാകെ ഹാജരാക്കും. ഇൗ കേസ്സിൽ ഇരയും, ബന്ധുവായ പ്രതിയും, പ്രായപൂർത്തിയാകാത്തവരായതിനാൽ, പ്രതിയുടെ പേരും മറ്റു വിവരങ്ങളും പോലീസ് പുറത്തുവിട്ടില്ല.

Read Previous

തിരുവനന്തപുരം സ്വദേശി നീലേശ്വരത്ത് തൂങ്ങി മരിച്ചു

Read Next

തട്ടിക്കൊണ്ടുപോയി കൊല; പ്രധാനപ്രതി വിദേശത്തേക്ക് കടന്നതായി സൂചന