പ്രകൃതിവിരുദ്ധ പീഡനക്കേസ് പ്രതിയെ പള്ളി ഖത്തീബായി നിയമിച്ച ജമാ അത്തിനെതിരെ പ്രതിേഷധം

കാഞ്ഞങ്ങാട്: മദ്രസ്സ വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയതിന്റെ പേരിൽ ജോലിയിൽ നിന്നും പുറത്താക്കിയ മദ്രസ്സാധ്യാപകനെ ഖത്തീബായി നിയമിച്ച പടന്നക്കാട് മുഹ്്യദ്ദീൻ ജമാ അത്ത് കമ്മിറ്റി ഭാരവാഹികളുടെ നിലപാടിനെതിരെ ജമാ അത്തിൽ ഭിന്നത.

ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മദ്രസ്സയിൽ പഠിക്കുന്ന ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ 13കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കുടക് സ്വദേശി സുബൈർ ദാരിമിയെയാണ് പടന്നക്കാട് മുഹ്്യദ്ദീൻ ജുമാ പള്ളിയിൽ ഖത്തീബായി നിയമിച്ചത്. സുബൈർ ദാരിമി പ്രകൃതിവിരുദ്ധ പീഡനം നടത്തിയ ആളാണെന്ന് നേരത്തെ ജമാ അത്തിന് വിവരം ലഭിച്ചിരുന്നു.  ആദൂർ  പോലീസ് സ്റ്റേഷൻ പരിധിയിലെ മദ്രസ്സയിൽ പഠിക്കുന്ന 13 കാരനെ ഇയാൾ പല തവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയിരുന്നു.

ഇസ്ലാം മത വിശ്വാസികൾ പുണ്യമാസമായി കണക്കാക്കുന്ന റമദാൻ മാസത്തിലെ നോമ്പുകാലത്ത് മദ്രസ്സാധ്യാപകൻ കുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു. നോമ്പിന്റെ 27-ാം നാൾ മതാധ്യാപകൻ കുട്ടിയെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കുന്നത് യാദൃശ്ചികമായി ചിലർ കണ്ടുപിടിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ അധ്യാപകനെ താക്കീത് നൽകി ജോലിയിൽ നിന്നും പിരിച്ചുവിട്ടു.

ഇതിന് പിന്നാലെയാണ് സുബൈർ ദാരിമിയെ പടന്നക്കാട് പള്ളിയുടെ ഖത്തീബായി നിയോഗിച്ചത്. ഈ വിവരം പീഡനത്തിനിരയായ 13കാരന്റെ ബന്ധുക്കൾ അറിയുകയും,  ഇവർ പടന്നക്കാട്ട് നേരിട്ടെത്തി ജമാ അത്ത് കമ്മിറ്റിക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. സുബൈർ ദാരിമി പ്രകൃതിവിരുദ്ധ ലൈംഗിക ചൂഷണ സംഭവത്തിൽ ആരോപണവിധേയനാണെന്നായിരുന്നു ഇരയുടെ ബന്ധുക്കൾ ജമാ അത്ത് കമ്മിറ്റിയെ അറിയിച്ചത്. വിവരമറിഞ്ഞിട്ടും പുതുതായി നിയമിച്ച ഖത്തീബിനെ പിരിച്ചുവിടാൻ കമ്മിറ്റി തയ്യാറായില്ല.

സുബൈർ ദാരിമി മദ്രസ്സാ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വിവരം ഇതിനിടയിൽ ചൈൽഡ് ലൈനിന് ലഭിച്ചിരുന്നു. ചൈൽഡ് ലൈനിന്റെ നിർദ്ദേശപ്രകാരം സുബൈർ ദാരിമിക്കെതിരെ ആദൂർ പോലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനിടയിൽ രണ്ട് വെള്ളിയാഴ്ചകളിൽ സുബൈർ ദാരിമി ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകുകയും പള്ളിയിൽ പ്രഭാഷണം നടത്തുകയും ചെയ്തു.

സ്വഭാവദൂഷ്യത്തിന്റെ പേരിൽ പിരിച്ചുവിട്ട മദ്രസ്സാധ്യാപകനെ ഖത്തീബായി നിയമിച്ച പടന്നക്കാട് മുഹ്്യദ്ദീൻ ജമാ അത്ത് കമ്മിറ്റി, ജമാ അത്തിന് നാണക്കേടുണ്ടാക്കിയെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. പ്രകൃതിവിരുദ്ധ ലൈംഗിക പീഡനക്കേസ്സിലെ പ്രതിയെ പള്ളി ഖത്തീബായി നിയമിച്ച ജമാ അത്ത് കമ്മിറ്റി ജമാ അത്ത് നിവാസികൾക്ക് അപമാനമാണെന്നും ഒരു വിഭാഗം വാദിക്കുന്നു. നിലവിൽ ജമാ അത്ത് കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞതാണെന്നും ആരോപണമുണ്ട്.

LatestDaily

Read Previous

പയ്യന്നൂരില്‍ അനുനയ നീക്കവുമായി സി.പി.എം

Read Next

പതിനാറുകാരിയെ ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ