സിഗ്സ്ടെക്ക് ചിട്ടിത്തട്ടിപ്പ്  10 കേസുകൾ കൂടി

കാഞ്ഞങ്ങാട് : പ്രമാദമായ സിഗ്സ്ടെക്ക് ചിട്ടി നിക്ഷേപത്തട്ടിപ്പിൽ നീലേശ്വരം, ചന്തേര പോലീസ് സ്റ്റേഷനുകളിലായി ഇന്നലെ മാത്രം റജിസ്റ്റർ ചെയ്തത് 10 കേസുകൾ. ജൂൺ 14-ന് അമ്പലത്തറ , ബേക്കൽ, ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത 11 കേസുകൾക്ക് പുറമെയാണിത്. ജൂൺ 14-ന് അമ്പലത്തറ പോലീസിൽ മാത്രം 9 കേസുകളാണ് സിഗ്സ്ടെക്ക് മാർക്കറ്റിംഗ് ലിമിറ്റഡ് എന്ന തട്ടിപ്പു സ്ഥാപനത്തിനെതിരെ റജിസ്റ്റർ ചെയ്തത്.

നീലേശ്വരം അടുക്കത്ത് പറമ്പിലെ അനഘരാജിന്റെ 23, പക്കൽ നിന്ന് 2013 മുതൽ 2016 മെയ് 9 വരെ 98 തവണകളായി 28,000 രൂപയാണ് ചിട്ടിക്കമ്പനി തട്ടിയെടുത്തത്. അടുക്കത്ത് പറമ്പിലെ ബാലകൃഷ്ണന്റെ ഭാര്യ സാവിത്രി ബാലകൃഷ്ണനിൽ നിന്നും 2017-ൽ 1,13,000 രൂപയും 2016 ജനുവരി 12-ന് 25,000 രൂപയും സ്ഥാപനം നിക്ഷേപമായി തട്ടിയെടുത്തു. ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ പിലിക്കോട് കോതോളിയിൽ താമസിക്കുന്ന ലീല കൃഷ്ണനിൽ നിന്നും  , നാല് പ്രാവശ്യമായി 70,000 രൂപയാണ് സ്ഥാപനം നിക്ഷേപമായി തട്ടിയെടുത്തത്.

കോതോളിയിലെ വിശ്വംഭരന്റെ ഭാര്യ കെ. സജിതയിൽ നിന്നും 2013 മുതൽ 2017 വരെ 59,000 രൂപയും 2013 നവംബർ 17-ന് 90,000 രൂപയും തട്ടിപ്പു സംഘം തട്ടിയെടുത്തു. പിലിക്കോട് കുളിരങ്കൈ ഇരവിൽ രാഘവന്റെ മകൻ  സജിത്തിൽ നിന്നും 54,000 രൂപയും കുളിരങ്കൈയിലെ അമ്പുവിന്റെ മകൻ കെ. കൃഷ്ണനിൽ നിന്നും 1 ലക്ഷം രൂപയും 2014-ൽ ഇരവിലെ രാഘവന്റെ മകൻ കെ. സജിത്തിൽ നിന്നും തന്നെ 10,000 രൂപയും സിഗ്സ് ടെക്ക് ചിട്ടിക്കമ്പനി നിക്ഷേപമായി സ്വീകരിച്ചിരുന്നു.

തളിപ്പറമ്പ് ചിറവക്ക് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന സിഗ്സ്ടെക്ക് മാർക്കറ്റിംഗ് ലിമിറ്റഡ് എന്ന തട്ടിപ്പ് കമ്പനിക്കെതിരെ ദിനംപ്രതി നിരവധി വഞ്ചനാ കേസുകളാണ് കാസർകോട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്യപ്പെട്ടത്. കോട്ടയം അയ്മനത്തെ പരേതനായ രാജേഷിന്റെ ഭാര്യ വൃന്ദാരാജേഷടക്കം 53, ഏഴ് പേരാണ് കേസിലെ പ്രതികൾ.

LatestDaily

Read Previous

എം.രാഘവന്റെ ഭാര്യാ പിതാവ് കെ. കൊട്ടൻ അന്തരിച്ചു

Read Next

മത്സ്യത്തൊഴിലാളി തിരയിൽപ്പെട്ട് മരിച്ചു