Breaking News :

തോക്ക് കെണിയിലെ മരണം; പോലീസ് അന്വേഷണമാരംഭിച്ചു

ഉദുമ: കാട്ടുപന്നിയെ കൊല്ലാൻ കെണി വെച്ച തോക്കിൽ നിന്നും വെടിയുതിർന്ന് കർഷകൻ മരിച്ച സംഭവത്തിൽ ബേക്കൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മെയ് 14-ന്  രാവിലെയാണ് കരിച്ചേരി വെള്ളാക്കോട് കോളിക്കല്ലിലെ സിപിഐ നേതാവ് എം മാധവൻ നമ്പ്യാർ 65, കാട്ടുപന്നിക്ക് വെച്ച തോക്ക് കെണിയിൽപ്പെട്ട് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ  ഇദ്ദേഹത്തിന്റെ വീടിന് സമീപത്ത് ചക്ക പറിക്കാൻ പോയപ്പോഴാണ് അനധികൃതമായൊരുക്കിയ കെണിയിൽത്തട്ടി മാധവൻ നമ്പ്യാരുടെ ജീവൻ നഷ്ടമായത്. തോക്കിന്റെ കാഞ്ചിയിൽ കെട്ടിയ ചരടിൽ അബദ്ധത്തിൽ തട്ടിയതോടെ തോക്കിൽ നിന്നും വെടിയുതിരുകയായിരുന്നു. മുട്ടിന് താഴെ വെടിയേറ്റ ഇദ്ദേഹത്തെ പ്രദേശവാസികൾ വളരെ വൈകിയാണ് കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ച ഇദ്ദേഹം ഇന്നലെ പുലർച്ചെയാണ് മരിച്ചത്.

സിപിഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയംഗമായ മാധവൻ നമ്പ്യാരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ വീട്ടുപറമ്പിൽ സംസ്കരിച്ചു. പനയാലിലെ ശ്രീഹരിയാണ് കട്ടുപന്നിയെ പിടിക്കാൻ കെണിയൊരുക്കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. തോക്കിന് ലൈസൻസുണ്ടോയെന്നതടക്കം പോലീസ് പരിശോധിക്കും.

Read Previous

ഗ്യാസ് സിലിണ്ടർ നിറച്ച ലോറി കുഴിയിൽ വീണു

Read Next

ഇനിയും ഒരങ്കത്തിന് ബാല്യമുണ്ട് : കൈതപ്രം