ഫ്രൈഡേ കൾച്ചറൽ സെന്ററിന് ദേശീയപാത നൽകിയ 10 ലക്ഷം പ്രസിഡണ്ട് സ്വന്തമാക്കി

കാഞ്ഞങ്ങാട് : ഇന്ത്യൻ യൂണിയൻ  മുസ്ലീം  ലീഗിന്റെ പോഷക സംഘടനയായി കാഞ്ഞങ്ങാട്ട് ആരംഭിച്ച ഫ്രൈഡേ കൾച്ചറൽ സെന്ററിന് ദേശീയപാത അതോറിറ്റിയിൽ നിന്ന് ലഭിച്ച 19 ലക്ഷം രൂപ നഷ്ട പരിഹാരത്തുകയിൽ പത്തുലക്ഷം രൂപ പ്രസിഡണ്ട് സ്വന്തമാക്കി. ദേശീയ പാതയിൽ ആറങ്ങാടി ജംഗ്ഷനിൽ ഫ്രൈഡേ കൾച്ചറൽ സെന്ററിന്റെ ഓഫീസ് നിലനിന്നിരുന്ന പഴയ ലീഗ് ഓഫീസ് കെട്ടിടവും, രണ്ട് സെന്റിൽ താഴെ വരുന്ന ഭൂമിയും ദേശീയപാത വികസനത്തിന് വിട്ടുകൊടുത്ത വകയിൽ മൊത്തം 19 ലക്ഷം രൂപയാണ് ഈ സ്ഥലത്തിന്റെ ആധാരം കൈയ്യിലുണ്ടായിരുന്ന ഫ്രൈഡേ കൾച്ചറൽ സെന്റർ എന്ന സംഘടനയ്ക്ക് ലഭിച്ചത്.

2 വർഷം മുമ്പ് ലഭിച്ച ഈ പണം സംഘടനയുടെ പ്രസിഡണ്ടായ കാഞ്ഞങ്ങാട് ടൗണിലെ മലഞ്ചരക്ക് വ്യാപാരി  സി. അബ്ദുല്ലാ ഹാജിയുടെ കൈകളിൽ എത്തിയ കാര്യം ഫ്രൈഡേയുടെ ജനറൽ സെക്രട്ടറിയും ട്രഷറർ, അടക്കമുള്ള ഇതരഭാരവാഹികളിൽ നിന്ന് ഒന്നര വർഷത്തോളം മറച്ചുവെക്കുകയായിരുന്നു.

ഇപ്പോൾ ദേശീയപാത നിർമ്മാണത്തോടനുബന്ധിച്ച് ഫ്രൈഡേ കൾച്ചറൽ സെന്ററിന്റെ ആറങ്ങാടി ജംഗ്ഷനിൽ റോഡിന് പടിഞ്ഞാറുഭാഗത്തുണ്ടായിരുന്ന ഇരുനിലകെട്ടിടം  പാത നിർമ്മാണത്തിന് ഇടിച്ചുനിരത്തിയപ്പോഴാണ് ഈ സ്ഥലം ദേശീയ പാതയ്ക്ക് വിട്ടുകൊടുത്ത സംഭവം മുസ്ലീം ലീഗ് പ്രവർത്തകരും ഫ്രൈഡേ കൾച്ചറൽ സെന്റർ അംഗങ്ങളും ഭാരവാഹികളും അറിയുന്നത്. അന്വേഷണത്തിൽ 19 ലക്ഷം രൂപ സംഘടനയുടെ പ്രസിഡണ്ടായ സി. അബ്ദുല്ലാഹാജി പാത അധികൃതരിൽ നിന്ന് നേരത്തെ കൈപ്പറ്റിയതായി ഹാജി തന്നെ സമ്മതിക്കുകയും ചെയ്തു.

ഈ പണത്തിൽ ഫ്രൈഡേയുടെ ജനറൽ സിക്രട്ടറി  മജീദ് കുളിയങ്കാൽ 3.5 ലക്ഷം രൂപയും, ഖജാൻജിയായ ആറങ്ങാടിയിലെ എട്ടരക്കാരത്ത് മുഹമ്മദ് 4.5 ലക്ഷം രൂപയും ശേഷിച്ച 11 ലക്ഷം രൂപ പ്രസിഡണ്ട് സി.അബ്ദുല്ലാഹാജിയും പങ്കുവെച്ചതായി പുറത്തുവന്നു. സാംസ്കാരിക സംഘടയുടെ ഭൂമി വിറ്റുകിട്ടിയ 19 ലക്ഷം രൂപ മൂന്ന് ഭാരവാഹികൾ ആരുമറിയാതെ ഒന്നര വർഷം കയ്യിൽ വെച്ച സംഭവം നാട്ടിൽ പാട്ടായപ്പോൾ, മുസ്ലീംലീഗ് മധ്യസ്ഥന്മാർ പ്രശനത്തിലിടപെടുകയും ആറങ്ങാടിയിൽ ലീഗ് ഓഫീസിന് കെട്ടിടം പണിയാൻ ഭൂമി വാങ്ങുമ്പോൾ, പ്രസിഡണ്ടിന്റെ കയ്യിലടക്കമുള്ള 19 ലക്ഷം രൂപ ഭൂമിക്ക് നൽകാമെന്ന് ധാരണയാവുകയും ചെയ്തിരുന്നു.

ലീഗ് ഓഫീസിന് ആറങ്ങാടി മദ്രസ കെട്ടിടത്തിനടുത്ത്  ഇപ്പോൾ പുതുതായി ഭൂമി കണ്ടെത്തുകയും ഈ ഭൂമിക്ക് 4.5 ലക്ഷം രൂപ മുൻകൂർ പണം നൽകുകയും ചെയ്തു. മുൻകൂർ പണത്തിൽ ജനറൽ സിക്രട്ടറി മജീദ് കൂളിയങ്കാൽ 3 ലക്ഷം രൂപയും പ്രവാസി, മുഹമ്മദ് എട്ടരക്കാരൻ ഒന്നര ലക്ഷം രൂപയുമടക്കം 4.5 ലക്ഷം രൂപ മുൻകൂർ കൊടുത്തതായാണ് വിവരം.

മുസ്ലീം ലീഗ് ഓഫീസ് പണിയാൻ പുതുതായി വാങ്ങിയ ഭൂമി രജിസ്റ്റർ ചെയ്യുമ്പോൾ 9 ലക്ഷത്തിൽ ബാക്കിയുള്ള ഭൂമി വില 4.5 ലക്ഷം കൊടുക്കാമെന്നും ധാരണയായിട്ടുണ്ടെങ്കിലും ആകെ കിട്ടിയ 19 ലക്ഷം രൂപയിൽ 9 ലക്ഷം ഭൂമിക്ക് ചിലവിട്ടാലും ശേഷിച്ച 10 ലക്ഷം രൂപ പ്രസിഡണ്ട് സി. അബ്ദുല്ലാ ഹാജിയുടെ കൈവശമുണ്ടെന്നാണ് ഫ്രൈഡേ കൾച്ചറൽ സെന്റർ അംഗങ്ങളുടെ ആരോപണം. ആറങ്ങാടിയിൽ ആദ്യകാല മുസ്ലീം ലീഗ് ഓഫീസായി പ്രവർത്തിച്ചിരുന്ന കെട്ടിടം തന്നെയാണ് പിന്നീട് ഫ്രൈഡേ കൾച്ചറൽ സെന്റർ ആയി പ്രവർത്തിച്ചത്.   

LatestDaily

Read Previous

പ്രണയ വിവാഹിതരായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Read Next

പ്രകൃതിവിരുദ്ധ പീഡനം: പടന്നക്കാട്ടെ ഖത്തീബ് അറസ്റ്റിൽ