വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

തൃക്കരിപ്പൂർ: കുളത്തിൽ മുങ്ങിമരിച്ച വിദ്യാർത്ഥിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം  ബന്ധുക്കൾ ഏറ്റുവാങ്ങി. ഇന്നലെ വൈകുന്നേരം 5 മണിക്കാണ് ഉദിനൂർ കൂലോം ക്ഷേത്രത്തിന് സമീപം പടന്ന പഞ്ചായത്തിന്റെ അധീനതയിലുള്ള പൊതുകുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചത്.

ഉദിനൂർ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പത്താംതരം വിദ്യാർത്ഥിയായ അലൻ ബർനാഡാണ്  ഇന്നലെ പഞ്ചായത്ത് കുളത്തിൽ കുളിക്കുന്നതിനിടെ  മുങ്ങി മരിച്ചത്. കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനെത്തിയ വിദ്യാർത്ഥി കുളത്തിൽ മുങ്ങിത്താഴുകയായിരുന്നു. കൂടെയുള്ള വിദ്യാർത്ഥികൾ നിലവിളിച്ചതിനെത്തുടർന്ന് ഓടിയെത്തിയ നാട്ടുകാർ തൃക്കരിപ്പൂർ അഗ്നിരക്ഷാ നിലയത്തിൽ വിവരമറിയിക്കുകയായിരുന്നു.

നാട്ടുകാരും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ചേർന്ന് കുട്ടിയെ കുളത്തിൽ നിന്ന് പുറത്തെടുത്തുവെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. കണ്ണൂർ ഗവൺമെന്റ്  മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഏറ്റുവാങ്ങിയ മൃതദേഹം ഇന്നുച്ചയോടെ പൊതുദർശനത്തിന് വെച്ച ശേഷമാണ് വീട്ടിലേക്ക് കൊണ്ടുപോയത്.

വലിയപറമ്പ് പഞ്ചായത്ത് സീനിയർ ക്ലാർക്ക്  എംവി ബർനാഡിന്റെയും, പടന്ന പ്രാഥമികാരോഗ്യ കേന്ദ്രം ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സ് ജിൻസി ബർനാഡിന്റെയും മകനാണ് അലൻ ബർനാഡ്. സഹോദരി അഞ്ജു ബർനാഡ്. സംഭവത്തിൽ ചന്തേര പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

LatestDaily

Read Previous

മുക്കട പരപ്പച്ചാലിൽ ലോറി മറിഞ്ഞു: ഒരു മരണം

Read Next

തോയമ്മൽ വാർഡിൽ 21 ന് ഉപതെരഞ്ഞെടുപ്പ്