പൂച്ചക്കാട്ട് 30 പവൻ സ്വർണ്ണവും 3. 5 ലക്ഷം രൂപയും കവർന്നു

ബേക്കൽ: പൂച്ചക്കാട്ട്  വീട്ടിൽ വൻ കവർച്ച. ഹൈദ്രോസ് ജുമാ മസ്ജിദിന് പിറകുവശം റെയിൽപാളത്തിലേക്ക് പോകുന്ന റോഡിൽ താമസിക്കുന്ന ബടക്കൻ മുഹമ്മദ്കുഞ്ഞിയുടെ മകൻ അബ്ദുൾ മുനീർ ബടക്കന്റെ വീട്ടിൽ നിന്നാണ് ഇന്ന് പുലർച്ചെ 30 പവൻ സ്വർണ്ണവും മൂന്നരലക്ഷം രൂപയും കവർന്നത്. വീടിന്റെ ഒന്നാം നില വഴിയാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ഒന്നാം നിലയിലെ മുറിയുടെ ജനൽ പാതിതുറന്നിട്ട നിലയിലായിരുന്നു. ഇതുവഴി കൈ കടത്തിയാണ്  മോഷ്ടാക്കൾ മുകൾനിലയിലെ വാതിൽ തുറന്നത്.

മുനീറും കുടുംബവും ഉറങ്ങിക്കിടന്ന കിടപ്പുമുറിയിലെ അലമാരയ്ക്കകത്തു നിന്നാണ് സ്വർണ്ണവും പണവും അപഹരിച്ചത്. മുറിക്കകത്ത് സൂക്ഷിച്ചിരുന്ന താക്കോലുപയോഗിച്ച് സ്വർണ്ണവും പണവും മോഷ്ടിച്ച തസ്ക്കരർ വീടിന്റെ മുൻവാതിൽ തുറന്നാണ് പുറത്തു കടന്നത്. പുലർച്ചെ ഉണർന്നെണീക്കാറുള്ള അബ്ദുൾമുനീർ പ്രഭാത നമസ്ക്കാരത്തിന് പള്ളിയിലെത്താറുണ്ടായിരുന്നു. ഇന്ന് വളരെ വൈകിയാണ് ഇദ്ദേഹവും കുടുംബവും ഉറക്കമുണർന്നത്. വീടിന്റെ മുൻവാതിൽ തുറന്ന നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കവർച്ച നടന്ന വിവരം അബ്ദുൾ മുനീറും കുടുംബവും അറിഞ്ഞത്.

മർച്ചന്റ് നേവിയിൽ ഉദ്യോഗമുള്ള അബ്ദുൾ മുനീർ സ്വകാര്യാവശ്യങ്ങൾക്കായി ഇന്നലെ ബാങ്കിൽ നിന്നും പണം പിൻവലിച്ചിരുന്നു. ഈ പണവും സ്വർണ്ണവുമാണ് അപഹരിക്കപ്പെട്ടത്. കവർച്ച നടന്ന വീട്ടിൽ ബേക്കൽ ഡിവൈഎസ്പി, സി.കെ സുനിൽകുമാർ, എസ്ഐ, കെ. രാജീവ് എന്നിവർ പ്രാഥമിക പരിശോധന നടത്തി. വിരലടയാള വിദഗ്ധരും പോലീസ് നായ  വീട്ടിൽ പരിശോധന നടത്തി. പൂച്ചക്കാട്ടെ ഇബ്രാഹിമിന്റെ വീട്ടിലും കവർച്ചാശ്രമം നടന്നു. അബ്ദുൾ മുനീറിന്റെ വീടിന്റെ തൊട്ടടുത്താണ് ഇബ്രാഹിമിന്റെയും വീട്. ഇവിടെ നടന്ന കവർച്ചാശ്രമം പരാജയപ്പെട്ടു.

LatestDaily

Read Previous

സി.എച്ച് ഇസ്മയിൽ ഹാജി അന്തരിച്ചു

Read Next

പൂച്ചക്കാട് കവർച്ച പുലർകാലം