ഒളിച്ചോടിയ കമിതാക്കളെ ജയിലിലടച്ചു

പള്ളിക്കര: മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കളെ കോടതി ജയിലിലടച്ചു. ബേക്കല്‍ പള്ളിക്കരയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ ഷെഫീക്ക്, പള്ളിക്കര സിഎച്ച് നഗറില്‍ താമസിക്കുന്ന പടന്നക്കാട് അനന്തംപള്ളയിലെ ജാസ്മിന്റെ മകള്‍ സൈനബ എന്നിവരെയാണ് ഹോസ്ദുര്‍ഗ് കോടതി റിമാന്റ് ചെയ്തത്. കഴിഞ്ഞമാസം 31 നാണ് ഇരുവരും ഒളിച്ചോടിയത്.

സൈനബയ്ക്ക് മൂന്നും ഷെഫീക്കിന് രണ്ടും കുട്ടികളുണ്ട്. ഷെഫീക്ക് ഭാര്യയേയും കുട്ടികളേയും ഉപേക്ഷിച്ചും, സൈനബ ഗള്‍ഫിലുള്ള ഭര്‍ത്താവിനേയും മൂന്ന് കുട്ടികളേയും ഉപേക്ഷിച്ചാണ് നാടുവിട്ടത്. സൈനബയുടെ ഭര്‍തൃസഹോദരന്റെ പരാതിയിലും ഷഫീക്കിന്റെ പിതാവിന്റെ പരാതിയിലും ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയില്‍ എറണാകുളത്ത് ബേക്കല്‍ എസ്‌ഐ സി.രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇരുവരേയും അറസ്റ്റുചെയ്തത്.

ഒളിച്ചോടിയതിനുശേഷം പടന്നക്കാട് അനന്തംപള്ളയിലെ വീട്ടിലെത്തി സൈനബ നാലുവയസുള്ള മകനെ എടുത്തുകൊണ്ടുപോയിരുന്നു. ഇതുസംബന്ധിച്ച് കൊച്ചുമകനെ കാണാനില്ലെന്ന സൈനബയുടെ മാതാവ് ജാസ്മിന്റെ പരാതിയില്‍ ഹോസ്ദുര്‍ഗ് പോലീസും കേസെടുത്തിരുന്നു. സൈനബയേയും ഷഫീക്കിനേയും പോലീസ് അറസ്റ്റുചെയ്യുമ്പോള്‍ കൂടെ നാലുവയസുള്ള കുഞ്ഞും കൂടെയുണ്ടായിരുന്നു. സൈനബയേയും ഷഫീക്കിനേയും റിമാന്റ് ചെയ്തപ്പോള്‍ കുഞ്ഞിനെ കോടതി സൈനബയുടെ ഭര്‍തൃസഹോദരന്റെ സംരക്ഷണയില്‍ ഏല്‍പ്പിച്ചു.

LatestDaily

Read Previous

ഹോക്കി ഒളിമ്പ്യൻ വരീന്ദർ സിംഗ് അന്തരിച്ചു

Read Next

കല്ലേപ്പള്ളി മേഖലയിൽ പ്രകമ്പനം