ജെഡിഎസ് ലയനം എൽജെഡി പ്രഖ്യാപിച്ചു

കാഞ്ഞങ്ങാട് : മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള  ജനതാ ദൾ എസ്സിൽ. (ജെഡിഎസ്) ലയിക്കാൻ എം.വി. ശ്രേയാംസ്കുമാർ നയിക്കുന്ന ലോക്താന്ത്രിക് ജനതാദൾ(എൽജെഡി), തീരുമാനിച്ചു. കോഴിക്കോട്ട് കഴിഞ്ഞ ദിവസം ചേർന്ന എൽജെഡി സംസ്ഥാന സിക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റി യോഗവുമാണ് ലയന തീരുമാനം പ്രഖ്യാപിച്ചത്. പാർട്ടി ദേശീയ നേതൃത്വം ആർജെഡിയിൽ ലയിച്ചപ്പോൾ, വിട്ടുനിന്ന സംസ്ഥാന നേതൃത്വം ഏതെങ്കിലുമൊരു സോഷ്യലിസ്റ്റ് പാർട്ടിയിൽ ലയിക്കാൻ തീരുമാനിച്ച് എൽജെഡി-ജെഡിഎസ്സുമായി ചർച്ച  നടത്തിവരികയായിരുന്നു.

ഇതനുസരിച്ച് ജെഡിഎസ്സിൽ ലയിക്കാൻ എൽജെഡി അന്തിമമായി തീരുമാനിക്കുകയായിരുന്നുവെന്ന് എൽജെഡി സംസ്ഥാന പ്രസിഡണ്ട് എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു. ഭാരവാഹി സ്ഥാനമടക്കം എല്ലാ വിഷയത്തിലും ധാരണയിലെത്തിയതായും ശ്രേയംസ്കുമാർ കൂട്ടിച്ചേർത്തു. ഒരു ഘട്ടത്തിൽ ലയനം തന്നെ വഴിമുട്ടിയെങ്കിലും, എൽജെഡി വിട്ടുവീഴ്ചയ്ക്ക് തയ്യാറായതോടെയാണ് ലയനത്തിന് വഴിയൊരുങ്ങിയത്.

പ്രസിഡണ്ടായി ജെഡിഎസ്സിന്റെ നിലവിൽ പ്രസിഡണ്ട് മാത്യു ടി. തോമസ് തുടരാനും സീനിയർ വൈസ് പ്രസിഡണ്ട്, സംസ്ഥാന സിക്രട്ടറി ജനറൽ പദവികൾ എൽജെഡിക്ക് നൽകാനും നിലവിൽ എൽജെഡി സംസ്ഥാന പ്രസിഡണ്ട് ശ്രേയാംസ്കുമാറിനെ ജെഡിഎസ്സിന്റെ ദേശീയ പദവിയിലേക്ക് ഉയർത്താനും ധാരണയായിട്ടുണ്ട്. നിലവിലുള്ള ജെഡിഎസ് സംസ്ഥാന സമിതി 72 എൽജെഡിയംഗങ്ങളെക്കൂടി ഉൾപ്പെടുത്തി 144 അംഗ സംസ്ഥാന സമിതി രൂപീകരിക്കും. ജില്ലാ പ്രസിഡണ്ടുമാരിൽ ഏഴെണ്ണവും സംസ്ഥാന ഭാരവാഹികളിൽ പത്തെണ്ണവും എൽജെഡിക്ക് ലഭിക്കും.

LatestDaily

Read Previous

നിയമത്തിൽ ലിംഗ അസമത്വം ചർച്ച ചെയ്യപ്പെടണം

Read Next

ഹജ്ജ് തീർത്ഥാടകർ വീണ്ടും പുണ്യ ഭൂമിയിലേക്ക്