മെട്രോ അനുസ്മരണ സംഗമത്തിൽ മണ്ഡലം ലീഗ് നേതാക്കളെ അവഗണിച്ചതിലും പ്രതിഷേധം

കാഞ്ഞങ്ങാട്: മുസ്്ലീം ലീഗ് നിയന്ത്രണത്തിലുള്ള ന്യൂന പക്ഷ വിദ്യാഭ്യാസ സമിതി 13-ന് തിങ്കളാഴ്ച കാഞ്ഞങ്ങാട്ട് നടോത്താൻ തീരുമാനിക്കുകയും, എതിർപ്പുകളെത്തുടർന്ന് മാറ്റിവെക്കുകയും, ചെയ്ത മെട്രോ മുഹമ്മദ് ഹാജി അനുസ്മരണ സംഗമത്തിൽ മണ്ഡലം ലീഗ് നേതാക്കളെ അവഗണിച്ചതായി പരാതി. പ്രവാചക നിന്ദ വിഷയത്തിൽ കേന്ദ്ര സർക്കാറിനും ബിജെപിക്കുമെതിരെ പ്രതിഷേധം കത്തി നിൽക്കുന്ന സാഹചര്യത്തിൽ ബിജെപി നേതാവിനെ പരിപാടിയിൽ ഉൾപ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന് വന്നിരുന്നു.

ലീഗണികൾക്കിടയിലും സാമൂഹ്യ  മാധ്യമങ്ങളിലും ബിജെപി നേതാവിനെ പരിപാടിയിൽ ഉൾപ്പെടുത്തിയതിനെതിരെ വലിയ തോതിൽ പ്രതിഷേധമുയർന്നിട്ടും, ബിജെപി നേതാവിനെ ഒഴിവാക്കിയില്ലെങ്കിൽ സംഗമ സ്ഥലത്ത് പ്രതിഷേധമുയരാനിടയുണ്ടെന്ന വിവരത്തെത്തുടർന്നാണ് സംഗമം മാറ്റി വെക്കാൻ ന്യൂന പക്ഷ വിദ്യാഭ്യാസ സമിതി നിർബന്ധിതമായത്. അതേസമയം സംഗമം നടക്കുന്ന കാഞ്ഞങ്ങാട്ടെ മുസ്്ലീം ലീഗ് മണ്ഡലം നേതാക്കളെ പരിപാടിയിൽ ഉൾപ്പെടുത്താത്തതും പ്രതിഷേധത്തിന് ആക്കം കൂട്ടി.

ബിജെപിയുൾപ്പെടെ വിവിധ സംഘടനാ നേതാക്കൾക്ക് സംഗമ പരിപാടിയിൽ പ്രാതിനിധ്യം നൽകിയപ്പോൾ  കാഞ്ഞങ്ങാട് മണ്ഡലം മുസ്്ലീം ലീഗ് ഭാരവാഹികളിൽപ്പെട്ട ആരേയും  പരിപാടിയിൽ ഉൾപ്പെടുത്തിയില്ല. മണ്ഡലം പ്രസിഡണ്ട് എം.പി, ജാഫറും ജനറൽ സിക്രട്ടറി ബഷീർ വെള്ളിക്കോത്തുമാണ്. പ്രഭാഷകൻ കൂടിയായ ബഷീർ വെള്ളിക്കോത്തിനെ പരിപാടിയിൽ ഉൾപ്പെടുത്താത്തത് പ്രതിഷേധം  കടുപ്പിക്കാൻ കാരണമായി. അതേസമയം മുസ്്ലീം ലീഗ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ മെട്രോ മുഹമ്മദ് ഹാജിയുടെ ചരമ വാർഷികദിനമായ വെള്ളിയാഴ്ച അനുസ്മരണ യോഗം സംഘടിപ്പിച്ചു.

LatestDaily

Read Previous

പ്രകൃതിവിരുദ്ധ പീഡനം: പടന്നക്കാട്ടെ ഖത്തീബ് അറസ്റ്റിൽ

Read Next

ടിപ്പർ ലോറി കത്തിച്ചു