കാലിച്ചാനടുക്കം വെടി വെപ്പിന് കാരണം  പോലീസ് അനാസ്ഥയെന്ന് നാട്ടുകാർ

കാഞ്ഞങ്ങാട്: കാലിച്ചാനടുക്കത്ത് യുവാവിന്റെ പരാക്രമത്തിൽ 2 പേർക്ക് വെടിയേൽക്കാനിടയായ സംഭവത്തിന് കാരണം അമ്പലത്തറ പോലീസിന്റെ അനാസ്ഥയെന്ന് നാട്ടുകാർ. സംഭവം നടന്നതിന്റെ തലേദിവസം യുവാവ് പോലീസിന് നേരെ  വെടിയുതിർത്തുവെങ്കിലും യുവാവിനെ പിടികൂടാനോ, തോക്ക് പിടിച്ചെടുക്കാനോ പോലീസ് തയ്യാറായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

മെയ് 11-ന് ശനിയാഴ്ചയാണ് കാലിച്ചാനടുക്കം ചാമക്കുഴിയിലെ ബെന്നി വള്ളിപ്പറമ്പിൽ 50,  സ്ക്കറിയ തടത്തിൽമാക്കൽ 55, എന്നിവർക്ക് വെടിയേറ്റത്. കാലിച്ചാനടുക്കത്തെ റിട്ടയേർഡ് എസ് ഐ, ലൂയിസിന്റെ മകൻ ഗോഡ്സൺ എന്ന ബിജുവാണ്  നാട്ടുകാർക്കെതിരെ വെടിയുതിർത്തത്. പിതാവിന്റെ സ്കൂട്ടിക്ക് തീവെച്ച ബിജു സംഭവം കണ്ട്  ഓടിയെത്തിയവർക്കെതിരെ എയർഗൺ ഉപയോഗിച്ച് വെടി വെക്കുകയായിരുന്നു. വള്ളിപ്പറമ്പിൽ ബെന്നിയുടെ നെഞ്ചിന്  സമീപത്തും വയറിനുമാണ് വെടിയേറ്റത്.

മെയ് 10-ന് വെള്ളിയാഴ്ച രാത്രിയും ബിജു വീട്ടിൽ അക്രമം നടത്തിയിരുന്നു. വിവരമറിഞ്ഞതിനെത്തുടർന്ന് സ്ഥലത്തെത്തിയ അമ്പലത്തറ പോലീസിന്  നേരെയും  വെള്ളിയാഴ്ച ബിജു വെടിവെച്ചിരുന്നുവെങ്കിലും, പോലീസ് സംഭവം നിസ്സാരവത്കരിച്ച് തിരിച്ച് പോയി. നാട്ടുകാരെ വെടിവെച്ച ബിജുവിനെ വെടിയേറ്റവർ തന്നെയാണ് പോലീസിന്റെ സഹായത്തോടെ കീഴ്പ്പെടുത്തിയത്.

ബിജുവിന് മാനസികാസ്വാസ്ഥ്യമാണെന്നാണ് പോലീസ് ഭാഷ്യമെങ്കിലും, ബിജു മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമയാണെന്നാണ് നാട്ടുകാർ പറയുന്നത്. നാട്ടുകാരെ വെടി വെച്ച ബിജുവിനെ മാനസിക ചികിത്സയ്ക്ക് മംഗളൂരുവിൽ കൊണ്ടുപോയിരുന്നെങ്കിലും,  കാര്യമായ തകരാറില്ലാത്തതിനാൽ തിരികെ വിട്ടതായി സൂചനയുണ്ട്.

ഇതേത്തുടർന്ന് യുവാവിനെ ബന്ധുക്കൾ ട്രെയിൻ മാർഗ്ഗം തൊടുപുഴയിലെ  മാനസികാരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചിരുന്നു. മംഗളൂരുവിൽ നിന്നും തൊടുപുഴയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ  ബിജു കോട്ടിക്കുളത്ത് ട്രെയിനിന് വേഗത കുറഞ്ഞപ്പോൾ ട്രെയിനിൽ നിന്നും പുറത്തു ചാടി. ഇതേത്തുടർന്ന് പിതാവ്  ലൂയിസ് ബേക്കൽ പോലീസിൽ പരാതി നൽകി. പ്രസ്തുത പരാതിയിൽ കേസെടുത്ത് പോലീസ് നടത്തിയ അന്വേഷണത്തിൽ യുവാവിനെ എറണാകുളത്ത് കണ്ടെത്തിയിരുന്നു.

ബിജുവിന്റെ വെടിയേറ്റ ബെന്നി വള്ളിപ്പറമ്പിൽ, സ്ക്കറിയ തടത്തിൽമാക്കൽ എന്നിവരെ നീലേശ്വരം തേജസ്വിനി സഹകരണാശുപക്രിയിൽ  ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഇരുവരുടെയും  ശരീരത്തിലെ വെടിയുണ്ടകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.

LatestDaily

Read Previous

വാഹനമിടിച്ച് ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവർ മരിച്ചു

Read Next

ചന്ദനക്കടത്ത്: രണ്ടുപേർ പിടിയിൽ