ഐ എൻ എല്ലിൽ പ്രതിസന്ധി

കാഞ്ഞങ്ങാട് : ഇന്ത്യൻ നാഷണൽ ലീഗിൽ ഇടക്കാലത്ത് കെട്ടടങ്ങിയ പ്രതിസന്ധി വീണ്ടും രൂക്ഷമായി. കോഴിക്കോട് കാലിക്കറ്റ് ടവറിൽ കഴിഞ്ഞ ദിവസം 9 മണിക്ക് ചേർന്ന സംസ്ഥാന സിക്രട്ടറിയേറ്റ് യോഗത്തിലും 11 മണിക്ക് ചേർന്ന പ്രവർത്തക സമിതി യോഗത്തിലും 70 പേർ പങ്കെടുക്കേണ്ടിടത്ത് 40 ഓളം പേർ മാത്രമായിരുന്നു.

സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ ഡോ: അമീൻ, എം.എം.മാഹിൻ സംസ്ഥാന സിക്രട്ടറിമാരായ എം.എ.ലത്തീഫ്, സുലൈമാൻ തൊടുപുഴ, ഷംസുദ്ദീൻ പൊന്നാനി, മൊയ്തീൻ കുഞ്ഞി കളനാട്, എൻ എൽ യു സംസ്ഥാന സിക്രട്ടറി സി.എം.എ.ജലീൽ, എന്നിവർ കോഴിക്കോട്ടെ യോഗത്തിൽ നിന്ന് വിട്ടുനിന്നു.

കാസർകോട് ജില്ലാ പ്രവർത്തക സമിതി മെയ് 30 ന് മുമ്പ് ചേരാൻ  നിർദ്ദേശിച്ചിട്ടും ജില്ലാ സിക്രട്ടറി യോഗം വിളിക്കാത്തത് അ ംഗങ്ങളുടെ രൂക്ഷ വിമർശനം മുന്നിൽ കണ്ടുകൊണ്ടെന്നാണ് ആരോപണം. ഐഎൻഎൽ വീണ്ടും ഒരു പിളർപ്പിനെ നേരിടുന്ന രീതിയിലേക്കാണ് കാര്യങ്ങൾ എത്തി നിൽക്കുന്നത്. കാസർകോട് ജില്ലയിലും പാർട്ടി ഭാരവാഹികൾക്കിടയിൽ പ്രശ്നങ്ങൾ  തലയുയർത്തിയിട്ടുണ്ട്.

ബേക്കൽ റിസോഴ്സ് ഡവലപ്മെന്റ് കോർപ്പറേഷനിലേക്ക് (ബിആർഡിസി) ഐഎൻഎല്ലിൽ  പാർട്ടിയുടെ ഒരു ഡയറക്ടർ ബോർഡ് അംഗത്തിന്റെ പേര് മുകളിൽ നിന്ന് ആവശ്യപ്പെട്ടുവെങ്കിലും ജില്ലാ കമ്മിറ്റിയിലുള്ള വടംവലി മൂലം ഇനിയും പേര് നിർദ്ദേശിക്കാൻ കഴിഞ്ഞിട്ടില്ല. ബിആർഡിസി ബോർഡംഗമായി ഐഎൻഎൽ ജില്ലാ പ്രസിഡണ്ട് കാഞ്ഞങ്ങാട്ടെ എം.ഹമീദ് ഹാജിയെ നിയമിക്കുന്നതിന് അംഗങ്ങളിൽ നിന്നുള്ള എതിർപ്പ് നീങ്ങി കിട്ടിയില്ല.

പാർട്ടി സംസ്ഥാന സമ്മേളനത്തിന്റെ മുന്നറിയിപ്പായി സംസ്ഥാനമൊട്ടുക്കും നടന്ന വിളംബര ജാഥയിൽ കാസർകോട്ട് മുന്നൂറോളം പേർമാത്രം സംബന്ധിച്ചത് ജില്ലാ നേതൃത്വത്തിന്റെ പോരായ്മയായി കാണുന്നു.ഭരണമുണ്ടായിട്ടും കാസർകോട് ജില്ലയിൽ പുതുതായി പാർട്ടിയിലേക്ക് ആളുകൾ വരുന്നില്ലെന്നാണ് അണികളുടെ മറ്റൊരു ആരോപണം. 

Read Previous

വഴി മുടക്കുന്ന റെയിൽവേ

Read Next

ബിജെപിയിൽ കലാപം, കെ. ശ്രീകാന്തിനെതിരെ കാസർകോട്ട് ഫ്ലക്സ്‌ ബോർഡുകൾ