ജമാ അത്ത് ഭാരവാഹികൾക്ക് വഖഫ് ഉദ്യോഗസ്ഥന്റെ അന്ത്യശാസനം

നീലേശ്വരം: നീലേശ്വരം തർബ്ബിയത്തുൽ ഇസ്ലാം സഭയ്ക്ക് മേൽ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഏർപ്പെടുത്തിയ വഖഫ് ബോർഡ് എക്സിക്യൂട്ടീവ് ഓഫീസറുമായി നിസ്സഹകരിക്കുന്ന ജമാ അത്ത് കമ്മിറ്റിക്ക് ഓഫീസറുടെ അന്ത്യശാസനം. 2022 ഏപ്രിൽ മാസത്തിൽ ചുമതലയേറ്റതു മുതൽ ഇന്നേവരെ വഖഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി യാതൊരു വിധത്തിലും സഹകരിക്കാത്ത ജമാ അത്ത് കമ്മിറ്റി ഭാരവാഹികൾക്ക് രേഖകൾ സമർപ്പിക്കാൻ ഒരവസരം കൂടി നൽകിയാണ് വഖഫ് ഓഫീസറുടെ അന്ത്യശാസനം.

നീലേശ്വരം തർബ്ബിയത്തുൽ ഇസ്ലാം സഭയുടെയും ജമാ അത്ത് കമ്മിറ്റിയുടെയും ദൈനംദിന ഭരണകാര്യങ്ങളിലടക്കം വഖഫ് ബോർഡ് എക്സിക്യൂട്ടീവ് ഓഫീസറുടെ മേൽനോട്ടം വേണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് 2022 ഏപ്രിൽ 29 ന് ടി.കെ. റഫീഖ് എന്ന വഖഫ് എക്സിക്യൂട്ടീവ് ഓഫീസർ പള്ളിക്കാര്യങ്ങളുടെ ചുമതലയേറ്റത്. യോഗങ്ങളിൽ വരെ വഖഫ് ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യം വേണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.

ഹൈക്കോടതി ഉത്തരവിനെ ധിക്കരിച്ച് ജമാ അത്ത് പ്രസിഡണ്ട് സി.കെ. അബ്ദുൾ ഖാദർ സിക്രട്ടറി ടി.കെ. സുബൈർ എന്നിവർ ഇന്നേവരെ ജമാ അത്ത് കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് ഓഫീസർക്ക്  രേഖകൾ സമർപ്പിക്കാത്ത സാഹചര്യത്തിലാണ് രേഖകൾ സമർപ്പിക്കാൻ ജൂൺ 13 തിങ്കളാഴ്ച വരെ അവസരം നൽകിയിരിക്കുന്നത്. പള്ളി നിർമ്മാണത്തിന്റെ കണക്കുകൾ, 5 വർഷത്തെ മിനുട്സ് ബുക്കുകൾ, രശീതികൾ, വൗച്ചർ, ബില്ലുകൾ, ബാങ്ക് പാസ്ബുക്കുകൾ എന്നിവയാണ് വഖഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹാജരാക്കാനാവശ്യപ്പെട്ടിരിക്കുന്നത്.

ജമാ അത്ത് കമ്മിറ്റി വാടകയ്ക്ക് നൽകുന്ന കടമുറികളുടെ വാടക പിരിച്ചെടുക്കുന്നവർ കടയുടമകൾക്ക് രശീതി നൽകുന്നില്ലെന്ന് വഖഫ് ഉദ്യോഗസ്ഥൻ കണ്ടെത്തിയിട്ടുണ്ട്. പള്ളി നിർമ്മാണത്തിന് പിരിച്ച നാലു കോടിയുടെ കണക്കുകളെക്കുറിച്ചും അവ്യക്തതയുണ്ട്. ഹൈവേ വികസനത്തിന്റെ ഭാഗമായി പൊളിച്ചുനീക്കിയ വസ്തുക്കൾ കൈമാറ്റം നടത്തിയതിന്റെ വിലയായി ലഭിച്ച 5 ലക്ഷം രൂപ ജമാ അത്ത് സിക്രട്ടറി കൈവശം വെച്ചിരിക്കുന്നതായും വഖഫ് ഓഫീസർ കണ്ടെത്തിയിട്ടുണ്ട്.

തർബ്ബിയത്തുൽ ഇസ്ലാം സഭയുടെ മേൽനോട്ടത്തിനായി വഖഫ് ഓഫീസറെ നിയമിച്ചതിനെതിരെ ജമാ അത്ത് ഭാരവാഹികൾ ഹൈക്കോടതിയിൽ സമർപ്പിച്ച റിവിഷൻ ഹർജിയും തള്ളിയിരുന്നു. കോടതിയുത്തരവ് പ്രകാരം നിയോഗിച്ച വഖഫ് ഉദ്യോഗസ്ഥനോട് സഹകരിക്കാത്ത ജമാ അത്ത് കമ്മിറ്റി തികഞ്ഞ കോടതിയലക്ഷ്യമാണ് കാണിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വഖഫ് ബോർഡ് ഓഫീസർ ആവശ്യപ്പെട്ട രേഖകളും കണക്കുകളും തിങ്കളാഴ്ച ഹാജരാക്കിയില്ലെങ്കിൽ ജമാ അത്ത് ഭാരവാഹികൾ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നാണ് സൂചന  വഖഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി സഹകരിക്കാത്ത ജമാ അത്ത് കമ്മിറ്റിക്കെതിരെ വഖഫ് ബോർഡിനും ഹൈക്കോടതിക്കും റിപ്പോർട്ട് സമർപ്പിക്കുകയായിരിക്കും അടുത്ത നടപടി.

LatestDaily

Read Previous

ടിപ്പർ ലോറി കത്തിച്ചു

Read Next

സ്വപ്നയുടെ ബിരിയാണിച്ചെമ്പിന് പിന്നിൽ സംഘപരിവാർ നീക്കം