ഹൃദയാഘാതമുണ്ടായ രോഗി 20 മിനുറ്റിൽ പരിയാരം ഹൃദയാലയിലെത്തിയിട്ടും രക്ഷപ്പെട്ടില്ല

കാഞ്ഞങ്ങാട് : ഹൃദയാഘാതമേറ്റ അമ്പത്തിയഞ്ചുകാരനെ കാഞ്ഞങ്ങാട്ടുനിന്ന് 20 മിനുറ്റുകൾക്കകം പരിയാരം മെഡിക്കൽ കോളേജിലെ ഹൃദയ പരിചരണ വിഭാഗത്തിലെത്തിച്ചിട്ടും മരണം സംഭവിച്ചു. കാസർകോട് ജനറൽ ആശുപത്രിയിലെ അറ്റൻഡർ -കം സെക്യൂരിറ്റി ജീവനക്കാരൻ കിഴക്കുംകര മണലിൽ താമസിക്കുന്ന വി. ബാലന് ജൂൺ 26-ന് ഞായർ രാവിലെ 9 മണിയോടെയാണ് ഹൃദയാഘാതമുണ്ടായത്.

വീട്ടുകാർ ഉടൻ ബാലനെ കുന്നുമ്മൽ ദീപ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഇസിജി പരിശോധനയിൽ നില അൽപ്പം മോശമായതിനാൽ, ആംബുലൻസിൽ രണ്ട് നഴ്സുമാരുടെ സഹായത്തോടെ ആനന്ദാശ്രമം സഞ്ജീവനി ആശുപത്രിയിലെത്തിച്ചു. സഞ്ജീവനിയിൽ പരിശോധിച്ചപ്പോഴും, രക്ത സമ്മർദ്ദം കുറഞ്ഞുവരുന്ന തായി കാണപ്പെട്ടതിനാൽ അതേ ആംബുലൻസിൽത്തന്നെ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

രോഗിയുടെ അപകടനില മനസ്സിലാക്കിയ ഡ്രൈവർ ആംബുലൻസ് 20 മിനുറ്റുകൾക്കകം പരിയാരത്തെത്തിച്ചിരുന്നു. പരിയാരത്ത് എത്തിയതിന് ശേഷം തുടരെ തുടരെ ബാലന് മിനുറ്റുകൾ ഇടവിട്ട് മൂന്ന് തവണ ഹൃദയാഘാതമുണ്ടായി. രക്ത സമ്മർദ്ദം കുറഞ്ഞുകുറഞ്ഞുവന്നതിനാൽ ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിലെ തടസ്സങ്ങൾ നീക്കം ചെയ്യാൻ ഡോക്ടർമാർക്ക്  കാത്തിരിക്കേണ്ടി വന്നു. വീണ്ടും ശക്തിയായി ആവർത്തിച്ച ഹൃദയാഘാതത്തെത്തുടർന്ന് വൈകുന്നേരത്തോടെ ബാലൻ മരണപ്പെട്ടു. കരിവെള്ളൂർ കൊഴുമ്മലിലെ പരേതനായ കണ്ണൻ-വി. പാറു ദമ്പതികളുടെ മകനാണ്.

ഭാര്യ നിഷ. മണലി, അജാനൂർ ക്രസന്റ് ഹൈസ്കൂളിൽ ഹിന്ദി അധ്യാപികയാണ്. മക്കൾ : നന്ദകിഷോർ (നെഹ്റു കോളേജ് ബിരുദ വിദ്യാർത്ഥി), അനിരുദ്ധ് ഹൈസ്കൂൾ വിദ്യാർത്ഥി. സഹോദരങ്ങൾ : വി. കൃഷ്ണൻ (വെരീക്കര), വി. മോഹനൻ (കണ്ണവം), മൃതദേഹം തുളുച്ചേരി പൊതുശ്മശാനത്തിൽ സംസ്ക്കരിച്ചു.

Read Previous

ഫെഫ്ക നിര്‍മ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

Read Next

സിഗ്സ് ടെക്ക് ചിട്ടിക്കമ്പനിക്കെതിരെ നാല് കേസുകൾ കൂടി