സ്വപ്നയുടെ ബിരിയാണിച്ചെമ്പിന് പിന്നിൽ സംഘപരിവാർ നീക്കം

കാഞ്ഞങ്ങാട് : മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ് പുറത്തുവിട്ട ബിരിയാണിച്ചെമ്പ് വിവാദത്തിന് പിന്നിൽ സംഘപരിവാറാണെന്ന സംശയം ബലപ്പെട്ടു. സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നിൽ അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെയും അവരുടെ അഭിഭാഷകന്റെയും സമ്മർദ്ദമുണ്ടായിരുന്നുവെന്നാണ് പുറത്തുവന്ന വിവരങ്ങൾ. സംഘപരിവാർ നിയന്ത്രണത്തിലുള്ള എച്ച് ആർ ഡി എസ് എന്ന എൻ.ജി.ഒ. സ്ഥാപനത്തിലാണ് സ്വപ്ന നിലവിൽ ജോലി ചെയ്യുന്നത്.

ജാമ്യം ലഭിച്ച് ജയിൽ മോചിതയായതിന് തൊട്ടുപിന്നാലെയാണ് സ്വപ്ന  സ്ഥാപനത്തിന്റെ ഡയറക്ടറായി ചുമതലയേറ്റത്. വരുമാന മാർഗ്ഗങ്ങളെല്ലാം അടഞ്ഞപ്പോൾ,  ഉപജീവനത്തിനായാണ് സ്വപ്ന ഈ ജോലി സ്വീകരിച്ചത്. കോടതിയിൽ നേരത്തെ കൊടുത്ത രഹസ്യമൊഴിക്ക് പുറമെ പുതിയ രഹസ്യ മൊഴി നൽകാൻ ഇവരുടെ മേൽ സമ്മർദ്ദമുണ്ടായിരുന്നുവെന്നാണ് സൂചന.

മുഖ്യമന്ത്രിയുടെ ദൂതൻ തന്നെ സമീപിച്ചിരുന്നുവെന്ന സ്വപ്നയുടെ ഇന്നലത്തെ വെളിപ്പെടുത്തലാണ് കാര്യങ്ങൾ തകിടം മറിച്ചത്. സ്വപ്ന   മുഖ്യമന്ത്രിയുടെ ദൂതനായി അവതരിപ്പിച്ച ഷാജ് കിരൺ എന്നയാൾ തന്നെയാണ് സംഭവം നിഷേധിച്ച് രംഗത്തെത്തിയത്. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിന് പിന്നിൽ അവരുടെ അഭിഭാഷകനും സംഘപരിവാർ അനുഭാവിയുമായ കൃഷ്ണരാജാണെന്നായിരുന്നു ഷാജ് കിരണിന്റെ വെളിപ്പെടുത്തൽ.

മുഖ്യമന്ത്രിയെയും കുടുംബത്തെയും  സോഷ്യൽ മീഡിയ വഴി അപമാനിച്ചതിലൂടെ വിവാദത്തിലായ അഭിഭാഷകൻ കൂടിയാണ് കൃഷ്ണരാജ്. മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിക്കാൻ ദൂതനായ ഷാജ് കിരൺ തന്നെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ഇന്നലെ സ്വപ്ന ആരോപിച്ചതെങ്കിലും  മണിക്കൂറിനുള്ളിൽ ഷാജ് കിരൺ ഇതെല്ലാം നിഷേധിച്ചു.

സ്വപ്നയുടെ ആരോപണങ്ങൾ ഏറ്റുപിടിച്ച പ്രതിപക്ഷ പാർട്ടികളും ഇതോടെ നാണക്കേടിലായി. ഷാജ് കിരൺ കോൺഗ്രസ് അനുഭാവിയാണെന്ന് കൂടി ഇടതു     സൈബർ പോരാളികൾകണ്ടെത്തി. സ്വപ്നയുമായി തനിക്ക് 60 ദിവസത്തെ പരിചയം മാത്രമേ ഉള്ളൂവെന്നാണ് ഷാജ് കിരൺ പറയുന്നത്.  മുഖ്യമന്ത്രിക്കെതിരെയുള്ള വെളിപ്പെടുത്തലിന്  പിന്നിൽ സ്വപ്നയുടെ അഭിഭാഷകൻ ക-ൃഷ്ണരാജാണെന്നും അദ്ദേഹം തറപ്പിച്ച് പറയുന്നു.

സ്വപ്നയെ താൻ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ പുറത്തുവിടാനും ഷാജ് കിരൺ വെല്ലുവിളിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിൽ മാധ്യമ പ്രവർത്തകനായിരുന്ന ഷാജ് കിരൺ കോൺഗ്രസ് അനുകൂല ചാനലായ ജയ്ഹിന്ദ് ടിവിയിലും പ്രവർത്തിച്ചിട്ടുണ്ട്. കുട്ടികളില്ലാത്ത തനിക്ക് സ്വപ്ന സുരേഷ് കുട്ടികളുണ്ടാകാൻ സഹായം വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് ഷാജ് കിരൺ അവകാശപ്പെടുന്നത്. കൃത്രിമ ഗർഭധാരണ മാർഗ്ഗത്തിനായി ഗർഭപാത്രം വാടകയ്ക്ക് നൽകാമെന്ന് സ്വപ്ന വാഗ്ദാനം നൽകിയിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. താൻ സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന പ്രസ്താവന വ്യാജമാണെന്നും ഷാജ് കിരൺ അവകാശപ്പെടുന്നു.

LatestDaily

Read Previous

ജമാ അത്ത് ഭാരവാഹികൾക്ക് വഖഫ് ഉദ്യോഗസ്ഥന്റെ അന്ത്യശാസനം

Read Next

വഴി മുടക്കുന്ന റെയിൽവേ