വഴി മുടക്കുന്ന റെയിൽവേ

ദേശീയപാതയിൽ സംസ്ഥാനത്ത് നിലവിലുള്ള ഏക റെയിൽവേ ക്രോസായ നീലേശ്വരം പള്ളിക്കര റെയിൽവേ ഗേയ്റ്റിന് മുകളിൽ മേൽപ്പാല നിർമ്മാണം തൊണ്ണൂറ് ശതമാനത്തിലധികം പൂർത്തിയായിക്കഴിഞ്ഞു. റെയിൽപ്പാളത്തിന് തൊട്ടുമുകളിൽ റെയിൽവേ അധീനതയിലുള്ള സ്ഥലത്തെ സ്പാനുകളുടെ നിർമ്മാണം പൂർത്തിയാക്കാതെ റെയിൽവേ വകുപ്പ് കടുത്ത അനാസ്ഥയാണ് ജില്ലയോട് കാണിക്കുന്നതെന്ന് പറയാതെ വയ്യ.

മുംബൈയ്ക്കും കൊച്ചിക്കുമിടയിൽ ദേശീയപാതയിൽ ആകെ നിലവിലുള്ള റെയിൽവേ ക്രോസാണ് നാലേശ്വരം പള്ളിക്കരയിലേത്. ജില്ലയുടെ സുഗമ സഞ്ചാരത്തിന് മുന്നിൽ വഴിമുടക്കിയായി നിന്ന നീലേശ്വരം റെയിൽവേ മേൽപ്പാലത്തിന് കുറുകെ മേൽപ്പാലം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നിരവധി നിവേദനങ്ങൾ നൽകിയിട്ടും റെയിൽവേ വകുപ്പ് ഗൗനിക്കാതെ വന്നതോടെ കാസർകോട് ലോക്സഭാ മണ്ഡലത്തിന്റെ മുൻ ഇടത് എംപി നടത്തിയ സത്യാഗ്രഹത്തിലൂടെയാണ് പള്ളിക്കര റെയിൽവേ മേൽപ്പാലത്തിന് അനുമതി ലഭിച്ചത്.

പള്ളിക്കര റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലെത്തി നിൽക്കുമ്പോഴും, റെയിൽവേ തങ്ങളുടെ അധീനതയുള്ള റെയിൽപ്പാളത്തിന് മുകളിലെ സ്പാനുകൾ നിർമ്മിക്കാൻ അനുമതി നൽകിയില്ലെന്നത് അവഗണനയല്ലാതെ മറ്റൊന്നല്ല. മുഖ്യമന്ത്രി കത്തയച്ചിട്ടും, കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ തടസ്സവാദങ്ങളിൽത്തട്ടി മേൽപ്പാലം നോക്കുകുത്തിപോലെ നിലകൊള്ളുകയാണെന്നതാണ് നിലവിലെ യാഥാർത്ഥ്യം. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കാസർകോടിനോടുള്ള മനോഭാവത്തിന്റെ ഉദാഹരണം കൂടിയാണ് പള്ളിക്കര റെയിൽവേ മേൽപ്പാലം.

ജില്ലയുടെ തിരക്കിട്ടോടുന്ന ജീവിതത്തിൽ ശകുനം മുടക്കിയായി നിലകൊള്ളുന്ന നീലേശ്വരം പള്ളിക്കര റെയിൽവേ ഗേയ്റ്റ് റോഡ് യാത്രക്കാർക്ക് നൽകുന്ന ദുരിതം ചില്ലറയൊന്നുമല്ല. രാവിലെയും വൈകുന്നേരവും അടച്ചിട്ട റെയിൽവേ ഗേയ്റ്റിന് മുന്നിൽ കാവൽ നിന്ന് ജില്ലാ നിവാസികളുടെ ജീവിതത്തിന്റെ നല്ലകാലവും പാഴായിക്കൊണ്ടിരിക്കുകയാണ്.

അത്യാസന്ന നിലയിലുള്ള രോഗികളെയുംകൊണ്ട് മംഗളൂരു ഭാഗത്തേക്കും പരിയാരം മെഡിക്കൽ കോളേജിന്റെ ഭാഗത്തേക്കും പോകുന്ന ആംബുലൻസുകൾ അടച്ചിട്ട റെയിൽവേ ഗേയ്റ്റിന് മുന്നിൽ കാത്തുനിൽക്കുന്നത് പ്രാർത്ഥനയോടെയാണ്. പള്ളിക്കര റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമാകണമെങ്കിൽ പതിനൊന്ന് വൈദ്യുത തൂണുകൾ മാറ്റേണ്ടതുണ്ട്. ഇതിന് റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി വേണം. പാളത്തിന് മുകളിലുള്ള ഗാർഡറുകൾ സ്ഥാപിക്കേണ്ടതും റെയിൽവേയുടെ മേൽനോട്ടത്തിലാണ്. ഇതിന്റെ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്ന കാലത്തോളം പള്ളിക്കര റെയിൽവേ മേൽപ്പാലമെന്നത് വെറും സ്വപ്നവുമായിരിക്കും.

റെയിൽവേ മേൽപ്പാല നിർമ്മാണത്തിനുള്ള സാങ്കേതിക തടസ്സങ്ങൾ നീക്കിെയടുക്കാനുള്ള ബാധ്യത സംസ്ഥാന സർക്കാരിനുമുണ്ടെങ്കിലും, സർക്കാർ ഇക്കാര്യത്തിൽ വേണ്ടത്ര ശുഷ്കാന്തി കാണിക്കുന്നില്ലെന്ന് വേണം കരുതാൻ. റെയിൽവേ വകുപ്പ് കേന്ദ്ര സർക്കാരിന് കീഴിലായതിനാൽ ഇന്ദ്രപ്രസ്ഥത്തിലെ ഗോസായിമാർ കനിഞ്ഞാൽ മാത്രമേ പള്ളിക്കര റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമാകുകയുള്ളു. റെയിൽവേ ഉന്നതാധികാരികളുടെ മുന്നിൽ വിഷയമവതരിപ്പിച്ച് കാര്യം നേടിയെടുക്കാൻ റെയിൽവേ കമ്മിറ്റിയിൽ പ്രാതിനിധ്യമുള്ള കാസർകോടിന്റെ എംപിയും വേണ്ടത്ര പരിശ്രമിക്കുന്നില്ലെന്ന് ആരെങ്കിലും ആരോപിച്ചാൽ അവരെ കുറ്റം പറയാനും കഴിയില്ല.

കേന്ദ്ര ഭരണകക്ഷിയുടെ ജില്ലയിലെ നേതാക്കൻമാരെല്ലാം തന്നെ ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ പള്ളിക്കര റെയിൽവേ ഗേറ്റിലെ ഗതാഗതക്കുരുക്ക് നേരിട്ട് അനുഭവിച്ചവരായിരിക്കും. സംസ്ഥാന മുഖ്യമന്ത്രിയടക്കമുള്ളവരും റെയിൽവേ ഗേയ്റ്റിൽ പല തവണ കുടുങ്ങിയിട്ടുണ്ട്. അവർക്കാർക്കും തന്നെ കാസർകോടൻ ജനതയുടെ യാത്രാദുരിതം ബോധ്യമായിട്ടില്ലെങ്കിൽ കാസർകോട്ടുകാരുടെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാൻ. കേരളത്തിന്റെ വടക്കേയറ്റത്ത് ജീവിക്കുന്നവരും മനുഷ്യരാണെന്ന് ഇവരൊക്കെ എന്നാണ് തിരിച്ചറിയുക.

LatestDaily

Read Previous

സ്വപ്നയുടെ ബിരിയാണിച്ചെമ്പിന് പിന്നിൽ സംഘപരിവാർ നീക്കം

Read Next

ഐ എൻ എല്ലിൽ പ്രതിസന്ധി